ADVERTISEMENT

കോട്ടയം ∙ അധ്യാപകനായിരിക്കെ എംജി സർവകലാശാലാ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വൈദികനാണ് ഫാ.ഡോ. ജോസഫ് കൊല്ലംപറമ്പിൽ. സിറോ മലബാർ സഭയുടെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ‘ദൈവത്തിന്റെ കൂടുതൽ കൃപ’ എന്നു മാത്രമേ അദ്ദേഹത്തിനു പറയാനുണ്ടായിരുന്നുള്ളൂ. ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി നാളെ ഫാ.ഡോ. ജോസഫ് കൊല്ലംപറമ്പിൽ (67) അഭിഷിക്തനാകും.

പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്ഡി നേടിയിട്ടുള്ള നിയുക്ത സഹായ മെത്രാൻ പാലാ അൽഫോൻസാ കോളജിൽ അധ്യാപകനായും അരുവിത്തുറ സെന്റ് ജോർജ് കോളജിൽ പ്രിൻസിപ്പലായും പ്രവർത്തിച്ചു. 8 വർഷം പാലാ രൂപതയിൽ വികാരി ജനറലായി. കഴിഞ്ഞ 3 വർഷമായി ഗുജറാത്തിലാണു സേവനം ചെയ്യുന്നത്.

‘നിനക്ക് ഒരു വൈദികനാകാനുള്ള എല്ലാ ലക്ഷണവും ഉണ്ടല്ലോ’ എന്ന് ചെറുപ്പത്തിലേ എന്നോടു പറഞ്ഞത് സ്വദേശമായ അരുവിത്തുറ ചേന്നാട് ഇടവകയിലെ വികാരി ഫാ. ജോർജ് തയ്യിലാണ്. വീട്ടിൽ ചാച്ചൻ സമ്മതിച്ചാൽ തയാർ എന്നു മറുപടിയും കൊടുത്തു. പിതാവ് എതിർത്തെങ്കിലും സെമിനാരിയിൽ പോയി. എന്നെക്കാൾ കൂടുതൽ ദൈവം ആലോചിച്ചു നടപ്പാക്കിയ പദ്ധതിയാണിത്’ – ഫാ. ജോസഫ് പറയുന്നു. കൊല്ലംപറമ്പിൽ മത്തായി - റോസി ദമ്പതികളുടെ 8 മക്കളിൽ മൂന്നുപേരും സന്യസ്തരാണ്. ഫാ. ജോസഫിന്റെ മൂത്ത സഹോദരി സിസ്റ്റർ ഓക്സിലിയ രാജസ്ഥാനിലും ഇളയ സഹോദരി സിസ്റ്റർ ഗ്രേസ് ഉജ്ജയിനിലുമാണ്. നിയുക്ത മെത്രാൻ സംസാരിക്കുന്നു:

 

? എന്തെല്ലാമാണു തയാറെടുപ്പുകൾ

കുറച്ചു ദിവസമായി ഹൈദരാബാദിൽ ധ്യാനത്തിലാണ്. ഗുജറാത്തിൽ 3 വർഷമായി പ്രവർത്തിക്കുന്നതു കൊണ്ട് ഒരു തുടർപ്രവർത്തനമായിട്ടാണു തോന്നുന്നത്. കേരളത്തിനു പുറത്ത് കൂടുതൽ മലയാളികൾ കുടിയേറിയിട്ടുള്ള സംസ്ഥാനമാണ് ഗുജറാത്ത്. അവർക്ക് കൂടുതൽ സഭാസേവനങ്ങൾ നൽകുക എന്ന ദൗത്യമാണ് എന്റേത്.

 

? എന്തുകൊണ്ട് ഗുജറാത്തിൽ ഇത്രയും മലയാളികൾ

പണ്ടും ഗുജറാത്തിൽ വ്യവസായങ്ങൾ ഏറെയുണ്ടായിരുന്നു. 40 കൊല്ലം മുൻപ് പത്താം ക്ലാസ് പാസായി അവിടേക്കു ചെന്നാൽ ഉടൻ നല്ല ജോലി ലഭിക്കുമായിരുന്നു.

 

? കേരളത്തിലെ വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രശ്നം എന്താണ്

ഗുജറാത്തിൽ സമരം എന്തെന്ന് അറിയില്ല. പഠിക്കേണ്ടവർ സ്കൂളുകളിലും കോളജുകളിലും എത്തി ഗൗരവമായി പഠിച്ചു മുന്നേറും. അല്ലാത്തവർ തൊഴിൽ മേഖലയിലേക്കു തിരിയും. സംരംഭവുമായി ബന്ധപ്പെട്ടാണു ജീവിതം എന്നതിനാൽ അതു തകർക്കാനോ ഉടമസ്ഥർ വഴിയാധാരമാകാനോ അവർ ആഗ്രഹിക്കുന്നില്ല. കേരളത്തിൽ നല്ല രാഷ്ട്രീയ തീരുമാനങ്ങൾ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകണം.

 

? വിദ്യാഭ്യാസ മേഖലയിൽ മൂല്യശോഷണം സംഭവിക്കുന്നില്ലേ

മൂല്യബോധത്തിൽ തന്നെ മാറ്റങ്ങൾ സംഭവിക്കുകയാണ്. പണ്ടു മൂല്യങ്ങളെന്നു കരുതിയതെല്ലാം മൂല്യങ്ങളല്ലെന്നു പഠിപ്പിക്കുന്ന രീതിയുണ്ട്. മാധ്യമങ്ങൾക്കും ഇതിൽ വലിയ പങ്കുണ്ട്.

 

? രാസലഹരി വൻ വിപത്തായി മാറുകയല്ലേ

വെറും പറച്ചിലല്ല വേണ്ടത്. ധൈര്യപൂർവം കേസെടുക്കണം. ശരിയായ രാഷ്ട്രീയ തീരുമാനം ഉണ്ടായി നടപടിയെടുക്കുകയാണ് വേണ്ടത്. നിരീക്ഷണ സംവിധാനമുള്ള സർക്കാരാണു ശക്തമായി ഇടപെടേണ്ടത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com