ADVERTISEMENT

എരുമേലിയിൽ ∙ ശബരിമല പാതയിലും എരുമേലിയിലും ഭക്ഷ്യവസ്തുക്കൾക്ക് വിൽക്കുന്ന കടകളിൽ പരിശോധനകൾ കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. കഴിഞ്ഞ 17 മുതൽ ഇന്നലെ വരെ ഭക്ഷ്യസുരക്ഷാ സ്ക്വാഡ് 314 ഭക്ഷ്യ വസ്തുക്കളാണ് പരിശോധിച്ചത്. 82 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. 2 സ്ഥാപനങ്ങൾക്ക് പിഴ ഇടാക്കുന്നതിനും നോട്ടിസ് നൽകി. 4 സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നോട്ടിസ് നൽകി.

58 സാംപിളുകൾ കൂടുതൽ പരിശോധനകൾക്ക് അയച്ചു. 5 ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് എരുമേലി മുതൽ കണമല വരെയുള്ള കടകളിൽ നിന്ന് ഭക്ഷണ സാംപിളുകൾ ശേഖരിച്ച് പരിശോധിക്കുന്നത്. ശേഖരിക്കുന്ന സാംപിളുകൾ അതത് ദിവസം തന്നെ പരിശോധിക്കുന്നതിനുള്ള മൊബൈൽ ലബോറട്ടറിയും എരുമേലിയിൽ സജ്ജമാണ്.

പാക്കറ്റ് ഭക്ഷ്യ വസ്തുക്കൾ, ശീതള പാനീയങ്ങൾ എന്നിവ അത‌ത് ദിവസം തന്നെ പരിശോധിക്കും. പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ തിരുവനന്തപുരത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ലബോറട്ടറിയിലേക്കാണ് അയയ്ക്കുന്നത്. മണ്ഡല, മകര വിളക്ക് കാലത്ത് മുഴുവൻ സമയവും ഭക്ഷ്യസുരക്ഷാ സ്ക്വാഡ് എരുമേലിയിൽ തങ്ങി പരിശോധനകൾ നടത്തും.

ആരോഗ്യ കാർഡ് ഇതുവരെ 484 പേർക്ക്

എരുമേലിയിലും പരിസരങ്ങളിലും ഹോട്ടലുകളും ഭക്ഷണം പാചകവും വിതരണവും ചെയ്യുന്ന മേഖലകളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന 484 പേർക്കാണ് ആരോഗ്യ വകുപ്പ്  കാർഡ് വിതരണം ചെയ്തത്. ഇതിൽ ഭൂരിഭാഗവും താൽക്കാലിക കടകളിൽ ജോലി ചെയ്യുന്നവരാണ്. ആരോഗ്യ വകുപ്പിന്റെ പരിശോധനാ സമയം ആരോഗ്യ കാർഡ് ഇല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കും. ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലങ്ങളിലും വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും ആരോഗ്യ കാർഡ് ധരിച്ചിരിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com