ADVERTISEMENT

കോട്ടയം ∙ ജില്ലാ ടൂറിസം വകുപ്പും പനച്ചിക്കാട് പുതുപ്പള്ളി പഞ്ചായത്തുകളും ചേർന്ന് 40 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ വികസനപ്രവർത്തനങ്ങൾ കാടുകയറി നശിക്കുന്നു. കൊല്ലാട് – പുതുപ്പള്ളി റോഡിൽ പാറയ്ക്കൽ പാലത്തിനു സമീപമുള്ള പാറയ്ക്കൽ കടവിലെ പ്രകൃതിരമണീയ ദൃശ്യങ്ങളുള്ള പ്രദേശമാണ്  നശിക്കുന്നത്. നഗരത്തിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് സമാധാനമായി ആളുകൾക്ക് പ്രകൃതിഭംഗി ആസ്വദിച്ച്സമയം ചെലവഴിക്കാവുന്ന ഇടത്തിനാണ് ഈ ദുർഗതി.

2013 ലാണ് ഇവിടെ മുഖംമിനുക്കൽ നടത്തിയത്. ലക്ഷങ്ങൾ ചെലവഴിച്ച് 2013 ൽ നിർമിച്ച ടൂറിസം വകുപ്പിന്റെ കെട്ടിടം ഒരു ദിവസം പോലും പ്രവർത്തിക്കുന്നതിന് മുൻപേ പൊളിച്ചുമാറ്റി. കെട്ടിടം നിർമിച്ചത് സ്വകാര്യ ഭൂമിയിലാണെന്നും കെട്ടിടം പൊളിക്കണമെന്നും ഉത്തരവു വന്നതോടെയാണിത്.  100 ചതുരശ്ര അടിയുള്ള കെട്ടിടത്തിൽ സ്നാക്സ് പാർലർ, കോഫി പാർലർ, ശുചിമുറി എന്നിവ ഉൾപ്പെട്ടിരുന്നു. 

4 വർഷം മുൻപ്

റോഡിന് തണലായി ഇരുവശവും മരങ്ങൾ, മരങ്ങൾക്കും ചുറ്റും ഗ്രാനൈറ്റ് പാകിയ ഇരിപ്പിടങ്ങൾ. ഇരുവശവും അലങ്കാര വൈദ്യുതത്തൂണുകൾ, കടവിലേക്ക് ഇറങ്ങാൻ തറയോടു പാകിയ പടവുകൾ,  പടവുകൾ ഇറങ്ങി ചെല്ലുന്നത് ചെറിയ ഒരു താമരക്കുളത്തിലേക്ക്... പാറയ്ക്കൽ കടവിലെ നാല് വർഷം മുൻപുള്ള കാഴ്ചയായിരുന്നു ഇത്. 

ഗ്രാമീണ ഭംഗിയുള്ള പ്രദേശമായതിനാൽ സിനിമ, സീരിയൽ പ്രവർത്തകരുടെ ഇഷ്ട ലൊക്കേഷനായിരുന്നു ഇവിടം. കടവിൽ ബോട്ട് സവാരിയും പാറയ്ക്കൽ കടവ് റോഡിലൂടെ കുതിര സവാരിയും ആരംഭിച്ചിരുന്നു. തിരക്കു കൂടിവന്നപ്പോൾ  ചെറുകിട കച്ചവടക്കാരും  എത്തിയിരുന്നു.

നാശത്തിലേക്ക്

കോടതി ഉത്തരവ് അനുസരിച്ച് കെട്ടിടം പൊളിച്ചു മാറ്റി. 2018ലെ പ്രളയത്തിൽ ഒട്ടേറെ അക്വേഷ്യ മരങ്ങൾ കടപുഴകി. ഇതോടെയാണ് കഷ്ടകാലം തുടങ്ങിയത്. മരങ്ങൾ മുറിച്ചിട്ടതല്ലാതെ പൂർണമായും നീക്കം ചെയ്തില്ല.  കോവിഡ് അടച്ചിടൽ കൂടിയായതോടെ ഇവിടം കാടു കയറിത്തുടങ്ങി. പിന്നീട് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറി. 

മദ്യ കുപ്പികൾ വലിച്ചെറിഞ്ഞ് ടൈലുകൾ പൊട്ടിച്ചു. അലങ്കാര വൈദ്യുതത്തൂണുകളിലെ ലൈറ്റുകൾ പലതും മോഷണം പോയി. തൂണുകൾ മാത്രമാണ് ശേഷിക്കുന്നത്.

പാറയ്ക്കൽ കടവിനെ  പ്രതാപത്തിലേക്കു മടക്കി കൊണ്ടുവരാൻ പനച്ചിക്കാട്,പുതുപ്പള്ളി പഞ്ചായത്തുകളും ജില്ലാ ടൂറിസം വകുപ്പും അടിയന്തരമായി ഇടപെടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com