ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ മലയോര മേഖലയിലെ ഗ്രാമങ്ങളിലും ലഹരി മാഫിയ പിടിമുറുക്കുന്നു. ഒരു മാസത്തിനിടെ താലൂക്കിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നു രണ്ടു തവണയാണ് എക്സൈസ് മാരക ലഹരിമരുന്നായ എംഡിഎംഎ പിടികൂടുന്നത്. ഞായറാഴ്ച രാത്രി കോരുത്തോട് കോസടിയിൽ നിന്ന് എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി 3 യുവാക്കളെയാണു പിടികൂടിയത്. സെപ്റ്റംബർ 2നാണ് എരുമേലി മുട്ടപ്പള്ളിയിൽ നിന്നും വെച്ചൂച്ചിറ സ്വദേശികളായ 2 യുവാക്കളെ നാലു ലക്ഷത്തോളം രൂപ വില വരുന്ന 27.96 ഗ്രാം എംഡിഎംഎ, 12 ഗ്രാം കഞ്ചാവ് എന്നിവയുമായി എക്സൈസ് പിടികൂടിയത്.

ഇവരിൽ നിന്നും മില്ലിഗ്രാം വരെ തൂക്കാൻ കഴിയുന്ന ചെറിയ ഇലക്ട്രോണിക് ത്രാസ് എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഒസിബി പേപ്പർ, വിൽ‍ക്കുന്നതിനുള്ള ചെറിയ പ്ലാസ്റ്റിക് കവറുകൾ എന്നിവയും കണ്ടെത്തിയത് സൂചിപ്പിക്കുന്നത് മലയോര ഗ്രാമങ്ങളിലും എംഡിഎംഎയുടെ ആവശ്യക്കാർ ഏറുന്നുവെന്നാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.പൊൻകുന്നം, മുണ്ടക്കയം ,എരുമേലി എക്സൈസ് ഓഫിസുകളുടെ പരിധിയിൽ കഴിഞ്ഞ 6 മാസത്തിനിടെ എംഡിഎംഎ, കഞ്ചാവ് ഉൾപ്പെടെ 20 എൻഡിപിഎസ് കേസുകളിലായി 23 പ്രതികളെ അറസ്റ്റ് ചെയ്തു. താലൂക്കിൽ കഴിഞ്ഞ 2 മാസത്തിനിടെ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും പൊലീസും ചേർന്നു 15 പേരെയാണ് കഞ്ചാവുമായി പിടികൂടിയത്.

എംഎഡിഎംഎ യുമായി എക്സൈസ് പിടികൂടിയവരിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നവരും ഉൾപ്പെടുന്നു. ഞായറാഴ്ച എക്സൈസ് പിടികൂടിയവരിൽ ഒരാൾ എൻജിനീയറിങ് ബിരുദധാരിയാണ്. കഴിഞ്ഞ മാസം പിടികൂടിയവരിൽ ഏവിയേഷൻ കോഴ്സ് പഠിക്കുന്ന ഒരു വിദ്യാർഥിയും ഉണ്ടായിരുന്നു. ഉപഭോക്താക്കളെ പോലെ തന്നെ വിൽപനക്കാരിലും യുവാക്കളാണു കൂടുതൽ. ലഹരിക്ക് അടിമകളായവർ പിന്നീട് ഇതു വാങ്ങാനുള്ള പണം കണ്ടെത്തുന്നതിനാണ് വിൽപനയിലേക്ക് കടക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് ഏറെയും പിടികൂടുന്നത്.

ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലും കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. മുണ്ടക്കയം, എരുമേലി മേഖലയിലെ ഗ്രാമ പ്രദേശങ്ങളിലെ ആളൊഴിഞ്ഞ പറമ്പുകളിലും വനമേഖലകളോടു ചേർന്നുള്ള പ്രദേശങ്ങളിലും യുവാക്കൾ കൂട്ടം ചേർന്നു ലഹരി ഉപയോഗിക്കുന്നതായും എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്.

തമിഴ്നാട്, ബെംഗളൂരു വരവ് 

ഒരു വർഷം മുൻപ് 20 കിലോഗ്രാം കഞ്ചാവ് 175 മില്ലിഗ്രാം ഹഷീഷ് ഓയിൽ, ആംപ്യൂളുകൾ എന്നിവയുമായി ചങ്ങനാശേരി സ്വദേശികളായ 2 യുവാക്കളെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നു പൊലീസ് പിടികൂടിയിരുന്നു. ഇവ കൂടാതെ ഒരു കിലോഗ്രാമിൽ താഴെ കഞ്ചാവുമായി ഒട്ടേറെ പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

തമിഴ്നാട്ടിലെ കമ്പത്തു നിന്ന് കുമളി, കമ്പംമെട്ട് വഴിയാണ്  മലയോര മേഖലയിലേക്ക് കഞ്ചാവ് എത്തുന്നത്.    ബൈക്കുകളിലും ബസുകളിലും, തമിഴ്നാട്ടിൽ നിന്നു പച്ചക്കറികളുമായി പുലർച്ചെ എത്തുന്ന പിക്കപ്പുകളിലും, അറവു മാടുകളെ കൊണ്ടുവരുന്ന ലോറികളിലുമാണ് കേരളത്തിലേക്ക്   കഞ്ചാവ്  കടത്തുന്നത്. കൊടികുത്തി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലകളിൽ നിന്നാണ് നാട്ടിലുള്ള വിൽപനക്കാർ കഞ്ചാവ് കൈപ്പറ്റുന്നത്. എംഡിഎംഎ എത്തിക്കുന്നത് ബെംഗളൂരുവിൽ ‍നിന്നാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com