ADVERTISEMENT

എരുമേലി∙ പരമ്പരാഗത കാനനപാതയിലൂടെ ഇതുവരെ യാത്ര ചെയ്തത് 10050 തീർഥാടകർ. ആചാരാനുഷ്ഠാനത്തോടെ എരുമേലിയിൽ നിന്ന് പേരൂത്തോട് വഴി വരുന്ന തീർഥാടകർ കോയിക്കക്കാവ് ചെക്ക് പോസ്റ്റ് വഴിയാണ് കാനന പാതയിലേക്ക് പ്രവേശിക്കുന്നത്. കോയിക്കക്കാവ് വനംവകുപ്പ് ഓഫിസിനു മുന്നിലാണ് തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്. ശുചിമുറി, കുടിവെള്ള സൗകര്യം വിരിവയ്ക്കാനുള്ള സൗകര്യം എന്നിവ ഇവിടെയുണ്ട്. 

കോയിക്കക്കാവ് വഴി കാനനപാതയിൽ പ്രവേശിക്കുന്ന തീർഥാടകരുടെ വിവരങ്ങൾ ഇവിടെ ശേഖരിക്കുന്നുണ്ട്. ആദ്യ ദിവസങ്ങളിൽ കുറവായിരുന്നെങ്കിലും ഇപ്പോൾ ശരാശരി 1000 പേർ വീതം ദിവസവും കാനനപാത ഉപയോഗിക്കുന്നുണ്ട്. വൈകിട്ട് 4 വരെയാണ് കോയിക്കക്കാവിൽ നിന്ന് തീർഥാടകരെ വനത്തിലൂടെ കടത്തിവിടുക.

ഇന്നലെയും നാലിനു ശേഷം നൂറുകണക്കിനു തീർഥാടകർ കാനനപാത വഴി പോകുന്നതിന് എത്തിയെങ്കിലും സമയപരിധി കഴിഞ്ഞതിനാൽ ഇവർക്കു കടന്നുപോകാൻ കഴിഞ്ഞില്ല. പരമാവധി രണ്ടര മണിക്കൂർ സമയം കൊണ്ട് വനത്തിലൂടെ 7 കിലോമീറ്റർ യാത്ര ചെയ്ത് ജില്ലാ അതിർത്തിയായ കാളകെട്ടി ക്ഷേത്രത്തിൽ എത്താൻ കഴിയും. അവിടെ നിന്ന് അഴുതക്കടവ് കാനന പാത ഇടുക്കി ജില്ലയിലാണ്. ഇവിടെ നിന്ന് ഉച്ചയ്ക്ക് 2.30 വരെയാണ് തീർഥാടകരെ കടത്തി വിടുന്നത്.

തീർഥാടകരെ പിഴിഞ്ഞ് ശുചിമുറി, പാർക്കിങ്  

  രാത്രികാലങ്ങളിൽ ശുചിമുറി ഉപയോഗിക്കുന്ന ഇതര സംസ്ഥാന തീർഥാടകരോടു ജില്ലാ ഭരണകൂടം നിശ്ചയിച്ച നിരക്കിന്റെ 3 ഇരട്ടി തുക വരെ വാങ്ങുന്നുവെന്നാണു പരാതി. പലരും പരാതി നൽകാതെ മടങ്ങുകയാണ്. ചോദ്യം ചെയ്യുന്ന തീർഥാടകരെ സംഘടിച്ച് എത്തി ഭീഷണിപ്പടുത്തുന്നതായും പരാതിയുണ്ട്.  പാർക്കിങ് മൈതാനങ്ങളിലും സമാനവിധത്തിൽ ചൂഷണം ചെയ്യുന്നുണ്ട്.

മൈതാനങ്ങളുടെ പേര് എഴുതാത്ത ബില്ലുകളാണ്   നൽകുന്നത്. കലക്ടർ നിശ്ചയിച്ചതിലും 3 ഇരട്ടി വരെ പാർക്കിങ് ഫീസ് വാങ്ങിയ സംഭവങ്ങളുമുണ്ട്. ഇത്തരത്തിലുള്ള പരാതികൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനു ക്ഷേത്രപരിസരത്ത് പരാതിപ്പെട്ടികൾ സ്ഥാപിക്കാൻ മന്ത്രി ജി.ആർ. അനിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെങ്കിലും ഇവ സ്ഥാപിച്ചിട്ടില്ല.

 

 

കുളിക്കടവുകൾ  നിറ​ഞ്ഞ്

ഷാംപു പാക്കറ്റുകൾ

തീർഥാടകർ കുളിക്കുന്ന എരുമേലി വലിയ തോട്, ഓരുങ്കൽക്കടവ്, കണമല തുടങ്ങിയ കടവുകളിൽ ഷാംപു കവറുകൾ നിറഞ്ഞ് പരിസര മലിനീകരണത്തിനു കാരണമാകുന്നതായി പരാതി. പേട്ട തുള്ളി എത്തുന്ന തീർഥാടകർക്ക് ഒറ്റത്തവണ കുളിക്കുന്നതിനുള്ള ഒരു രൂപയുടെയും രണ്ടു രൂപയുടെയും ചെറിയ സാംപിൾ ഷാംപു പാക്കറ്റുകളും ചെറിയ സോപ്പും കുളിക്കടവുകളിൽ വ്യാപകമായി വിൽക്കുകയാണ്. ഇതിന്റെ കവറുകൾ കുളിക്കടവുകളിൽ നിറഞ്ഞ നിലയിലാണ്. 

തോട്ടിലും പതിനായിരക്കണക്കിനു ഷാംപു പാക്കറ്റുകളും സോപ്പ് കവറുകളുമാണ്. 

തീർഥാടനത്തിന് മുന്നോടിയായി ജില്ലാ പൊലീസ് മേധാവി വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇത്തരം ഷാംപു നിയന്ത്രിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഷാംപു ചെറിയ കവറുകൾക്കു പകരമായി കടവുകളിൽ തീർഥാടകർക്ക് ആവശ്യമായ അളവിൽ എടുക്കുന്ന വിധം ഷാംപു നിറച്ച ജാറുകൾ സ്ഥാപിക്കാം എന്നതായിരുന്നു നിർദേശം. ഇത് നടപ്പായില്ല. ഓരോ കടവുകളിലും ചെറിയ ഷാംപു കവറുകൾ വിൽക്കാൻ തന്നെ അനേകം പേരാണ് നിൽക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com