ADVERTISEMENT

ചെമ്പ് ∙ മുറിഞ്ഞപുഴ പഴയ പാലം ‘കയറിയാൽ’ ചെമ്പിനു ലോക ടൂറിസം ഭൂപടത്തിൽ ഇടം കിട്ടും. ഇപ്പോൾ വാഹനങ്ങൾ ഓടുന്നില്ലാത്ത പഴയ പാലം ടൂറിസം ഐക്കണാക്കി മാറ്റി ചെമ്പിന്റെ മുഖമാക്കി മാറ്റണമെന്നാണു നിർദേശം. ഇതിനായി കോട്ടയം–എറണാകുളം ജില്ലാ അതിർത്തിയിലുള്ള മുറിഞ്ഞപുഴ പഴയപാലം പുനർ രൂപകൽപന നടത്തണം.

പ്രകൃതി മനോഹരമായ സ്ഥലത്തു സമയം ചെലവഴിക്കാൻ ഇപ്പോൾ വൈകുന്നേരങ്ങളിൽ ആളുകൾ എത്തുന്നുണ്ട്. 2011ൽ പുതിയ പാലം വന്നതോടെയാണു മുറിഞ്ഞപുഴ പഴയ പാലം ഉപയോഗമില്ലാതെയായത്. 1962ൽ തുറന്ന പാലത്തിലേക്കു നിലവിൽ വാഹനങ്ങൾക്കു കടക്കാൻ സാധിക്കില്ല.

എന്തുകൊണ്ട് പാലം ?

∙ താജ്മഹൽ, ഐഫൽ ടവർ, പെട്രോണസ് ടവർ തുടങ്ങിയവ പോലെ ലോകത്തെ ശ്രദ്ധേയമായ ഏതു വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ഒരു ഐക്കൺ ഉണ്ട്. പാലത്തിനു കേരളീയ വാസ്തുവിദ്യാ മാതൃകയിൽ റൂഫിങ് ഉണ്ടാക്കി അതിൽ നാടൻ ഭക്ഷണം, കരകൗശല വസ്തുക്കൾ എന്നിങ്ങനെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കിയോസ്കുകൾ സ്ഥാപിച്ചാൽ ചെമ്പിന്റെ ടൂറിസം ഐക്കൺ ആയി പാലം മാറും.

വിവിധ ഫോറങ്ങളിൽ മാർക്കറ്റ് ചെയ്യാനും ഈ ഐക്കൺ സഹായിക്കും. ഇതു വഴി സഞ്ചാരികളെ ആകർഷിക്കാൻ പ്രയോജനപ്പെടുത്താം.പാലത്തിന് ഒപ്പം വിവിധ ആക്ടിവിറ്റികൾക്കൂടി ചേരുമ്പോൾ ആളുകൾ എത്തിത്തുടങ്ങും.

സാധ്യതകളേറെ

∙ മുറിഞ്ഞപുഴ പാലത്തിനു സമീപമാണു മൂവാറ്റുപുഴയാറും വേമ്പനാട്ടു കായലും ചേരുന്നത്. വർഷത്തിൽ മുഴുവൻ ജലസമൃദ്ധമായ മൂവാറ്റുപുഴയാറ്റിൽ പാലത്തോടു ചേർന്ന് വാട്ടർ സ്പോർട്സ് സാധ്യതകൾ ഏറെ. പാരാ സെയ്‌ലിങ്, ജെറ്റ് സ്കി തുടങ്ങിയവ നടത്താം.
∙ പാലത്തിൽ നിന്നു കാണാവുന്ന ദൂരത്തിലാണു പൂക്കൈത തുരുത്ത്. ഇവിടെയുള്ള കൈത്തോടുകളും ജലയാത്രയ്ക്ക് ഉപയോഗിക്കാം. ഹൗസ്ബോട്ട് യാത്രകൾക്കു സ്ഥലം പ്രയോജനപ്പെടുത്താം.
∙ 140 മീറ്റർ നീളവും 8 മീറ്റർ വീതിയുമുള്ള പാലത്തിൽ 45 കിയോസ്കുകൾ വരെ സ്ഥാപിക്കാം. ടൂറിസ്റ്റുകളെ ആകർഷിക്കുന്ന വസ്തുക്കൾക്ക് ഇവിടെ പ്രദർശന– വിപണനമൊരുക്കാം. ഒപ്പം നാടൻ ഫുഡ്കോർട്ടും.
∙ കൊച്ചിയിൽ നിന്നു വേമ്പനാടു കായൽ വഴി ജല മാർഗവും മുറിഞ്ഞപുഴ പാലത്തിനു സമീപത്ത് എത്താം.
∙ കൊച്ചിക്കും കുമരകത്തിനും ഇടയിലാണു ചെമ്പു പഞ്ചായത്തിന്റെ സ്ഥാനം എന്നതു ഗുണകരം.
∙ വില്ലേജ് ടൂറിസം സാധ്യതകൾ ഏറെയുള്ള പ്രദേശമാണു ചെമ്പും സമീപത്തെ പഞ്ചായത്തുകളും. ഉത്തരവാദിത്ത ടൂറിസം സർക്യൂട്ടിൽപെടുത്തി സമീപ പഞ്ചായത്തായ മറവൻതുരുത്തിൽ വിവിധ പദ്ധതികൾ നടക്കുന്നു.

വലിയ സ്വപ്നങ്ങൾ കാണാനുള്ള ശ്രമമാണു വേണ്ടത്. മുറിഞ്ഞപുഴ പാലത്തിലും സമീപത്തുമായി എത്രത്തോളം വരുമാനം എത്തുന്നു എന്നതാണു വിനോദസഞ്ചാര വികസനമായി കാണേണ്ടത്. നാട്ടുകാർക്കും പ്രയോജനം കിട്ടണം. വെറുതേ കുറച്ചു പേർ പാലത്തിൽ വന്നിരുന്നു പോയിട്ടു കാര്യമില്ല. വരുന്നവർക്ക് ഇവിടെ തങ്ങാനും സ്ഥലം വേണം. ഇത്തരത്തിൽ വികസനം വരാൻ മുറിഞ്ഞപുഴ പഴയപാലം ഒരു ഐക്കണായി വികസിപ്പിക്കാൻ സാധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com