'ഞങ്ങൾ ആരാണെന്നാടീ നിന്റെ വിചാരം’, എന്നെ ഫോക്കസ് ചെയ്തായിരുന്നു അവരുടെ കമന്റടി; ഹൃദയം നുറുങ്ങി പെൺകുട്ടി പറയുന്നു

kottayam
തിങ്കളാഴ്ച രാത്രിയിൽ കോളജ് വിദ്യാർഥിനിയെയും സുഹൃത്തിനെയും യുവാക്കൾ സംഘം ചേർന്ന് ആക്രമിച്ച കോട്ടയം സെൻട്രൽ ജംക്‌ഷൻ ഭാഗം ഇന്നലെ രാത്രി 10.30ന് വിജനമായ നിലയിൽ. ചിത്രം: മനോരമ
SHARE

കോട്ടയം ∙ അക്ഷരനഗരിയിൽ രാത്രിയിൽ ഡിഗ്രി വിദ്യാർഥിനിക്കു നേരെയുണ്ടായത് ക്രൂരമായ ആക്രമണം. സുഹൃത്തിനൊപ്പം രാത്രി പത്തിനു ശേഷം നഗരത്തിലെ കടയിൽ ഭക്ഷണം കഴിക്കുമ്പോൾ തുടങ്ങിയ കമന്റടി ശാരീരികാക്രമണത്തിൽ കലാശിക്കുകയായിരുന്നു. മാനസികമായും ശാരീരികമായും താൻ തളർന്നുപോയെന്ന് കോട്ടയം മെഡിക്കൽ കോളജിലെ ആശുപത്രിക്കിടക്കയിൽ നിന്ന് വിദ്യാർഥിനി പറയുമ്പോൾ കേട്ടുനിന്നവരിലും അതു നോവു പടർത്തി. 

സംഭവത്തെക്കുറിച്ച്  വിദ്യാർഥിനി പറയുന്നു: കൂടുതലും എന്നെ ഫോക്കസ് ചെയ്തായിരുന്നു അവരുടെ കമന്റടി. ആ സമയത്ത് ഞാൻ അവിടെ ഇരുന്നതാണ് അവരെ പ്രകോപിപ്പിച്ചത്. എന്നെയാണ് അവർ കളിയാക്കിക്കൊണ്ടിരുന്നത്. മോശമായി പെരുമാറുകയും തെറിവിളിക്കുകയും ചെയ്തു. വൃത്തികേടുകളും അധിക്ഷേപങ്ങളും വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന അവരെ ഞാൻ പോടാ എന്ന് വിളിച്ച് പ്രതികരിച്ചു. അത് അവർക്ക് ഇഷ്ടപ്പെട്ടില്ല. കാറിൽ പിന്തുടർന്ന് എത്തി ബൈക്ക് തടഞ്ഞു. 

  എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെയാണ് തല്ലിത്തുടങ്ങിയത്. തടയാൻ ശ്രമിച്ചതോടെ എനിക്കു നേരെയായി ആക്രമണം. ‘ഞങ്ങൾ ആരാണെന്നാടീ നിന്റെ വിചാരം’ എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തി. പത്തു മിനിറ്റോളം ഇതു നീണ്ടു. അവസാനമാണ് പൊലീസ് വന്നത്. എന്റെ തലയ്ക്കും വയറിനും നല്ല വേദനയുണ്ട്.

ഇടയ്ക്കിടയ്ക്ക് കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ തോന്നുന്നു. മനസ്സും ശരീരവും ഇതുവരെ ശരിയായിട്ടില്ല.രാത്രി  ഒരു പെൺകുട്ടി ഇത്രയും ക്രൂരമായി ആക്രമിക്കപ്പെടുന്നത് കണ്ടിട്ടും അവിടെ ഉണ്ടായിരുന്ന ഒരാളുപോലും പ്രതികരിച്ചില്ലെന്നത് പേടിപ്പെടുത്തുന്നുണ്ട്. ശാരീരികമായും മാനസികമായും നേരിട്ട ആഘാതം  വിട്ടുമാറിയിട്ടില്ല.  സുഹൃത്തിനാണു കൂടുതൽ പരുക്കേറ്റത്.

അക്രമികളിൽ ഒരാൾ  അടിപിടിക്കേസിലും പ്രതി

കോട്ടയം∙ പ്രതികളിലൊരാളായ മുഹമ്മദ് അസ്‌ലമിനെതിരെ കുമരകം സ്റ്റേഷനിൽ അടിപിടിക്കേസുണ്ട്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ വെസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഒ ആർ. പ്രശാന്ത് കുമാർ, എസ്ഐമാരായ ടി. ശ്രീജിത്ത്, സജികുമാർ, എഎസ്ഐ കെ.ടി.രമേശ്‌, സിപിഒമാരായ ശ്രീജിത്ത്, ഷൈൻതമ്പി എന്നിവർ ഉൾപ്പെട്ട സംഘമാണ് നഗരമധ്യത്തിലെ ആക്രമണക്കേസ് അന്വേഷിക്കുന്നത്.

വി.എൻ. വാസവൻ മന്ത്രി : "യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച സംഭവം അങ്ങേയറ്റം ഹീനമായ ഒന്നാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് കർശന നടപടി ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി സർക്കാർ എടുക്കും."

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS