ADVERTISEMENT

പൊൻകുന്നം ∙ പച്ചക്കറി ലോഡ് കയറ്റി വന്ന പിക്കപ് വാനിന്റെ ടയർ മാറുന്നതിനിടെ ജാക്കി തെന്നിമാറി വാൻ ശരീരത്തിൽ വീണ് ഡ്രൈവർ മരിച്ചു. പൊൻകുന്നം ശാന്തിഗ്രാം കടമ്പനാട്ട് അഫ്സൽ ബാഷ (24) ആണ് തൽക്ഷണം മരിച്ചത്. ഡിസംബർ 26ന് അഫ്സലിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു. 

ഇന്നലെ രാവിലെ ഒൻപതോടെ കെകെ റോഡിൽ (ദേശീയപാത 183) പൊൻകുന്നം കെഎസ്ഇബി ഓഫിസിനു സമീപം താന്നിമൂട് വളവിലായിരുന്നു അപകടം. മധുരയിൽ  നിന്നു പൊൻകുന്നത്തേക്കു പച്ചക്കറി കയറ്റിവന്ന വാനിന്റെ പിൻഭാഗത്തെ ടയർ പഞ്ചറായി. റോഡരികിൽ വാൻ നിർത്തിയ അഫ്സൽ ജാക്കി ഉപയോഗിച്ച് വാഹനം ഉയർത്തി ടയർ അഴിച്ചു മാറ്റി. മറ്റൊരു ടയർ ഇടുന്നതിനു മുൻപ് ജാക്കി തെന്നി മാറിയതോടെ ലോഡ് സഹിതം വാൻ അഫ്സലിന്റെ ശരീരത്തിലേക്കു പതിക്കുകയായിരുന്നു. 

ലോഡ് കെട്ടി‌യിരുന്ന കയർ പൊട്ടിച്ച് പച്ചക്കറിച്ചാക്കുകൾ വലിച്ചിറക്കിയാണു നാട്ടുകാർ വാൻ ഉയർത്തി അഫ്സലിനെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.അബ്ദുൽ ഖാദർ - റംലത്ത് ദമ്പതികളുടെ ഇളയ മകനാണ്. സഹോദരങ്ങൾ: അഹമ്മദ് ഷെരീഫ്, സദ്ദാം ഹുസൈൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം പൊൻകുന്നം ടൗണിൽ പൊതുദർശനത്തിനു വച്ചു. കബറടക്കം നടത്തി.

accident-death
ടയർ മാറുന്നതിനിടെ ജാക്കി തെന്നിമാറി വാൻ ചെരിഞ്ഞ നിലയിൽ.

അഫ്സൽ ഓടിച്ചിരുന്ന വാഹനം ലക്ഷ്യസ്ഥാനത്തെത്താൻ ഒരു കിലോമീറ്റർ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. പ്ലസ്ടു പഠനം കഴിഞ്ഞ് ഓട്ടോറിക്ഷ ഓടിച്ചു തുടങ്ങി. പകൽ സ്വന്തം ഓട്ടോറിക്ഷ ഓടിക്കുന്നതു കൂടാതെ രാത്രി മറ്റു വാഹനങ്ങളിലും അഫ്സൽ ഡ്രൈവറായി ജോലിക്കു പോകും. വിവാഹാവശ്യങ്ങൾക്കുള്ള പണം കണ്ടെത്താനുള്ള കഠിനാധ്വാനത്തിലായിരുന്നു അഫ്സലെന്നു ബന്ധുക്കൾ പറഞ്ഞു. പൊൻകുന്നത്തെ കടയിലേക്കുള്ള പച്ചക്കറി തമിഴ്നാട്ടിൽ നിന്നു കൊണ്ടുവരാൻ ചൊവ്വാഴ്ച രാത്രിയാണ് അഫ്സൽ തമിഴ്നാട്ടിലേക്കു പോയത്.

വാഹനങ്ങൾ ജാക്കി ഉപയോഗിച്ച് ഉയർത്തുമ്പോൾ ശ്രദ്ധിക്കാൻ

റോഡിലോ റോഡരികിലോ വാഹനം നിർത്തി ജാക്കി വച്ചുയർത്തുന്നത് പരമാവധി ഒഴിവാക്കുക. 

 അങ്ങനെ ചെയ്യേണ്ടി വരികയാണെങ്കിൽ 50 മീറ്ററെങ്കിലും മാറി റിഫ്ലക്ടീവ് വാണിങ് ട്രയാംഗിൾ വച്ച് വാഹനത്തിന്റെ ഹസാർഡ്സ്  ലാംപ് പ്രവർത്തിപ്പിക്കുക.

 വാഹനം നിരപ്പായ കട്ടിയുള്ള പ്രതലത്തിൽ വേണം നിർത്താൻ. ജാക്കി ഉറപ്പിക്കുന്ന പ്രതലം പൂഴിമണ്ണോ താഴ്ന്നുപോകുന്ന സ്ഥലമോ ആകരുത്.

 വാഹനം ഹാൻഡ് ബ്രേക്ക് ഇട്ടിരിക്കണം. ഉയർത്തുന്ന ആക്സിൽ ഒഴികെ ബാക്കി വീലുകൾ, വീൽ ചോക്ക് അല്ലെങ്കിൽ തടകൾ വച്ച് ഉറപ്പിക്കണം. വാഹനം ഉരുണ്ടുപോകാതെ നോക്കണം.

 അനുവദിച്ചിരിക്കുന്ന ഭാരപരിധിക്ക് അനുയോജ്യമായ ജാക്കികൾ ഉപയോഗിക്കണം.

 വാഹനത്തിൽ നിർദേശിച്ചിരിക്കുന്ന പോയിന്റുകളിൾ മാത്രം ജാക്കി ഉറപ്പിക്കുക.

 ജാക്കിയിൽ മാത്രം വാഹനം ഉയർത്തിവച്ച് അടിയിൽ കയറി ജോലി ചെയ്യരുത്. 

 വാഹനം ഉയർത്തിയ ശേഷം ആക്സിൽ സ്റ്റാൻഡിലോ അല്ലെങ്കിൽ വലിയ തടിയോ കല്ലിലോ  ഉറപ്പിച്ചു നിർത്തിയശേഷം, സുരക്ഷ ഉറപ്പു വരുത്തി മാത്രമേ ടയർ മാറാനോ, അടിയിൽ കയറാനോ പാടുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com