ADVERTISEMENT

വൈക്കം ∙ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്തു 4.75 ലക്ഷം രൂപ തട്ടിയ കേസില്‍ പരാതിയുമായി ഒരാൾ കൂടി രംഗത്തെത്തി. വൈക്കം നഗരസഭയിലെ സിപിഎം കൗൺസിലർ കെ.പി.സതീശൻ ഉൾപ്പെടെ നാലു പേരാണു ജോലി തട്ടിപ്പു കേസിലെ പ്രതികൾ.ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ആശുപത്രിയിൽ നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് 1.50 ലക്ഷം രൂപ തട്ടിയെടുത്തതായി വൈക്കം ഉദയനാപുരം പുത്തൻതറയിൽ റാണിഷ് മോളും ഭർത്താവ് പി.ആർ.അരുൺകുമാറും വൈക്കം പൊലീസിൽ പരാതി നൽകി.

കെ.പി.സതീശൻ, വെച്ചൂർ സ്വദേശി ബിനീഷ്, കോട്ടയം സ്വദേശി അക്ഷയ് എന്നിവരാണ് പണം വാങ്ങിയതെന്ന് റാണിഷ് മോളുടെ പരാതിയിൽ പറയുന്നു. 7 ലക്ഷം രൂപ ആവശ്യപ്പെട്ടു. 1.50 ലക്ഷം മുൻകൂർ വേണമെന്നും ബാക്കി തുക ജോലി കിട്ടിയിട്ടു മതിയെന്നും പറഞ്ഞു. 2021 ജൂലൈയിൽ അക്ഷയയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആദ്യം 80,000 രൂപയും പിറ്റേ ദിവസം 70,000 രൂപയും നിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.ജോലിക്കുള്ള റാങ്ക് പട്ടികയിൽ റാണിഷ് മോളുടെ പേരില്ലായിരുന്നു.

രാഷ്ട്രീയ നിയമനമാണെന്നും റാങ്ക് പട്ടികയിൽ ഒരു കാര്യവുമില്ലെന്നും പ്രതികൾ പറഞ്ഞു. കോവിഡായതിനാൽ നിയമനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്നാണ് പ്രതികൾ ധരിപ്പിച്ചത്.അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് 4.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ 3 ലക്ഷം കെ.പി.സതീശൻ മടക്കി നൽകിയതായി റിട്ട. എസ്ഐ വൈക്കം കാരയിൽ മാനശേരിൽ എം.കെ.സുരേന്ദ്രൻ അറിയിച്ചു.ബാക്കി തുക മൂന്നുമാസത്തിനുള്ളിൽ മടക്കി കൊടുക്കാമെന്നാണു ധാരണ. കേസ് സംബന്ധിച്ചുള്ള ബാക്കി കാര്യങ്ങൾ അഭിഭാഷകനുമായി ആലോചിച്ചു ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.

‘ജോലി തട്ടിപ്പ് സിബിഐ അന്വേഷിക്കണം’ 

ആലപ്പുഴ ∙ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ സംഭവം സിബിഐ അന്വേഷിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമിതി. സംഘടനയുടെ 5–ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയും ആലപ്പുഴയിൽ നടക്കും. ഇന്നു വൈകിട്ടു 3ന് പ്രകടനം നടത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com