ADVERTISEMENT

വൈക്കം ∙ സത്യഗ്രഹ സമരത്തിന്റെ ചരിത്രമുറങ്ങുന്ന വൈക്കം നഗരത്തിൽ വീതി കുറഞ്ഞ റോഡുകളും, നിരന്തരമായി ഉണ്ടാകുന്ന ഗതാഗത കുരുക്കും ഫലപ്രദമല്ലാത്ത യാത്രാ സൗകര്യവും ചികിത്സാ സൗകര്യക്കുറവും വൈക്കത്തുകാർ വളരെ നാളുകളായി അനുഭവിക്കുകയാണ്.

∙ഗതാഗത സൗകര്യം വർധിപ്പിക്കണം

വൈക്കത്തുകാർ പ്രധാനമായി ആശ്രയിക്കുന്നത് കെഎസ്ആർടിസി, ബോട്ട് എന്നിവയാണ്. ഉൾനാടൻ ഗ്രാമ മേഖലകളിലേക്ക് ഉണ്ടായിരുന്ന ടിവിപുരം, മൂത്തേടത്തുകാവ്, ചെമ്മനാകരി, വാഴമന തുടങ്ങി വിവിധ സർവീസുകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. രാത്രിയായാൽ ഇവിടെ നിന്നും ബസുകളില്ല. രാത്രി കെഎസ്ആർടിസി ബസ് സ്റ്റേഷനെ ചുറ്റിപ്പറ്റി സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. ദളവാക്കുളം ബസ് സ്റ്റാൻഡ് ഉണ്ടെങ്കിലും ഭൂരിഭാഗം ജനങ്ങളും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കുന്നത് പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് തന്നെയാണ്.

വേമ്പനാട്ടുകായലിൽ അടിഞ്ഞുകൂടുന്ന പോളയും പായലും ബോട്ട് സർവീസിന് ഭീഷണിയായി മാറുകയാണ്. ഇതുമൂലം യന്ത്ര തകരാർ സംഭവിക്കുന്നത് പതിവായി മാറി. ഇത് പലപ്പോഴും യാത്രക്കാരെ വലയ്ക്കാറുണ്ട്. നഗരമധ്യത്തിൽ വീതി കുറഞ്ഞ വഴിയരികിൽ പാർക്കിങ് നടത്തുന്നതിലൂടെ നിരന്തരം ഗതാഗത തടസ്സം ഉണ്ടാകുന്നത് പതിവാണ്. ഇതിന് പരിഹാരം കണ്ടെത്തണം.

∙ശിൽപോദ്യാനത്തിൽ ശുചിമുറിയില്ല

2015ൽ കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ 11ലക്ഷം രൂപ മുടക്കി വൈക്കം സത്യഗ്രഹ സ്മൃതി ശിൽപോദ്യാനം നിർമിച്ചെങ്കിലും ഇവിടെ വിനോദത്തിനായി എത്തുന്നവർക്ക് പ്രാഥമികാവശ്യം നിറവേറ്റുന്നതിന് ശുചിമുറിയോ, മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള സൗകര്യമോ ഇല്ല.

സമ്മേളനങ്ങൾ നടത്താനുള്ള സൗകര്യത്തിനായി നിർമിച്ച ഓപ്പൺ സ്റ്റേഡിയം കാടുകയറി നശിക്കുകയാണ്. തോട്ടുവക്കം മുതൽ തോട്ടകം പള്ളി വരെയുള്ള ഭാഗത്ത് കെ.വി.കനാൽ ഉപയോഗിച്ച് പെഡൽ ബോട്ടിങ് സംവിധാനവും, തണൽ നിറഞ്ഞ റോഡരികിൽ ജനങ്ങൾക്ക് വിശ്രമിക്കാനായി ഇരിപ്പിടങ്ങളും നിർമിക്കാൻ ശ്രമിച്ച പ്രോജക്ടുകൾ ആലോചനയിൽ മാത്രമായി ഒതുങ്ങി.

∙ ദിനംപ്രതി ജനങ്ങൾ കൂടുതൽ സമയം ചെലവഴിക്കുന്ന പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ബോട്ട് ജെട്ടി, കായലോര ബീച്ച്, കച്ചേരിക്കവല, വലിയകവല തുടങ്ങിയ ജനത്തിരക്കേറിയ സ്ഥലങ്ങളിൽ പ്രവർത്തനയോഗ്യമായ ശുചിമുറിയില്ല. നിലവിൽ വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശുചിമുറിയും താലൂക്ക് ആശുപത്രിയിലെയും മാത്രമാണ് പ്രവർത്തിക്കുന്നത്.

പ്രയോജനമില്ലാതെ സാംസ്കാരിക നിലയം

∙ലക്ഷങ്ങൾ മുടക്കി നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയ സാംസ്കാരിക നിലയം വർഷങ്ങൾ പിന്നിട്ടിട്ടും ജനങ്ങൾക്ക് പ്രയോജനം ഇല്ലാതെ  നശിക്കുന്നു. 2017–18 വർഷത്തിലാണ് നിർമാണം പൂർത്തീകരിച്ചത്. നാളിതുവരെ ഇവിടെ യാതൊരുവിധ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. നഗരസഭ 9–ാം വാർഡിൽ പ്രായ്ക്കത്തറ കോളനിയിൽ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് സാംസ്കാരിക നിലയം നിർമിച്ചത്.

വർഷങ്ങൾ പിന്നിട്ടെങ്കിലും ഇവിടെ വെള്ളം, വൈദ്യുതി സൗകര്യം ഒരുക്കിയിട്ടില്ല. പ്രായമായവർ, കുട്ടികൾ, എന്നിവരുടെ മാനസിക ഉല്ലാസത്തിന് ആവശ്യമായ സൗകര്യം ഒരുക്കി ജനോപകാരപ്രദമാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം എന്നതാണ് പ്രദേശവാസികളുടെ ആവശ്യം.

അയ്യർകുളങ്ങര സ്കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കണം

∙നഗരസഭ 12–ാം വാർഡിൽ അയ്യർകുളങ്ങര ഗവ.യുപി സ്കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. 109 വർഷം പഴക്കമുള്ള ഈ സ്കൂളിൽ 50ശതമാനത്തിൽ അധികവും പട്ടികജാതി , മറ്റു പിന്നാക്ക വിഭാഗത്തിൽ പെട്ട കുട്ടികളാണ് പഠിക്കുന്നത്. നഗരമധ്യത്തിലുള്ള സ്കൂളുകൾക്ക് വാഹന സൗകര്യവും മറ്റും ലഭിക്കുമ്പോഴും ഈ സ്കൂളിനെ തഴയുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് നാട്ടുകാർ ആരോപിച്ചു.

ഇവിടെ കംപ്യൂട്ടർ ലാബ് ഉണ്ടെങ്കിലും മഴക്കാലത്ത് ചോർന്നൊലിക്കുന്ന അവസ്ഥയാണ്. കുട്ടികൾക്ക് നല്ല ചുറ്റുപാടിലിരുന്ന് ഭക്ഷണം കഴിക്കാൻ പോലും സൗകര്യം ഇല്ല. സ്കൂളിന്റെ മൈതാനം നവീകരിച്ച് കുട്ടികളുടെ കായിക പരിശീലനത്തിന് ഉതകുന്ന തരത്തിലാക്കാൻ അധികൃതർ തയാറാകണം. നഗരത്തിലെ മറ്റ് സ്കൂളുകൾക്ക് എംഎൽഎ, എംപി ഫണ്ടുകൾ ലഭിക്കുമ്പോൾ അയ്യർകുളങ്ങര യുപി സ്കൂളിന് അവഗണന മാത്രമാണ് ലഭിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com