ADVERTISEMENT

കോട്ടയം∙ ഏറ്റുമാനൂർ താലൂക്ക് നിർത്തലാക്കിയിട്ട് ഇന്ന് 100 വർഷമാകുന്നു. തിരുവിതാംകൂർ സംസ്‌ഥാനത്ത് കോട്ടയം ഡിവിഷനിൽപെട്ടതായിരുന്നു ഈ താലൂക്ക്.  പിറവം മണ്ഡപത്തുംവാതുക്കൽ (താലൂക്ക്) 1843ൽ നിർത്തിയപ്പോൾ അതിൽ ഉൾപ്പെട്ട കടുത്തുരുത്തി പ്രവൃത്തി ഏറ്റുമാനൂർ താലൂക്കിൽ ചേർത്തു. പിറവം താലൂക്ക് 1848ൽ പുനഃസ്‌ഥാപിച്ചപ്പോൾ കടുത്തുരുത്തി വീണ്ടും പിറവത്തിന്റെ ഭാഗമായി. 1860ൽ പിറവം വീണ്ടും നിർത്തി; കടുത്തുരുത്തി പിന്നെയും ഏറ്റുമാനൂരിന്റെ ഭാഗമായി.

ഏറ്റുമാനൂർ, കാണക്കാരി, മാഞ്ഞൂർ, ഓണംതുരുത്ത്, പെരുമ്പായിക്കാട്, കുടമാളൂർ, കൈപ്പുഴ, കടുത്തുരുത്തി, കിടങ്ങൂർ എന്നീ ഒൻപതു പകുതികളാണ് അന്നത്തെ ഏറ്റുമാനൂർ താലൂക്കിലുണ്ടായിരുന്നത്. മൂവാറ്റുപുഴ താലൂക്കിൽ നിന്ന് ഇലയ്‌ക്കാട് പകുതിയും 1917 ഓഗസ്റ്റ്17ന് (1093 ചിങ്ങം ഒന്ന്) ഏറ്റുമാനൂർ താലൂക്കിൽ ചേർത്തു. 

ഭരണച്ചെലവുചുരുക്കൽ പരിപാടിയുടെ ഭാഗമായി 1922 ഓഗസ്റ്റ് 17ന് (1098 ചിങ്ങം ഒന്ന്) ഏറ്റുമാനൂർ താലൂക്ക് നിർത്തലാക്കി. ഏറ്റുമാനൂർ, ഓണംതുരുത്ത്, പെരുമ്പായിക്കാട്, കുടമാളൂർ, കൈപ്പുഴ എന്നീ പകുതികൾ കോട്ടയം താലൂക്കിലും കാണക്കാരി, കിടങ്ങൂർ, ഇലയ്‌ക്കാട് എന്നീ പകുതികൾ മീനച്ചിൽ താലൂക്കിലും മാഞ്ഞൂർ, കടുത്തുരുത്തി എന്നീ പകുതികൾ വൈക്കം താലൂക്കിലും ചേർത്തു. 

പത്മനാഭപുരം ഡിവിഷൻ നിർത്തലാക്കി തിരുവനന്തപുരം ഡിവിഷനോടു ചേർത്തതും ഇരണിയൽ, ചെങ്ങന്നൂർ, ആലങ്ങാട് താലൂക്കുകൾ നിർത്തലാക്കി സമീപ താലൂക്കുകളിൽ ചേർത്തതും ഇതോടൊപ്പമാണ്. 1956ൽ കേരളപ്പിറവിയോടൊപ്പം ചെങ്ങന്നൂർ താലൂക്ക് പുനഃസ്‌ഥാപിച്ചു. എന്നാൽ ഏറ്റുമാനൂർ താലൂക്ക് പുനഃസ്ഥാപിക്കുമെന്നുള്ള വാഗ്ദാനം ഇതുവരെ നടപ്പായതുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com