ADVERTISEMENT

പാമ്പാടി  ( കോട്ടയം) ∙ വൈദികന്റെ വീട്ടിൽനിന്നു മോഷണം പോയ 48 പവൻ ആഭരണങ്ങളിൽ 21 പവനും വീടിനോടു ചേർന്ന ഇടവഴിയിൽനിന്നു കിട്ടി. മോഷ്ടാക്കളുടെ കയ്യിൽനിന്നു വീണുപോയതാണ് ഇതെന്നു കരുതുന്നു. തൃക്കോതമംഗലം സെന്റ് മേരീസ് ബത്‌ലഹം പള്ളി വികാരി കൂരോപ്പട പുളിമൂട് ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് ചൊവ്വാഴ്ച വൈകിട്ടു മോഷണം നടന്നത്. ഫാ. ജേക്കബും ഭാര്യ സാലിയും 4.15ന് പള്ളിയിൽപോയി 6.50നു തിരിച്ചെത്തി. ഇതിനിടെയായിരുന്നു മോഷണം. 80,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. 

 ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് വീട്ടുടമ ഫാ. ജേക്കബ് നൈനാനോടു വിവരങ്ങൾ ചോദിച്ചറിയുന്നു.
ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് വീട്ടുടമ ഫാ. ജേക്കബ് നൈനാനോടു വിവരങ്ങൾ ചോദിച്ചറിയുന്നു.

വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്നാണു മോഷ്ടാക്കൾ അകത്തു കയറിയത്. കട്ടിലിനടിയിൽ സൂക്ഷിച്ച താക്കോൽ എടുത്ത് അലമാര തുറന്നാണു പണവും ആഭരണങ്ങളും എടുത്തത്. ഫാ. ജേക്കബിന്റെ സഹോദരി അന്നമ്മ തോമസിന്റെ കുടുംബം അമേരിക്കയിലേക്കു പോകുമ്പോൾ ഏൽപിച്ചു പോയ 11 പവന്റെ സ്വർണമാല, ഫാ. ജേക്കബിന്റെ ഇളയ മകൻ ഷോണിന്റെ ഭാര്യ മോനിഷ അയർലൻഡിലേക്കു പോയപ്പോൾ ഏൽപിച്ച 12 വള, ഒരു പാദസരം, കൈച്ചെയിൻ എന്നിവയും നഷ്ടപ്പെട്ടതിൽ ഉൾപ്പെടുന്നു.

നഷ്ടപ്പെട്ട പണത്തിൽ 30,000 രൂപ വീതം കവറുകളിൽ രണ്ടിടത്തു സൂക്ഷിച്ചിരുന്നതാണ്. മറ്റൊരു ബാഗിൽ 20,000 രൂപയും ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ.ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് സ്ഥലത്തെത്തി. 

മോഷ്ടാക്കൾ വീടിനെപ്പറ്റി നല്ല ധാരണയുള്ളവർ 

വൈദികന്റെ വീട്ടിൽ മോഷണം നടത്തിയത് സ്ഥിരം മോഷ്ടാക്കളല്ലെന്ന നിഗമനത്തിൽ പൊലീസ്. വീടിനെയും വീട്ടുകാരെയും പറ്റി നല്ല ധാരണയുള്ളവരാണു കുറ്റവാളികളെന്നു പൊലീസ് സംശയിക്കുന്നു. മോഷണം നടത്തി പരിചയമുള്ള സംഘമാണെങ്കിൽ താഴെ വീണുപോകാത്ത തരത്തിൽ ആഭരണങ്ങൾ കൊണ്ടു പോകുമായിരുന്നുവെന്നാണു കണക്കുകൂട്ടൽ. 

ഫാ. ജേക്കബ് നൈനാൻ സന്ധ്യാപ്രാർഥനയ്ക്കു ഭാര്യയ്ക്കൊപ്പം പള്ളിയിലേക്കു പോകുമ്പോൾ വീടു പൂട്ടി താക്കോൽ സമീപത്തെ ബന്ധുവിനെ ഏൽപിച്ചിരുന്നു. ഇവരുടെ മൂത്തമകൻ ഷൈനോ വീടിനു മുന്നിൽ റോഡിന് എതിർവശത്ത് ഇൻഷുറൻസ് പോർട്ടൽ ഓഫിസ് നടത്തുന്നുണ്ട്. സമീപത്തെ വീട്ടിൽ ട്യൂഷനു പോയിരുന്ന മകനെ വിളിക്കാൻ ഷൈനോ ഓഫിസ് അടച്ചുപോയിരുന്നു. ഇങ്ങനെ വീട്ടിലും പരിസരത്തും ആരുമില്ലാത്ത സമയം കൃത്യമായി മനസ്സിലാക്കിയാണു മോഷണം നടന്നത്. 

അതേസമയം, സമീപത്തെ പാറമടയിൽ ജോലി ചെയ്തിരുന്ന രണ്ട് അതിഥിത്തൊഴിലാളികളെ ഇന്നലെ മുതൽ കാണാനില്ലെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മോഷണം നടന്ന വീട്ടിൽനിന്നു മണംപിടിച്ച പൊലീസ് നായ ‘ചേതക്’ സമീപത്തെ തൊടിയിലൂടെ നടന്ന് ഇടവഴിയിലൂടെ പാമ്പാടി – കൂരോപ്പട റോഡിലേക്ക് ഇറങ്ങി. ഈ ഇടവഴിയിലായിരുന്നു ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വർണം കിടന്നിരുന്നത്. തുടർന്നു പാമ്പാടി ദിശയിലേക്ക് 200 മീറ്ററോളം ഓടി. ഇവിടെ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ഷെഡിനു മുന്നിലെത്തി കുരച്ചുനിന്നു. 

മോഷണത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കും. ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. സമീപത്തു താമസിക്കുന്ന അതിഥിത്തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

സന്ധ്യാപ്രാർഥന കഴിഞ്ഞു മടങ്ങിയെത്തി കാർ മുറ്റത്തു നിർത്തി. അയലത്തെ ബന്ധുവിന്റെ വീട്ടിൽനിന്നു താക്കോൽ വാങ്ങി വീടു തുറക്കാൻ ഒരുങ്ങുമ്പോഴാണ് അടുക്കള ഭാഗം തുറന്നു കിടക്കുന്നതായി കണ്ടത്. പൂട്ടിപ്പോയ വീട് തുറന്നു കിടക്കുന്നതു കണ്ടപ്പോൾ ആദ്യം പതറി. അകത്തേക്കു കയറല്ലേ, മോഷ്ടാക്കൾ അകത്തുണ്ടെങ്കിൽ ആക്രമിക്കാൻ സാധ്യതയുണ്ടെന്നു ഭാര്യ എന്നോടു പറഞ്ഞു. അകത്തു കയറിയപ്പോൾ മുറിയിലെ സാധനങ്ങളെല്ലാം വലിച്ചിട്ടതായി കണ്ടു. വീട്ടിനുള്ളിൽ മുളകുപൊടി വിതറിയിരുന്നു. അലമാര തുറന്നു കിടക്കുന്നതായും കണ്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com