വൈക്കം ∙ സ്ഥല പരിമിതിയിൽ വീർപ്പുമുട്ടി വൈക്കം ഗവൺമെന്റ് ആയുർവേദ ആശുപത്രി. ജില്ലയിലെ ആയുർവേദ ആശുപത്രികളിൽ ഏറ്റവും പഴക്കം ചെന്നതും മുൻനിരയിൽ പ്രവർത്തിക്കുന്ന ഒന്നാണ് വൈക്കം ആയുർവേദ ആശുപത്രി. 10കിടക്കകൾവീതമുള്ള 2 ജനറൽ വാർഡും 10 കിടക്കയുള്ള പേ വാർഡുമുണ്ട്. ആകെ30 പേർ കിടത്തി ചികിത്സയിലുണ്ട്. ദിനംപ്രതി 150ൽ അധികം പേർ ചികിത്സ തേടി എത്താറുണ്ട്. ഇതിൽ മിക്കവർക്കും കിടത്തി ചികിത്സ ആവശ്യമാണ്.
സ്ഥല പരിമിതി കാരണം മടക്കി അയയ്ക്കുന്ന സാഹചര്യമാണു നിലവിലുള്ളത്. 25ൽ അധികംപേർ കിടത്തി ചികിത്സയ്ക്ക് ബുക്ക് ചെയ്തിട്ടുണ്ട്.ആളുകൾ ഒഴിയുന്ന മുറയ്ക്കു മാത്രമാണ് ഇവർക്കു ചികിത്സ ലഭിക്കൂ. അടിയന്തര ചികിത്സ തേടി എത്തുന്നവരെ കിടത്താൻ സ്ഥലസൗകര്യം ഇല്ലാത്തത് ആശുപത്രി അധികൃതരെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ജെറിയാട്രിക് കെയർ പദ്ധതിയുടെ ഭാഗമായി മുഴുവൻ സൗജന്യ ചികിത്സ നൽകുന്നതിന് 10 കിടക്കകൾ മാറ്റിവയ്ക്കണമെന്നു സർക്കാർ നിർദേശം ഉണ്ടെങ്കിലും ഇതിനുള്ള സൗകര്യം ഇല്ല
6വർഷം മുൻപു പുതിയതായി മൂന്നുനിലക്കെട്ടിടം നിർമിച്ചെങ്കിലും നിർമാണത്തിലെ പിഴവു കാരണം താഴത്തെ നില മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുന്നത്. കാലപ്പഴക്കം ചെന്ന പ്രധാന കെട്ടിടം 2020ൽ അൺ ഫിറ്റായി പ്രഖ്യാപിച്ചതോടെ സ്ഥല പരിമിതി രൂക്ഷമായത്. ഈ കെട്ടിടം നാളിതുവരെ പൊളിച്ചു നീക്കിയിട്ടില്ല. പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമിച്ച് കിടക്കകളുടെ എണ്ണം കൂട്ടാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം എന്നതാണു പ്രദേശവാസികളുടെ ആവശ്യം
നിലവിൽ 3 ഡോക്ടർ, 2 നഴ്സ്, 2 നഴ്സിങ് അസിസ്റ്റന്റ്, ഉൾപ്പെടെ 12 ജീവനക്കാരാണുള്ളത്. ജില്ലയിലെ കോത്തല, വെളിയന്നൂർ, തുടങ്ങിയ ആശുപത്രികൾ 30 കിടക്കയുള്ള താലൂക്ക് ആശുപത്രിയാക്കി ഉയർത്തി പ്രവർത്തനം ആരംഭിച്ചെങ്കിലും വൈക്കത്തുകാർക്കു പ്രഖ്യാപനം മാത്രമാണ് ലഭിച്ചത്. 6 ശുചിമുറി ഉണ്ടെങ്കിലും മിക്കതും ഡോറുകൾ ഇല്ലാത്തതും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലുമാണ്. സമീപജില്ലകളിൽ നിന്നുള്ളവർ ഉൾപ്പെടെ ഒട്ടേറെ പേർ ഇവിടെ ചികിത്സ തേടി എത്താറുണ്ട്.