ADVERTISEMENT

കോട്ടയം ∙ ആലപ്പുഴ സ്വദേശി ബിന്ദുമോനെ ചങ്ങനാശേരിക്കു സമീപം വീടിനുള്ളിൽ കൊന്നു കുഴിച്ചുമൂടിയെന്ന കേസിൽ അന്വേഷണം കടൽ കടക്കുന്നു. പിടിയിലായ മുഖ്യപ്രതി മുത്തുകുമാറിന്റെ കുവൈത്തിലുള്ള ഭാര്യയുടെ മൊഴി രേഖപ്പെടുത്താനാണു പൊലീസിന്റെ നീക്കം. ഇന്നോ നാളെയോ വിഡിയോ കോൾ മുഖേനയാകും മൊഴി ആദ്യം രേഖപ്പെടുത്തുക. ആവശ്യമെങ്കിൽ ഇവരെ വിളിച്ചു വരുത്തുന്നതടക്കമുള്ള നടപടിയിലേക്ക് പൊലീസ് നീങ്ങും. അതേ സമയം കേസിലെ കൂട്ടുപ്രതികൾ ഉടൻ പിടിയിലാകുമെന്നാണു പൊലീസ് നൽകുന്ന സൂചന. 

പ്രതികൾ കഞ്ചാവിന് അടിമകൾ

ചങ്ങനാശേരി കൊലക്കേസിൽ പിടിയിലാകാനുള്ള പ്രതികൾ സ്ഥിരമായി മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. വീട്ടുകാരുമായി നല്ല ബന്ധത്തിലുമല്ല. എന്തു ജോലി ചെയ്യാനും മടിയില്ലാത്ത ഇവർ കഞ്ചാവിന് അടിമകളുമാണെന്നു പൊലീസ് പറയുന്നു. അയൽവാസികളായ ഇരുവർക്കുമെതിരെ കഞ്ചാവ്, അടിപിടി കേസുകൾ നിലവിലുണ്ട്. ജില്ലയിലെ കഞ്ചാവ് വിൽപനക്കാരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. 

കൊലപാതക കേസിൽ ഒളിവിലായ പ്രതികൾ ഉടൻ പിടിയിലാകുമെന്നാണു പൊലീസ് പറയുന്നത്. അതേ സമയം പ്രതികൾ വലയിലായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. കൂട്ടുപ്രതികളെ കസ്റ്റഡിയിൽ എടുത്താൽ മാത്രമേ കൊലപാതകത്തിന്റെ യഥാർഥ കാരണം കണ്ടെത്താനാവൂ. മുത്തുകുമാർ മൊഴി മാറ്റി പറഞ്ഞതിനാൽ പല കാര്യങ്ങൾക്കും ഇനിയും വ്യക്തത വരാനുണ്ടെന്നും പൊലീസ് പറയുന്നു.

ദൃശ്യങ്ങൾ ശേഖരിച്ചു

കൊലപാതകത്തിന് ശേഷം തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതികൾ ബിന്ദു മോന്റെ ബൈക്ക് വാകത്താനത്തെ തോട്ടിൽ തള്ളാൻ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. കഴിഞ്ഞ 26 മുതൽ 29 വരെയുള്ള ദിവസത്തെ ദൃശ്യങ്ങളാണ് ശേഖരിച്ചത്. സംഭവ സ്ഥലത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിലുള്ള ക്യാമറകളിൽ നിന്നു ശേഖരിച്ച ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com