കോട്ടയം ∙ നഗരത്തിൽ രാത്രി കോളജ് വിദ്യാർഥിനിയും സുഹൃത്തും ആക്രമിക്കപ്പെട്ട സംഭവത്തിൽ കോട്ടയത്തെ സിഐടിയുവിന്റെ ഇടപെടലിനെ കടത്തിവെട്ടി കണ്ണൂരിലെ സിപിഎം. ഇതോടെ വട്ടംകറങ്ങിയത് പൊലീസ്.നഗരത്തിൽ രാത്രി പതിനൊന്നരയ്ക്കു കോളജ് വിദ്യാർഥിനിയെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ 3 യുവാക്കൾ അറസ്റ്റിലായ ഉടനെ ജില്ലയിലെ സിഐടിയു നേതൃത്വം ഇടപെട്ടതായാണു വിവരം.
പ്രതികൾക്കെതിരെ നിസ്സാരകുറ്റങ്ങൾ മാത്രമേ ചുമത്താവൂയെന്നു സിഐടിയു നേതാക്കൾ പൊലീസിനോട് ആവശ്യപ്പെട്ടു. അതേസമയം, കോളജ് വിദ്യാർഥിനിയോടൊപ്പം ആക്രമിക്കപ്പെട്ട സുഹൃത്ത് കണ്ണൂർ സ്വദേശിയും വനിതാ പൊലീസിന്റെ മകനുമാണ്. പ്രതികളെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നുവെന്ന സൂചന ലഭിച്ച യുവാവ് കണ്ണൂരിലെ വീടുമായി ബന്ധപ്പെട്ടു. ഇവരുടെ കുടുംബം സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരാണ്.
തുടർന്നു എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ കോട്ടയത്തെ ജില്ലാ പൊലീസ് നേതൃത്വവുമായി ബന്ധപ്പെട്ടു. ഇതോടെയാണു പൊലീസ് ഉണർന്നു പ്രവർത്തിച്ചത്. ജയരാജന്റെ ഇടപെടലോടെ ഇവിടത്തെ സിഐടിയു നേതൃത്വം നിലപാടു മയപ്പെടുത്തി.അതേസമയം, കേസിൽ അറസ്റ്റിലായവരിൽ മുഹമ്മദ് അസ്‍ലം യൂത്ത് കോൺഗ്രസ് പ്രകടനത്തിനു നേരെ ആക്രമണം നടത്തിയ കേസിലും പ്രതിയാണെന്നു യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചു കോട്ടയത്തു നടന്ന റാലിക്കു നേരെയായിരുന്നു ആക്രമണം. യൂത്ത് കോൺഗ്രസ് പൊലീസിനു നൽകിയ പരാതിയിൽ മുഹമ്മദ് അസ്‌ലമിന്റെ പേരും ഉണ്ടായിരുന്നെങ്കിലും പൊലീസ് കേസെടുത്തില്ലെന്നും ആരോപണമുണ്ട്. അന്നു 3 പ്രതികളാണ് ഉണ്ടായിരുന്നതെന്നും അവരെ അറസ്റ്റ് ചെയ്തിരുന്നുവെന്നുമാണു പൊലീസ് വിശദീകരണം. കോളജ് വിദ്യാർഥിനിയും സുഹൃത്തും ആക്രമിക്കപ്പെട്ട സംഭവത്തിൽ മുഹമ്മദ് അസ്‍ലമിനെ കൂടാതെ അനസ് അഷ്കർ, ഷബീർ എന്നിവരാണ് റിമാൻഡിലായ മറ്റു പ്രതികൾ.
പ്രതിഷേധം തുടരുന്നു
കോട്ടയം ∙ സദാചാര ഗുണ്ടായിസത്തിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി നഗരത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കോട്ടയത്തു പെൺകുട്ടിക്കു നേരെ ആക്രമണമുണ്ടായതിൽ പ്രതിഷേധിച്ചു.ജില്ലാ സെക്രട്ടറി ഷീജ അനിൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.വി.ബിന്ദു, രമ മോഹൻ, കവിത റെജി, ജില്ലാ പ്രസിഡന്റ് പി.ആർ.സുഷമ, രാജി പി.ജോയ് എന്നിവർ പ്രസംഗിച്ചു.
∙ സംസ്ഥാനത്തു സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിൽ പൊലീസ് കാട്ടുന്ന അനാസ്ഥയ്ക്കെതിരെ മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി ‘പ്രതിഷേധാഗ്നി’ സംഘടിപ്പിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശോഭ സലിമോൻ അധ്യക്ഷത വഹിച്ചു.
ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് കല്ലാടൻ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ സിസി ബോബി, ഗീത ശ്രീകുമാർ, ബീന കുന്നത്ത്, നിയോജക മണ്ഡലം പ്രസിഡന്റ് മഞ്ജു എം.ചന്ദ്രൻ, വൈക്കം മണ്ഡലം പ്രസിഡന്റ് വിജയമ്മ ബാബു, ഓമന ഗോപാലൻ, ബിന്ദു സെബാസ്റ്റ്യൻ, ലാവണ്യ ഷിജു, ബിന്ദു ഐസക്, ഐവി ഐപ്പ്, ധന്യ സുരേഷ്, വിശാലാക്ഷി, വത്സല, നിഷ കൊച്ചുമോൻ എന്നിവർ പ്രസംഗിച്ചു.