പേവിഷബാധ: ആശുപത്രിയിൽ നിന്ന് കടന്നയാളെ പിടികൂടി

SHARE

കോട്ടയം ∙ പേവിഷബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രി നിന്നു കടന്നു കളഞ്ഞ അസം സ്വദേശിയായ യുവാവിനെ കുടമാളൂരിൽ നിന്നു പിടികൂടി. അസം സ്വദേശിയായ ജീവൻ ബറാന(39) ആണ് ഇന്നലെ രാത്രി 12.30ന് ആശുപത്രിയിൽ നിന്നു കടന്നുകളഞ്ഞത്. ഇന്നലെ രാവിലെ 6.30നാണ് പിടികൂടിയത്. കുടമാളൂരിലെ ഒരു വീടിന്റെ പരിസരത്ത് ഒളിച്ചിരുന്ന ഇയാളെ പൊലീസ് പട്രോളിങ്ങിനിടെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ അതിസാഹസികമായി പിടികൂടുകയായിരുന്നു.

പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലെ സാംക്രമിക രോഗ വിഭാഗത്തിലേക്ക് മാറ്റി. വാക്സീൻ നൽകിയതായും ആശുപത്രി അധികൃതർ പറഞ്ഞു. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജീവനെ വിദഗ്ധ ചികിത്സയ്ക്കായാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം രാത്രി 10ന് ഇയാൾക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. തുടർന്ന് സാംക്രമിക രോഗ വിഭാഗത്തിലേക്ക് മാറ്റി. കുറച്ചുനേരം നിരീക്ഷണത്തിൽ കഴിയാൻ  നിർദേശിച്ചു.

എന്നാൽ ഇയാൾ കടന്നു കളയുകയായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഫോൺ ഓഫ് ചെയ്ത് ആശുപത്രിയിൽ നിന്നു കടന്നു. അധികൃതർ അറിയിച്ചതിനെത്തുടർന്ന് ഇവിടെയെത്തിയ വൻ പൊലീസ് സംഘം ആശുപത്രി പരിസരം മുഴുവൻ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ജില്ലാ പൊലീസ് മേധാവി മറ്റു സ്റ്റേഷനുകളിൽ ജാഗ്രതാ നിർദേശം നൽകി. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ ഇന്നലെ ഉച്ചയോടെ കണ്ടെത്തി.

ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ജീവനെ പ്രവേശിപ്പിച്ചിരിക്കുന്ന 24–ാം വാർഡിൽ സെക്യൂരിറ്റിയെ ഏർപ്പെടുത്തിയിട്ടുണ്ട്.  കൺട്രോൾ റൂം എസ്ഐ ടി.കെ.അനിൽകുമാർ, വെസ്റ്റ് എസ്ഐ സി.സുരേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ് സമീർ, വിജേഷ്കുമാർ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. പാലാ ഡിവൈഎസ്പി ഗിരീഷ്.പി.സാരഥിയുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ നടത്തിയത്.

ഓർമയിൽ ചില സംഭവങ്ങൾ

കോട്ടയം നഗരത്തെ വിറപ്പിച്ച പേ വിഷബാധയേറ്റ രോഗിയെ ആശുപത്രിയിലാക്കിയ സംഭവം 1973 നവംബർ 22നായിരുന്നു. ചെങ്ങന്നൂർ സ്വദേശിയായ മധ്യവയസ്കനെ പേവിഷബാധ ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇയാളുടെ നിർബന്ധം കാരണം വീട്ടിൽ പോകാൻ അനുവദിച്ചു. കാറിൽ ചെങ്ങന്നൂരിലേക്കു മടങ്ങിയ ഇയാൾ സെൻട്രൽ ജംക്‌ഷനിൽ എത്തിയപ്പോൾ അപകടകാരിയായി ഡ്രൈവറെ ആക്രമിച്ചു. തുടർന്ന് കാർ പൂട്ടി എല്ലാവരും പുറത്തിറങ്ങി. 

അന്നത്തെ ഡിവൈഎസ്പി സി.ടി.ആന്റണിയാണ് ധൈര്യപൂർവം ഇയാളെ കീഴ്പ്പെടുത്തി കാറിന് പുറത്ത് എത്തിച്ചത്. തുടർന്ന് അന്നത്തെ പൊലീസ് സൂപ്രണ്ട് ടി.എസ്.വെങ്കിടാചലത്തിന്റെ കൂടി നേതൃത്വത്തിൽ ലോറിയിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. 1985ൽ കോട്ടയം ജനറൽ ആശുപത്രിയിൽ നിന്ന് പേവിഷബാധയേറ്റ ശേഷം ഗുരുതരാവസ്ഥയിലായ രോഗി പുറത്തു ചാടിയതും ആശങ്ക പരത്തിയതായി പഴമക്കാർ ഓർമിക്കുന്നു. ആശുപത്രി ജീവനക്കാരാണ് അന്നു രോഗിയെ പിടിച്ചു കെട്ടിയത്.

പേ വിഷബാധ: രോഗിയെ ഭയക്കേണ്ട

പേവിഷ: രോഗത്തെ ഭയക്കണം, എന്നാൽ പേവിഷബാധ സ്ഥിരീകരിച്ച രോഗിയെ ഭയക്കേണ്ടതില്ലെന്നു സാംക്രമിക രോഗ വിഭാഗം പ്രഫസർ ഇമെരിറ്റസ് ഡോ. ആർ. സജിത്ത് കുമാർ പറഞ്ഞു. ഒരാളിൽ നിന്നു മറ്റൊരാളിലേക്കു പേ വിഷം ബാധിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. മെഡിക്കൽ കോളജിലെ സാംക്രമികരോഗ വിഭാഗത്തിൽ മറ്റു രോഗികളെ പോലെ തന്നെയാണ് പേ വിഷബാധ ഏറ്റ രോഗിയെയും പരിചരിക്കുന്നത്. ഇവരെ സെല്ലിൽ പൂട്ടിയിടേണ്ട കാര്യമില്ല. 

പേ വിഷബാധ മൂർഛിച്ചാൽ വെളിച്ചം കടക്കാത്ത മുറിയിലാണ് കിടത്തുന്നത്. രോഗം മൂർച്ഛിച്ച സമയത്തുപോലും മറ്റുള്ളവരെ ആക്രമിക്കാറില്ല. അക്രമാസക്തനായി പെരുമാറുകയുമില്ല. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ പരമാവധി 4 ദിവസത്തിനുള്ളിൽ മരിക്കും.  7 ദിവസം വരെ ജീവനോടെ ഇരുന്ന കേസുകളും ഉണ്ട്. ഇവരുടെ വായിലെ സ്രവം മറ്റുള്ളവരുടെ ശരീരത്തിൽ പറ്റിയാൽ പോലും രോഗം പകരില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA