തലയോലപ്പറമ്പ്∙ ആ ആഞ്ഞിലി പുറമ്പോക്കിലാണോ? വ്യക്തിയുടെ വസ്തുവിലാണെങ്കിൽ കടയ്ക്കൽ കത്തിവീഴുമോ? 12 വർഷമായി നാട്ടുകാരെ ചുറ്റിക്കുകയാണ് ഈ ആഞ്ഞിലി. വെള്ളൂർ പഞ്ചായത്തിൽ 13–ാം വാർഡിൽ കരിപ്പാടം വി.വി.രഞ്ജൻ സ്മാരക ലൈബ്രറിക്കു സമീപത്തെ ആഞ്ഞിലിയാണു താരം. വേരുപടലം പോലെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന തർക്കത്തിനൊടുവിൽ മരം മുറിക്കുമോയെന്നു കാത്തിരിക്കുകയാണു നാട്ടുകാർ.
12 വർഷം മുൻപ് അന്നത്തെ സ്ഥലമുടമ തെക്കേവാലയിൽ സുകുമാരൻ തന്റെ 22.5 സെന്റ് വസ്തുവിൽ നിന്നിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മരം മുറിച്ചു വിൽക്കാൻ ശ്രമിച്ചു. മരം പുറമ്പോക്കിലാണെന്ന വാദവുമായി നാട്ടുകാർ രംഗത്തെത്തി. ഇതോടെ അളന്നുതിട്ടപ്പെടുത്താൻ തീരുമാനമായി. പുറമ്പോക്കിലാണെന്നു പഞ്ചായത്തും റവന്യു വകുപ്പും സ്ഥിരീകരിച്ചു. മരം വെട്ടാൻ സാധിക്കാതെ വന്നതോടെ ആധാരപ്രകാരം അളന്നു തിരിച്ച 22.5 സെന്റ് സ്ഥലം സുകുമാരൻ മറ്റൊരാൾക്കു വിറ്റു. വാങ്ങിയ വ്യക്തി വീണ്ടും മറ്റൊരാൾക്കു സ്ഥലം വിറ്റു.
2016ൽ നാട്ടുകാരൻ അരഞ്ഞാലിൽ പ്രതാപൻ ഈ മരം തന്റെ വീടിനു ഭീഷണിയാണെന്നും ഉടനെ വെട്ടണമെന്നും ആവശ്യപ്പെട്ടു പഞ്ചായത്തിൽ പരാതി നൽകി. നടപടിയുണ്ടായില്ല. കഴിഞ്ഞ ജൂണിൽ ആർഡിഒക്കു പരാതി നൽകി. സ്ഥലം അളന്നുതിട്ടപ്പെടുത്തി മരം വെട്ടി മാറ്റാൻ അധികൃതർ നിർദേശം നൽകി. വീണ്ടും അളന്നപ്പോൾ മരം സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണെന്നു അധികൃതർ സാക്ഷ്യപ്പെടുത്തി. 22.5 സെന്റ് സ്ഥലം പുതിയ അളവിൽ 28 സെന്റായി വർധിച്ചു. മരം മുറിച്ചു മാറ്റാൻ ഇപ്പോഴത്തെ ഉടമയ്ക്ക് 20നു പഞ്ചായത്ത് കത്തു നൽകിയിരിക്കുകയാണ്.
2012ൽ ആണ് ഈ 22.5 സെന്റ് സ്ഥലം വിറ്റത്. ആഞ്ഞിലി നിന്ന ഭാഗത്തിനു കുത്തകപ്പാട്ടം നൽകിയിരുന്നു. നാട്ടു തോടിന്റെ പുറമ്പോക്കു ഭൂമി ആയതിനാൽ ക്രയവിക്രയം നടത്തിക്കിട്ടില്ലെന്ന നിയമം ഉണ്ടായിരുന്നതിനാൽ മരം ഒഴിവാക്കി ബാക്കി സ്ഥലം വിറ്റു.
സുകുമാരൻ തെക്കേവാലയിൽ