ADVERTISEMENT

കോട്ടയം ∙ പാർട്ടിയുടെ വ്യവസ്ഥാപിത ചട്ടക്കൂട് പൊളിക്കണ്ടെന്നു കരുതിയാണു യൂത്ത് കോൺഗ്രസിന്റെ മഹാസമ്മേളനത്തിൽ നിന്നു വിട്ടുനിന്നതെന്നു കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ . സമ്മേളനം നടത്തുന്ന വിവരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിച്ചില്ല എന്നു ഡിസിസി പ്രസിഡന്റ് അറിയിച്ചു. പാർട്ടി ചട്ടക്കൂട് മറികടക്കുന്നതിന് കൂട്ടുനിൽക്കില്ല. പാർട്ടിയിൽ ശശി തരൂർ സമാന്തര നീക്കം നടത്തുമെന്നു കരുതുന്നില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഇന്നലെ രാവിലെ തിരുവഞ്ചൂരിന്റെ വീട്ടിലെത്തി  ചർച്ച നടത്തിയിരുന്നു. 

അച്ചടക്ക സമിതിക്കു പരാതിനൽകും: നാട്ടകം സുരേഷ്

കോട്ടയം ∙ ഈരാറ്റുപേട്ടയിൽ ശശി തരൂർ എംപി പ്രസംഗിക്കുമ്പോൾ എലിക്കുളത്തു നിന്നു കടുത്തുരുത്തിയിലേക്കുള്ള യാത്രയിലായിരുന്നു ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. പ്രഫ.കെ.എം.ചാണ്ടി അനുസ്മരണ പ്രഭാഷണം നടക്കുന്ന പാലാ ടൗൺഹാളിൽ തരൂർ എത്തുന്നതിനു മുമ്പ് എത്തിയ നാട്ടകം സുരേഷ് പാലായിൽ തന്നെ എലിക്കുളം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പോയി.  തുടർന്ന് കടുത്തുരുത്തിയിലും ബാങ്ക് തിരഞ്ഞെടുപ്പു സംബന്ധിച്ച് പ്രവർത്തനങ്ങൾക്കായി പോയി.

തരൂരുമായി വേദി പങ്കിടാൻ താൽപര്യമില്ലാത്തതിനാലാണ് മടങ്ങുന്നതെന്നു കെ. എം. ചാണ്ടിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്തു.കോട്ടയം ജില്ലയിൽ എത്തുന്ന വിവരം തന്നെ അറിയിച്ചുവെന്ന ശശി തരൂരിന്റെ വാദം അടിസ്ഥാന രഹിതമാണെന്നു നാട്ടകം സുരേഷ്  പറഞ്ഞു. തരൂരിന്റെ ഓഫിസിൽ നിന്നു വിളിച്ചിരുന്നു എന്നതു സത്യമാണ്. പക്ഷേ എന്താണു പറഞ്ഞതെന്നു കേൾക്കാൻ കഴിഞ്ഞില്ല. വീണ്ടും വിളിക്കാമെന്നു പറഞ്ഞു ഫോൺ വച്ചു. ശശി തരൂർ എത്ര വലിയ ആളായാലും പാർട്ടിക്ക് ദോഷം വരുന്ന കാര്യങ്ങൾ ചെയ്യരുത്. ഡിസിസിയോട് ആലോചിക്കാതെ പരിപാടി സംഘടിപ്പിച്ചതിനും ജില്ലയിലെത്തുന്ന കാര്യം ഡിസിസി പ്രസിഡന്റിനെ അറിയിക്കാതിരുന്നതിനും കെപിസിസി പ്രസിഡന്റിനും എഐസിസിക്കും അച്ചടക്ക സമിതിക്കും പരാതി നൽകുമെന്നു നാട്ടകം സുരേഷ് പറ​ഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com