ADVERTISEMENT

കുമാരനല്ലൂർ ∙ 5 രൂപ കൊടുത്താൽ ചുട്ട 3 ചക്കക്കുരു കിട്ടും!. ചുട്ട ചേമ്പ്, കപ്പ, മധുരക്കിഴങ്ങ്, കാച്ചിൽ, കിഴങ്ങ് എന്നിവയെല്ലാം ചുട്ടത് ചൂടോടെ കഴിക്കണോ. ദേവീവിലാസം ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത് എത്തിയാൽ മതി. ഏതെടുത്താലും 5 രൂപ. ‘

ചൂരലും ചിരിയും’എന്ന പേരിൽ 1983 ബാച്ച് എസ്എസ്എൽസി വിദ്യാർഥികളുടെ കൂട്ടായ്മ ഒരുക്കിയ നാടൻ കടയിലാണ് ഈ വിഭവങ്ങൾ കിട്ടുന്നത്. ഇവയെല്ലാം വിളമ്പുന്നത് പാള കൊണ്ടുള്ള പ്ലേറ്റിലും. ചുക്കു കാപ്പിയും ചക്കര കാപ്പിയും ചൂടോടെ ഊതിക്കുടിച്ച് സ്കൂൾ മുറ്റത്തിന്റെ മറ്റേയറ്റത്ത് നടക്കുന്ന കലാവിരുന്നുകളും ആസ്വദിക്കാം. കട വൈകിട്ട് 5 മുതൽ രാത്രി 12 വരെ തുറന്നിരിക്കും.

ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വേറിട്ട എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലാണ് കടയുടെ ഉത്ഭവം. പഴയ പത്താം ക്ലാസിലെ പിള്ളേർ വാട്സാപ് കൂട്ടായ്മ രൂപീകരിച്ചു. ആശയം പങ്കുവച്ചു. എല്ലാവരും ലൈക്ക് ചെയ്തു. ആശയത്തിന്റെ സാക്ഷാൽക്കാരത്തിനായി സ്കൂളിലെ പൂർവ വിദ്യാർഥി ജി. സജിയെ ചുമതലപ്പെടുത്തി.

കൊടിയേറ്റിനു തലേ രാത്രി സ്കൂൾ ഗേറ്റിനു സമീപം കടയുടെ തട്ട് ഉയർന്നു. പഴയ ബ്ലാക് ആൻഡ് വൈറ്റ് സിനിമയുടെ പോസ്റ്റർ. ഓലമേഞ്ഞ മേൽക്കൂര. കൊടിയേറ്റ് ദിവസം വൈകിട്ട് കടയുടെ ഉദ്ഘാടനം നടത്തി. പഴയ കുട്ടികളിൽ ഒരാൾ ആനപ്പുറത്ത് കൈ നിറയെ ചൂരൽ വടിയുമായി കടയുടെ മുന്നിലെത്തി. അവിടെ കൂടി നിന്നവർ ആനയ്ക്ക് പഴം കൊടുത്ത് ഉദ്ഘാടനം നിർവഹിച്ചു.

നാടൻ കടയുടെ മുന്നിലെ ബോർഡിനുമുണ്ട് പ്രത്യേകത. ‘ചുട്ട അടി കൊണ്ടു വളർന്ന 1983 ബാച്ചിന്റെ ചുട്ട ഇന വിവരം’ എന്നാണ് ബോർഡ്. ഉത്സവമായതിനാൽ എല്ലാ കച്ചവടത്തിനുമുണ്ട് പ്രത്യേക ഇനം. അതിനാൽ ഇവിടെയും ഉത്സവ സ്പെഷൽ ഉണ്ട്– ചുട്ട തേങ്ങ. ഇതിനു പക്ഷേ, 100 രൂപ നൽകണം. തൊട്ടുകൂട്ടാൻ ചുട്ടരച്ച ചമ്മന്തി ഫ്രീ.

സാധനങ്ങളുടെ വില നേരിട്ട് വാങ്ങില്ല. കടയുടെ മുന്നിൽ പിടിപ്പിച്ചിട്ടുള്ള പഴയ ‘തപാൽ പെട്ടി’യിൽ ഇട്ടാൽ മതി. കൈകഴുകാൻ ചുടുവെള്ളവും പച്ചവെള്ളവും ഉണ്ട്. പഴയ കൂട്ടായ്മയിൽ കുമാരനല്ലൂരും പരിസരവും താമസിക്കുന്ന 18 പേരുണ്ട്. ഇവരുടെയെല്ലാം അധ്യാപകനായിരുന്ന പരമേശ്വരൻ ചെട്ടിയാരുടെ ഫോട്ടോ ഐശ്വര്യത്തിനായി കടയിൽ തൂക്കിയിട്ടുണ്ട്.

വാൽക്കഷണം: കുട്ടികളെ ആകർഷിക്കാൻ ഒരിനം. നാരങ്ങാ മിഠായിയും ഗ്യാസ് മിഠായിയും. വാങ്ങണമെങ്കിൽ 10 പൈസ നാണയം കൊണ്ടു വരണം. അല്ലെങ്കിൽ കടയിൽ എത്തി കൈ നീട്ടി, ചൂരലുകൊണ്ട് ഒരടി വാങ്ങണം. അപ്പോൾ ഒരു മിഠായി കിട്ടും. ഇവിടെ ക്ലാസ് മുറിയിൽ അധ്യാപകരും കുട്ടികളും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോയും കേൾക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com