ADVERTISEMENT

ചങ്ങനാശേരി ∙ പടയണിക്കാലം വിടപറഞ്ഞിട്ടും തിരക്കൊഴിയാതെ പടയണി ഗ്രാമം. നീലംപേരൂർ പൂരം പടയണി അവസാനിച്ചെങ്കിലും നാട്ടുകാരുടെ കരവിരുതിൽ തീർത്ത് ക്ഷേത്രസന്നിധിയിലേക്ക് എത്തിച്ച അന്നങ്ങളും കോലങ്ങളും കാണാനെത്തുന്ന സന്ദർശകരും പടയണി വിശേഷം പങ്കുവച്ച് ഒത്തുകൂടുന്ന ജനങ്ങളും ഇന്നലെയും നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പടയണിക്കളത്തെ സജീവമാക്കി.     നാടിന്റെ സുകൃതമായ വല്യന്നം ആൽത്തറയിൽ നിന്ന് ദേവീ സന്നിധിയിലേക്ക് എത്തിയ നയന മനോഹര ദൃശ്യങ്ങൾക്ക് 2 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നീലംപേരൂർ ഗ്രാമം. അത്യപൂർവമായ തിരക്കാണ് പൂരം പടയണി ദിവസം അനുഭവപ്പെട്ടത്. പ്രതീക്ഷിച്ചതിൽ ഒരു മണിക്കൂറോളം വൈകി ഇന്നലെ പുലർച്ചെ ഒന്നരയോടെ വല്യന്നം ക്ഷേത്രസന്നിധിയിൽ എത്തി മടങ്ങിയശേഷവും തിരക്കിനു  കുറവുണ്ടായില്ല.

ഓണത്തോടൊപ്പം അല്ലെങ്കിൽ അതിൽ ഒരു പടി മുകളിലാണ് ഓണപ്പിറ്റേന്ന് ചൂട്ട് വച്ച് പൂരം നാളിൽ അവസാനിക്കുന്ന പടയണിയെ നീലംപേരൂർ ഗ്രാമം കാണുന്നത്. നീലംപേരൂരിന്റെ ജീവിതത്തിന്റെ ഭാഗമാണ് പടയണി. ഓണപ്പിറ്റേന്ന് അവിട്ടം നാളിൽ ചൂട്ട് വച്ച് ആരംഭിക്കുന്നതു മുതൽ പൂരം പടയണിയെ എത്രമാത്രം മനോഹരമാക്കാം എന്നതു മാത്രമായിരുന്നു എല്ലാവരുടെയും ചിന്ത. ക്ഷേത്രത്തിനു സമീപമുള്ള താമരക്കുളത്തിൽ താമര നശിച്ചതോടെ അന്നങ്ങളുടെ നിറപ്പണികൾക്ക് കുമരകത്തു നിന്നാണ് ഇത്തവണ താമരയില എത്തിച്ചത്. ചെത്തിപ്പൂവിന് കുറവ് അനുഭവപ്പെടുമെന്ന സാഹചര്യത്തിൽ മറ്റു സ്ഥലങ്ങളെ ആശ്രയിച്ചു. ഇത്തരത്തിൽ ചില കാര്യങ്ങളിൽ അത്യധ്വാനം വേണ്ടി വന്നെങ്കിലും പ്രകൃതിയോടിണങ്ങിയും ചിട്ടവട്ടങ്ങളിൽ നിന്ന് അണുവിട വ്യതിചലിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചും നിൽക്കാൻ ഗ്രാമത്തെ പ്രേരിപ്പിക്കുന്നത് ഈ അനുഷ്ഠാനത്തോടുള്ള അകമഴിഞ്ഞ ആത്മബന്ധമാണ്.

പൂരം പടയണി ദിവസം രാവിലെ 6ന് അന്നങ്ങളുടെയും കോലങ്ങളുടെയും നിറപ്പണികൾക്കായി ക്ഷേത്രത്തിലേക്ക് എത്തിയവരിൽ പലരും ഇന്നലെ പുലർച്ചെയാണ് വീടുകളിലേക്ക് മടങ്ങിയത്. ഇതിനിടയിൽ കുറച്ചു സമയം മാത്രമാണ് വിശ്രമത്തിനു എടുത്തത്. എങ്കിലും തളർച്ച മറന്നുള്ള അധ്വാനത്തിന്റെ ഫലമായി പടയണിയെ കൂടുതൽ മനോഹരമാക്കാൻ സാധിച്ചല്ലോ എന്ന സന്തോഷമാണ് എല്ലാവർക്കും. അവധി ദിനം ആയിരുന്നതിനാൽ ഇന്നലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഒട്ടേറെ ആളുകൾ അന്നങ്ങളും കോലങ്ങളും കാണാൻ ക്ഷേത്രത്തിൽ എത്തി. അടുത്ത ദിവസങ്ങളിലും ഇവ ക്ഷേത്രപരിസരത്തു തന്നെ നിലനിർത്തും. ജനങ്ങൾക്ക് ഇവ കാണാൻ അവസരം ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com