ADVERTISEMENT

കോട്ടയം ∙ ഒന്നര വർഷത്തിനിടെ എംസി റോഡിൽ ചിങ്ങവനത്ത് അപകടങ്ങളിൽ പൊലിഞ്ഞത് 13 ജീവനുകൾ. പരുക്കേറ്റു കിടപ്പുരോഗികളായി 250 പേർ ആശുപത്രികളിലും കട്ടിലിലുമായി ജീവിതം തള്ളിനീക്കുന്നു. യാത്രക്കാരുടെ അശ്രദ്ധയെക്കാളും അധികാരികളുടെ അലംഭാവമാണ് റോഡിനെ കൊലക്കളമാക്കുന്നത്. ഗോമതിക്കവല മുതൽ പുത്തൻപാലം വരെ അരക്കിലോമീറ്റർ ഭാഗമാണ് അപകടം പതിയിരിക്കുന്ന ബ്ലാക് സ്പോട്ടായി മാറുന്നത്.

അപകടങ്ങൾ പതിവായ ചിങ്ങവനം ഗോമതിക്കവലയിലെ മീഡിയൻ. മുന്നറിയിപ്പു ബോർഡുകൾ ഇല്ലാത്തതിനാൽ മീഡിയനിൽ ഇടിച്ചുള്ള അപകടങ്ങൾ പതിവാണ്.

ടൗണിലെ അടിക്കടിയുള്ള ഗതാഗതക്കുരുക്ക് മൂലം സമീപത്തെ വ്യാപാരികളും ഓട്ടോ തൊഴിലാളികളും ദുരിതത്തിലാണ്. കെഎസ്ടിപി നിർമിച്ച റോഡ് ദേശീയപാത അതോറ്റി ഇപ്പോൾ ഏറ്റെടുത്തു. റോഡ് കടന്നുകിട്ടാൻ യാത്രക്കാർ വലിയ കടമ്പ കടക്കേണ്ടിവരുന്നു.പല രാത്രികളിലും സമീപവാസികൾ വാഹനങ്ങളുടെ ഭീകരമായ കൂട്ടിയിടി ശബ്ദങ്ങൾ കേട്ട് ഞെട്ടി ഉണരുന്നു.

ഗോമതിക്കവല

∙ നിർമാണത്തിലെ അപാകത കൊണ്ട് പലരുടെയും ജീവനെടുത്ത ഇടമാണ് ഇത്. കോട്ടയം, പന്നിമറ്റം, ചിങ്ങവനം ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾ വന്നുകയറുന്നത് വഴിയുടെ വലിയ ഭാഗം അപഹരിച്ചിരിക്കുന്ന മീഡിയനിലേക്കാണ്. രാത്രി ഈ മീഡിയൻ തന്നെ യാത്രക്കാരുടെ ജീവനെടുക്കുന്ന കൊലയാളിയായി മാറും. കാരണം മീഡിയനിൽ റിഫ്ലക്ടറുകളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ല. വഴിവിളക്കുകൾ പോലും ഇല്ല. ചിങ്ങവനം, കോട്ടയം ഭാ‍‍ഗത്തു നിന്ന് വേ‍ഗത്തിലെത്തുന്ന വാഹനങ്ങൾ റോഡിനു നടുവിലെ ചതി തിരിച്ചറിയാതെ അപകടത്തിൽപെടും. അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ മീഡിയനിൽ ഇടിച്ചു മലക്കംമറിയും. സിഗ്നൽ ലൈറ്റുകൾ മിഴികളടച്ചിട്ട് കാലങ്ങളായി.

ചിങ്ങവനം ടൗൺ

∙ 4 റോഡുകളിൽ നിന്നു വാഹനങ്ങൾ, വഴി കടക്കാനായി കാത്തുനിൽക്കുന്ന കാൽനട യാത്രക്കാർ, രൂക്ഷമായ ഗതാഗതക്കുരുക്കും. എംസി റോഡിലെ ഏറ്റവും തിരക്കേറിയ ഇവിടെ നിയന്ത്രിക്കാനുള്ളത് ഒരു ഹോം ഗാർഡ്. പലപ്പോഴും ചിങ്ങവനം ടൗൺ കടന്നു കിട്ടാൻ യാത്രക്കാർ കാത്തിരിക്കുന്നത് മണിക്കൂറോളം. ജംക്‌ഷനിൽ സിഗ്നൽ സംവിധാനം ഇല്ല. പനച്ചിക്കാട് ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ ഉൾപ്പെടെ എംസി റോഡിലേക്ക് പ്രവേശിക്കുമ്പോൾ ഉണ്ടാകുന്നത് വലിയ കുരുക്കാണ്. ചന്തകവലയിലെ ബവ്റിജസിലേക്ക് ആളുകൾ വാഹനങ്ങളിൽ എത്തുന്നതോടെ പരിസരം നിശ്ചലമാകും.

സെമിനാരിപ്പടി പുത്തൻപാലം

∙ ഈ പ്രദേശത്ത് കെഎസ്ടിപി അശാസ്ത്രീയമായിട്ടാണ് റോഡ് നിർമിച്ചതെന്നു പരാതിയുണ്ട്.   പൊതുമരാമത്ത് വകുപ്പ് ഇതു പരിഹരിക്കാൻ തയാറായിട്ടില്ല. വേഗനിയന്ത്രണ സംവിധാനങ്ങൾ ഇവിടെയില്ല. അപായ സൂചനാ ബോർഡുമില്ല. വളവുകളിൽ വേഗത്തിൽ വീശിയെടുക്കുന്ന വാഹനങ്ങൾ പലപ്പോഴും നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപെടുന്നതു പതിവാണ്.

പരിഹാരങ്ങൾ

∙ ഗോമതിക്കവലയിലെ ഡിവൈഡറിൽ സിഗ്‌നൽ,റിഫ്ലക്ടർ സംവിധാനം ഏർപ്പെടുത്തുക. മീഡിയന്റെ വീതി കുറയ്ക്കുക.
∙ സ്പീഡ് ബ്രേക്കറുകൾ ഘടിപ്പിക്കുക, ചിങ്ങവനം ടൗണിൽ സിഗ്നൽ സംവിധാനം അടിയന്തരമായി കൊണ്ടുവരിക.
∙ വഴി വിളക്കുകൾ തെളിയിക്കുക, സെമിനാരിപ്പടി പുത്തൻപാലം ഭാഗത്തെ അശാസ്ത്രീയമായ റോഡ് പരിഹരിക്കുക, 2 സ്കൂളുകളും ആരാ‍ധനാലയങ്ങളും പരിസരത്തുളള ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക.

∙ അപകടത്തിനിരയാകുന്നവരെ ആശുപത്രിയിൽ എത്തിക്കുവാൻ കാലതാമസം നേരിടുന്നു. ആംബുലൻസ് കിട്ടുന്നതിനുളള കാലതാമസം കാരണം പലപ്പോഴും പോലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിക്കുന്നത്. ഇത് അപകടത്തിൽപെട്ടയാളുടെ ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിച്ച പരുക്ക് ഗുരുതരമാകുന്നതിന് കാരണമാകാറുണ്ട്. അതിനാൽ ചങ്ങനാശേരിക്കും കോട്ടയത്തിനുമിടയിൽ 108 ആംബുലൻസിന്റെ പോട്ട് ചിങ്ങവനത്ത് അനുവദിക്കുക തുടങ്ങിയ പരിഹാര മാർഗങ്ങളിലൂടെ ചിങ്ങവനത്തെ അപകടമുക്തവും അഭിമാനകരവുമായ നഗരമായി മാറ്റിയെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com