3 കെട്ടിടങ്ങളിൽ തുടക്കം, ജില്ലയുടെ അഭിമാനം: കോട്ടയം മെഡിക്കൽ കോളജ് അറുപതിന്റെ നിറവിൽ

kottayam-medical-college
കോട്ടയം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം.
SHARE

വാഴൂർ എംഎൽഎയും ആരോഗ്യ മന്ത്രിയുമായിരുന്ന വൈക്കം വേലപ്പനാണു മെഡിക്കൽ കോളജ് പദ്ധതിക്കു തുടക്കമിട്ടത്. ക്യാംപസിനായി ആദ്യം സ്ഥലം കണ്ടെത്തിയത് വടവാതൂരിലായിരുന്നു. ഏറ്റുമാനൂർ എംഎൽഎ ആയിരുന്ന ജോർജ് ജോസഫ് പൊടിപാറയുടെ ഇടപെടലിനെത്തുടർന്നാണു പദ്ധതി ആർപ്പൂക്കരയിൽ എത്തിയത്. 1961ൽ ആണ് പദ്ധതിക്കു തുടക്കം കുറിച്ചെങ്കിലും ആർപ്പൂക്കരയിൽ പ്രവർത്തനം ആരംഭിച്ചത് 1962ൽ. 

അന്നത്തെ ആരോഗ്യമന്ത്രി എം.പി.ഗോവിന്ദൻ നായരുടെ ശ്രമഫലമായാണു പദ്ധതി എളുപ്പത്തിൽ പൂർത്തിയായത്. 1961ലെ ആദ്യ ബാച്ച് ഒന്നര വർഷവും 1962ലെ രണ്ടാം ബാച്ച് ആറു മാസവും തിരുവനന്തപുരം മെഡിക്കൽ കോളജിലാണു പഠനം നടത്തിയത്‌. കോട്ടയത്തു ക്യാംപസ് തുറന്നതോടെ അങ്ങോട്ടേക്കു മാറ്റി. കോളജിന്റെ ഔപചാരിക ഉദ്ഘാടനം 1962 ഡിസംബർ 3ന് മുഖ്യമന്ത്രി ആർ.ശങ്കർ നിർവഹിച്ചു. സ്പെഷൽ ഓഫിസറായി നിയമിതനായ ഡോ. സി.എം.ഫ്രാൻസിസ് ആയിരുന്നു ആദ്യ പ്രിൻസിപ്പൽ.

കോളജിന് ആദ്യം ഒറ്റ നിലയിലുള്ള മൂന്നു കെട്ടിടങ്ങളാണു നിർമിച്ചത്. കോളജ് കെട്ടിടം, ഓഫിസ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ എന്നിങ്ങനെയായിരുന്നു അത്. 3 മാസം കൊണ്ടാണു നിർമാണം പൂർത്തിയാക്കിയത്. 5 വർഷത്തെ കാലാവധിക്കു ശേഷം പൊളിച്ചു പുതിയതു നിർമിക്കാനായിരുന്നു തീരുമാനം.  എന്നാൽ ഇന്നും കേടുപാടുകൾ കൂടാതെ ആ കെട്ടിടം നിലനിൽക്കുന്നതായി സർജറി വിഭാഗം മുൻ മേധാവി ഡോ. പി.ജി.രാമകൃഷ്ണപിള്ള ഓർക്കുന്നു.

ആദ്യം ജില്ലാ ആശുപത്രിയിൽ

കോളജ് പ്രവർത്തനം ആരംഭിച്ചെങ്കിലും ക്ലിനിക്കൽ പരിശീലനം നടന്നിരുന്നത് കോട്ടയം ജില്ലാ ആശുപത്രിയിലായിരുന്നു. അന്നു ജില്ലയിലെ പ്രധാന ആശുപത്രിയും ഇതായിരുന്നു. ഡോ. പരമേശ്വരനായിരുന്നു ആദ്യ സൂപ്രണ്ട്. എം.എം.ജോസഫ് ആദ്യ കോളജ് യൂണിയൻ ചെയർമാനും.

ആദ്യ വകുപ്പു മേധാവികൾ

പ്രിൻസിപ്പൽ സി.എം.ഫ്രാൻസിസ് ആയിരുന്നു ഫിസിയോളജി വിഭാഗം മേധാവി. ഡോ. മൊഹന്തി (അനാട്ടമി), ഡോ. യഗ്ന നാരായണ അയ്യർ (ബയോ കെമിസ്ട്രി), ഡോ. കല്യാണി (ഫാർമക്കോളജി), ഡോ. ബാലരാമൻ (പാത്തോളജി ), ഡോ. ജയരാമ പണിക്കർ (മൈക്രോ ബയോളജി), ഡോ. ഐസക്‌ ജോസഫ്‌ (പ്രവന്റിവ് മെഡിസിൻ), ഡോ. പരമേശ്വരൻ (മെഡിസിൻ), ഡോ. എൻ.ബൽസലം (സർജറി), ഡോ. മേരി ഫിലിപ് (ഗൈനക്കോളജി), ഡോ. എൽസി ഫിലിപ് (പീഡിയാട്രിക്സ്), ഡോ. ടി.ജെ.ജോസഫ്‌ (ഒഫ്താൽമോളജി), ഡോ. ജയ്തിലകൻ (ഇഎൻടി), ഡോ. കെ.വേണുഗോപാലൻ നായർ (ഓർത്തോപീഡിക്സ്) തുടങ്ങിയവരായിരുന്നു ആദ്യകാല മേധാവികൾ.

വിഷുക്കൈനീട്ടം കോളജ്

1962ൽ തന്നെ ക്യാംപസിനുള്ള സ്ഥലം കണ്ടെത്തി ഏറ്റെടുക്കൽ ആരംഭിച്ചിരുന്നു. കുമാരനല്ലൂർ, അതിരമ്പുഴ, ആർപ്പൂക്കര എന്നീ വില്ലേജുകളുടെ അതിർത്തി പങ്കിടുന്ന 295 ഏക്കർ സ്ഥലമാണ് ആശുപത്രിക്കും കോളജിനുമായി ഏറ്റെടുത്തത്. 1970ൽ ആർപ്പൂക്കരയിൽ മെഡിക്കൽ കോളജ് ആശുപത്രി സജ്ജമായി. നാലു നിലയിൽ രണ്ട് കെട്ടിടങ്ങളാണ് ആദ്യം നിർമിച്ചത്. തുടർന്നു സ്ഥലപ്പേര് ഗാന്ധിനഗർ എന്നു നാമകരണം ചെയ്തു. 1970 ഏപ്രിൽ 14നു വിഷു ദിനത്തിലാണ്   കെട്ടിടം നാടിനു സമർപ്പിച്ചത്.

ആദ്യം ഇങ്ങനെ

1970ൽ മെഡിസിൻ, സർജറി, ഡെന്റൽ, ഓർത്തോപീഡിക്സ് വിഭാഗങ്ങൾ ഗാന്ധിനഗറിലെ പുതിയ കെട്ടിടത്തിലേക്കു മാറ്റി. 261 കിടക്കകളാണ് ഉണ്ടായിരുന്നത്. ഒപി(1) ഐപി(1) സർജറി വിഭാഗം എന്നിങ്ങനെയായിരുന്നു സൗകര്യങ്ങൾ. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഒപി പ്രവർത്തിച്ചിരുന്നത്. അസിസ്റ്റന്റ് പ്രഫസർമാർ, മൂന്നോ നാലോ ട്യൂട്ടർമാർ എന്നിവരടങ്ങുന്ന സംഘം ഓരോ വിഭാഗത്തിലും ഉണ്ടായിരുന്നു. മെഡിസിൻ, സർജറി വിഭാഗത്തിൽ രണ്ടു ചീഫ് ഡോക്ടർമാരുടെയും ജൂനിയർ ഡോക്ടർമാരുടെയും സേവനം ലഭ്യമായിരുന്നു. കൊട്ടാരക്കര, തൃശൂർ, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നു രോഗികൾ എത്തിയിരുന്ന.

 ഇപ്പോൾ ഇങ്ങനെ

ഇപ്പോൾ 43 വിഭാഗമാണുള്ളത്. 2300 ബെഡ്, അഞ്ഞൂറിലധികം ഡോക്ടർമാർ, ഇരുനൂറിലധികം ഓഫിസ് സ്റ്റാഫ്, നൂറുകണക്കിനു മറ്റു ജീവനക്കാർ എന്നിവർ സേവനം ചെയ്യുന്നു. എംബിബിഎസ് (175 ), പിജി (117), ബിഫാം, ഡിഫാം (106) എന്നിങ്ങനെയാണ് മെഡിക്കൽ സീറ്റുകളുടെ എണ്ണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS