ചങ്ങനാശേരി ∙ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ സ്ഥാപകൻ പി.എൻ.പണിക്കരുടെ ജന്മവീട് നാശത്തിന്റെ വക്കിൽ. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ മേൽക്കൂരയുടെ ഒരു ഭാഗം ഇടിഞ്ഞതോടെ ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് നീലംപേരൂർ പഞ്ചായത്ത് 3–ാം വാർഡിലുള്ള പുതുവായിൽ വീട്. വീടിന്റെ പരിസരം കാടുപിടിച്ചു. ഓടുകൾ മിക്കതും പൊട്ടി. മഴ പെയ്താൽ ഭിത്തികളും തറയും നനയും. ജനലുകൾ മിക്കതും ചിതലരിച്ചു
2020 അവസാനം പി.എൻ.പണിക്കരുടെ കുടുംബവീടും ഇതിനോടു ചേർന്നുള്ള ആറര സെന്റ് സ്ഥലവും കുടുംബാംഗങ്ങൾ സർക്കാരിന് എഴുതി നൽകിയിരുന്നു. പുളിങ്കുന്ന് സബ് റജിസ്ട്രാർ ഓഫിസിലാണ് ആധാരം ചെയ്തത്. മ്യൂസിയം ഉൾപ്പെടെയുള്ളവ നിർമിക്കാനുള്ള ആഗ്രഹത്തോടെയായിരുന്നു ഇത്. അടുത്ത വർഷത്തെ ബജറ്റിൽ ഫണ്ട് വകയിരുത്തുമെന്നു സാംസ്കാരിക വകുപ്പിൽ നിന്ന് അറിയിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. എന്നാൽ 2 വർഷമായിട്ടും നടപടിയില്ല.
ജന്മവീട് അതേപടി നിലനിർത്തി മ്യൂസിയം നിർമിക്കുന്നതിനുള്ള പ്ലാൻ സാംസ്കാരിക വകുപ്പിനു സമർപ്പിച്ചിരുന്നു. കോൺഫറൻസ് ഹാൾ, ഡിജിറ്റൽ ലൈബ്രറി, റിസർച് സെന്റർ എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയുള്ള കെട്ടിടം നിർമിക്കുന്നതിനുള്ള പ്ലാനാണു നൽകിയത്. നടപടികൾ വൈകുന്ന സാഹചര്യത്തിൽ അക്ഷരപ്രേമികളുടെ സഹകരണത്തോടെ വീടും പരിസരവും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും.
എൻ.ബാലഗോപാൽ (പി.എൻ.പണിക്കരുടെ മകൻ, പി.എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ)