ADVERTISEMENT

പാമ്പാടി ∙ പഞ്ചായത്തിനെ പേവിഷ ബാധ മുക്ത പഞ്ചായത്ത് ആക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വളർത്തു നായ്ക്കൾക്കും ഒക്ടോബർ 10നകം വാക്സിനേഷൻ നൽകും. 11 മുതൽ പഞ്ചായത്തിലെ തെരുവ് നായ്ക്കളെ പിടികൂടി വാക്സീൻ നൽകും. നായ്ക്കളെ പിടികൂടാൻ നായ പിടുത്തക്കാരെ എത്തിക്കും. പഞ്ചായത്ത് ഫണ്ടിൽ നിന്നു 2 ലക്ഷം രൂപ  പ്രവർത്തനങ്ങൾക്കായി അനുവദിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി അധ്യക്ഷത വഹിച്ചു. പാമ്പാടി വെള്ളൂരിൽ ഒരാഴ്ച മുൻപു പേവിഷ ബാധയുള്ള നായ കടിച്ച് 7 പേർക്കു ഗുരുതര പരുക്കേൽക്കുകയും ആർഐടി ഗവ.എൻജിനീയറിങ് കോളജിൽ നായ ശല്യത്തെ തുടർന്നു വിദ്യാർഥികൾ സമരം നടത്തിയ സാഹചര്യത്തിലുമാണു പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം വിളിച്ചത്.

ലൈസൻസ് നിർബന്ധമാക്കി

വീടുകളിൽ വളർത്തുന്ന മുഴുവൻ നായ്ക്കൾക്കു ലൈസൻസ്  നിർബന്ധമാക്കി. വാക്സിനേഷൻ സർ‌ട്ടിഫിക്കറ്റുമായി എത്തി ലൈസൻസ് എടുക്കണം. അല്ലാത്തവർക്കെതിരെ നടപടി എടുക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന നായ്ക്കളുടെ വന്ധ്യംകരണ നടപടികളിൽ സഹകരിക്കാനും തീരുമാനമുണ്ട്.

നായകൾക്കു ഷെൽറ്റർ നിർമിക്കണമെന്നും ആവശ്യം

ബസ് സ്റ്റാൻഡ് ഭാഗത്ത് നായശല്യം രൂക്ഷമായതിനാൽ ഇവയ്ക്കായി ഷെൽറ്റർ സ്ഥാപിക്കണമെന്നും യോഗത്തിൽ പങ്കെടുത്ത വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് അധികൃതർ ആവശ്യപ്പെട്ടു. അറവുശാലകൾ, മത്സ്യവ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നു മാലിന്യം തള്ളുന്നത് സംബന്ധിച്ചു പ​ഞ്ചായത്തിൽ  നിന്നു കത്ത് നൽകിയാൽ കേസ് എടുക്കുമെന്നു ജനമൈത്രി പൊലീസ് അധികൃതർ അറിയിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഹരികുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇ.എസ്.സാബു, പഞ്ചായത്ത് അംഗം ഷേർലി തര്യൻ, സിപിഎം ലോക്കൽ സെക്രട്ടറി വി.എം.പ്രദീപ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഷാജി.പി.മാത്യു തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com