ADVERTISEMENT

കോട്ടയം ∙ ‘കളഞ്ഞുപോയ ജീവിതം’ തിരിച്ചേൽപിച്ച ബേബിയെ കാണാൻ പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ഭാര്യയ്ക്കും മകനുമൊപ്പം എത്തി. നിറഞ്ഞ ചിരിയുമായി ബേബി അവരെ സ്വീകരിച്ചു. മൂന്നര പതിറ്റാണ്ടു മുൻപ് ഉപരിപഠനത്തിനു വേണ്ടി വിദേശത്തേക്കു പോകാനായി കോട്ടയത്തു നിന്നു പുറപ്പെടുന്നതിനിടെ നഷ്ടപ്പെട്ട പാസ്പോർട്ട് ജോസ് ചാക്കോ പെരിയപ്പുറത്തിനു തിരികെ നൽകിയത് അന്നു റെയിൽവേ സ്റ്റേഷനിൽ ടാക്സി ഓടിച്ചിരുന്ന തൃക്കോതമംഗലം കിഴക്കേച്ചിറയിൽ വീട്ടിൽ കെ.കെ.തോമസ് (ബേബി–81) ആണ്.

കോട്ടയത്തു നിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പാസ്പോർട്ട് നഷ്ടപ്പെട്ട കഥ മലയാള മനോരമയുടെ ‘ഞായറാഴ്ച’യിൽ ‘ഹൃദയം തൊട്ട്’ പംക്തിയിൽ ‘കളഞ്ഞുപോയ ജീവിതം’ എന്ന തലക്കെട്ടിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറം എഴുതിയിരുന്നു. നന്ദി പറയുന്നതിനു മുൻപു ബേബി പോയെന്നും പിന്നീടൊരിക്കലും കാണാൻ സാധിച്ചിട്ടില്ലെന്നും ഡോക്ടർ എഴുതി. ഇതു വായിച്ച കോട്ടയം മറിയപ്പള്ളി സ്വദേശി ഭാസിയാണു ബേബിയെ തിരിച്ചറിഞ്ഞത്. ഭാസിയും അന്ന് കോട്ടയത്തു ടാക്സി ഓടിച്ചിരുന്നു.

പാസ്പോർട്ട് വിറ്റാൽ 25,000 രൂപ വരെ കിട്ടുന്ന 1985 കാലഘട്ടത്തിലാണ് ബേബി അതു തിരിച്ചുനൽകിയത്. കംപ്യൂട്ടറുകളും ഓൺലൈൻ പരിപാടികളും ഇല്ലാതിരുന്ന അക്കാലത്ത് പാസ്പോർട്ടിലെ ഫോട്ടോ മാറ്റിയൊട്ടിച്ചാൽ സ്വന്തം പാസ്പോർട്ടാക്കി മാറ്റാമായിരുന്നു. പാസ്പോർട്ട് തിരിച്ചു നൽകിയതിനെക്കുറിച്ചു ബേബിയുടെ മറുപടി ഇങ്ങനെ: ‘കട്ടിയുള്ള ഒരു ബുക്ക് വണ്ടിയിൽ നിന്നു കിട്ടി. അന്നു പാസ്പോർട്ട് എന്താണ് എന്നൊന്നും അറിയില്ലായിരുന്നു.

ബുക്ക് തിരിച്ചു കൊടുത്ത ശേഷം ഞാൻ വണ്ടിയോടിച്ചുപോയി.’50 വർഷത്തോളം കോട്ടയം റെയിൽവേ സ്റ്റേഷനിലും തിരുനക്കര ബസ് സ്റ്റാൻഡിലും ടാക്സി ഓടിച്ച ബേബി 3 വർഷം മുൻപാണ് വിശ്രമജീവിതത്തിലേക്കു കടന്നത്. ഭാര്യ ഏലിയാമ്മയ്ക്കും മകളുടെ മകൾ എയ്ഞ്ചലിനുമൊപ്പമാണു താമസം. ഭാര്യ ജെയ്മി, മകൻ ജോൺ എന്നിവർക്കൊപ്പമെത്തിയ ‍‍ഡോ. ജോസ് ചാക്കോ കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടാണു മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com