ADVERTISEMENT

ഏറ്റുമാനൂർ ∙ നവംബർ ഒന്ന് ആകട്ടെ, ഏറ്റുമാനൂർ ഉത്സവം പോലെ ജനകീയമാക്കും ബൈപാസ് റോഡ് ഉദ്ഘാടനം– മന്ത്രിയുടെ ഈ വാക്കുകൾ ഏറ്റുമാനൂരുകാരിൽ ഉണ്ടാക്കിയ ആവേശം ചില്ലറയല്ല. റോഡിൽ മെറ്റൽ നിരത്തുമ്പോഴും ടാർ ഉരുക്കി ഒഴിക്കുമ്പോഴും റോഡ് റോളർ ഉരുണ്ടു നീങ്ങുമ്പോഴുമെല്ലാം പട്ടിത്താനത്തും തവളക്കുഴിയിലും പാറക്കണ്ടത്തുമുള്ളവർക്കെല്ലാം ചോദിക്കാൻ ഒരു ചോദ്യം മാത്രം– ബൈപാസ് റോഡ് എന്തായി. ഇടയ്ക്കെല്ലാം റോഡിനു നടുവിൽ ടാർ വീപ്പ വച്ച് റിബൺ വലിച്ചു കെട്ടിയിരിക്കുന്നതുകൊണ്ട് ധൈര്യമായി വണ്ടിയുമായി പോകാനും കഴിയുന്നില്ല. രാത്രി യാത്രക്കാർ ഈ റിബൺ ഒക്കെ അഴിച്ചു മാറ്റി കടന്നു പോകും. രാവിലെ റോഡ് പണിക്കാർ വീണ്ടും കെട്ടും. ഇതായിരുന്നു ഇതുവരെയുള്ള കാഴ്ച. 

പാതിയേ തുറന്നുള്ളൂ, എന്നാലും ആഘോഷം 

മണർകാട് ബൈപാസിൽ നിന്നു പാലാ റോഡ് ക്രോസ് ചെയ്താൽ പട്ടിത്താനം ബൈപാസിലേക്കു കടക്കാം. മുൻപിൽ ‘റോഡ് ക്ലോസ്ഡ്’ ബോർഡ് ഉണ്ടെങ്കിലും ഒരു വശം തുറന്നിട്ടുണ്ട്. അതുവഴി കയറുന്നത് വിശാല ലോകത്തേക്കാണ്. രാവിലെ പെയ്ത മഴയിൽ പുതുമണം മാറാതെ കറുകറുത്ത റോഡ്. ടാറിനോടു കലഹിച്ചു പുറത്തു ചാടുന്ന കൊച്ചു മണൽത്തരികളുടെ തല്ലുമാല ടയറിൽ. പാറക്കണ്ടത്തുനിന്ന് ഒരു കിലോമീറ്റർ പോയാൽ തവളക്കുഴി. നാലും കൂടിയ ജംക്‌ഷനാണ്. ശ്രദ്ധിച്ച് ചവിട്ടി എടുക്കണം.

100 മീറ്റർ കഴിയുമ്പോൾ വീണ്ടുമൊരു നാൽക്കവല– സാൻജോസ് കോൺവന്റ് ജംക്‌ഷൻ. പിന്നെ ഒന്നും നോക്കണ്ട. നേരെ പോയാൽ പട്ടിത്താനം. ആകെ 1.8 കിലോമീറ്റർ. സമയ ലാഭത്തിന്റെ കാര്യം പിന്നെ പറയാനുമില്ല. പെരുന്തുരുത്തി മുതൽ പട്ടിത്താനം വരെ മൂന്നു റീച്ചുകളിലായിട്ടായിരുന്നു പണി. ഇതിൽ അവസാനത്തെ റീച്ചാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നതെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ചങ്ങനാശേരി– കോട്ടയം റെയിൽവേ ലൈൻ ഇരട്ടപ്പാത ആക്കിയതുപോലൊരു ആശ്വാസമാണ് ഈ ബൈപാസ് തുറക്കുന്നതോടെ എംസി റോഡ് യാത്രക്കാർക്ക്.

തവളക്കുഴി പരീക്ഷാ കേന്ദ്രത്തിലെ പരീക്ഷകളോ ഏറ്റുമാനൂർ ജംക്‌ഷനിലെ തിരക്കോ ട്രാഫിക്കോ ഒന്നും അറിയാതെ മണർകാട് വഴി വേണമെങ്കിൽ തിരുവനന്തപുരം വരെ പോകാം. കോട്ടയത്തിനു പോകാനാണെങ്കിൽ മണർകാട്  ബൈപാസിലേക്ക് പ്രവേശിച്ച് 200 മീറ്റർ കഴിഞ്ഞ് വലത്തോട്ടു തിരിഞ്ഞാൽ പാറോലിക്കൽ ജംക്‌ഷനിലേക്കു തിരിഞ്ഞ് ഓൾഡ് എംസി റോഡിലേക്കും പിന്നെ എംസി റോഡിലും കയറാം.

വൈകുന്നേരങ്ങളിൽ സിറ്റിയിലേക്കിറങ്ങി രണ്ടു വീശി കൊച്ചുമക്കൾക്കു പലഹാരപ്പൊതിയുമായി വട്ടംകൂടി  വർത്തമാനം പറയുന്നവരുടെയും ഓടയുടെ സ്ലാബിലിരുന്നു സൊറ പറയുന്ന വീട്ടമ്മമാരുടെയും റോഡിനു നടുവിൽ കളിക്കുന്ന കുട്ടിക്കൂട്ടങ്ങളുടെയുമൊക്കെ സങ്കേതമായിരുന്നു ഈ റോഡ് ഇതുവരെ. ഓടിപ്പാഞ്ഞൊരു വണ്ടി വരില്ലെന്ന അവരുടെ അഹങ്കാരത്തിനാണു ബ്രേക്ക് വീണിരിക്കുന്നത്. പക്ഷേ പുതിയൊരു ലോകം തുറന്നു കിട്ടിയ ആവേശത്തിലാണു ജനം. നവംബർ ഒന്നു വരെ കാത്തിരിക്കാനൊന്നും വയ്യ. അതിനു മുന്നേ നമ്മൾ പൊളിക്കും ബ്രോ....! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com