ADVERTISEMENT

എരുമേലി ∙ പരമ്പരാഗത കാനനപാത വഴിയുള്ള തീർഥാടകരുടെ തിരക്ക് ഏറിയെങ്കിലും കാനന പാതയിലേക്കു പ്രവേശിക്കുന്ന കോയിക്കക്കാവിൽ അടിസ്ഥാന സൗകര്യങ്ങളില്ല. പ്രതിദിനം രണ്ടായിരത്തിലധികം തീർഥാടകരാണ് കാനന പാത വഴി പോകുന്നത്. കോയിക്കക്കാവ് വനംവകുപ്പ് ചെക്ക് പോസ്റ്റിൽ നിന്നാണു തീർഥാടകർ കാനന പാതയിലേക്ക് പ്രവേശിക്കുന്നത്.

എന്നാൽ ഇവിടെ ശുചിമുറി സൗകര്യങ്ങൾ സർക്കാർ– ദേവസ്വം തലത്തിൽ സ്ഥാപിച്ചിട്ടില്ല. ബയോ ടോയ്‌ലറ്റുകൾ സ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും സജ്ജമായിട്ടില്ല. സ്വകാര്യ വ്യക്തികൾ നടക്കുന്ന ശുചിമുറികൾ മാത്രമാണ് ഇവിടെയുള്ളത്.വൈകിട്ട് 4 വരെയാണു തീർഥാടകരെ കടത്തി വിടുന്നത്. ഇതിനു ശേഷം വരുന്നവർ ഇവിടെ തങ്ങുകയാണ്. മിക്ക ദിവസവും രാത്രി നൂറിൽ അധികം തീർഥാടകർ വിരിവയ്ക്കാറുണ്ട്. വനംവകുപ്പ് ഓഫിസിലെ ഉൾപ്പെടെ ശുചിമുറികളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

വരും ദിവസങ്ങളിൽ തിരക്കു വർധിച്ചാൽ ശുചിമുറി സൗകര്യങ്ങളുടെ അഭാവം പ്രതിസന്ധിയുണ്ടാക്കും. ആരോഗ്യ വകുപ്പ് കോയിക്കക്കാവിൽ ആംബുലൻസ് സേവനം ലഭ്യമാക്കിയിട്ടില്ല.

റിങ് റോഡുകൾ വികസിപ്പിക്കണമെന്ന് ആവശ്യം

അയ്യപ്പ ഭക്തർക്ക് ഭയം കൂടാതെ പേട്ടതുള്ളലിനു കൂടുതൽ റിങ് റോഡുകൾ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എരുമേലി ഡവലപ്മെന്റ് കൗൺസിൽ മുഖ്യമന്ത്രിക്കു നിവേദനം നൽകി. കരിമരത്തുങ്കൽ പാലം റോഡും പൊലീസ് സ്റ്റേഷൻ വഴിയുള്ള വിനായക ക്ഷേത്രം റോഡും രണ്ടു വരിയാക്കി വികസിപ്പിച്ചാൽ തീർഥാടന പാതയിൽ തിരക്കൊഴിവാക്കാം. വലിയമ്പലത്തിനു മുന്നിലൂടെ ഒഴുകുന്ന വലിയതോട്ടിലെ ചെക്ഡാം കെഎസ്ആർടിസി ജംക്‌ഷനിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും കൂടുതൽ കുളിക്കടവുകൾ പണിയണമെന്നും തോട്ടിലെ നീരൊഴുക്ക് വർധിപ്പിക്കാൻ മണിയാർ ഡാമിൽ നിന്നു കനാൽ വഴി ജലം എത്തിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

നിർദേശങ്ങളിൽ പഠനം നടത്തി നടപടി സ്വീകരിക്കാമെന്നു മുഖ്യമന്ത്രി അറിയിച്ചതായി ഡവലപ്മെന്റ് കൗൺസിൽ ചെയർമാൻ ബാബു തോമസ് പറഞ്ഞു.

പമ്പാ സർവീസിന് ബസ് ക്ഷാമം

തീർഥാടക തിരക്ക് ഏറിയെങ്കിലും എരുമേലി – പമ്പ സ്പെഷൽ സർവീസ് നടത്തുന്നതിനു കെഎസ്ആർടിസി ബസുകൾ കുറവ്. നിലവിൽ 13 ബസുകളാണ് എരുമേലി ഡിപ്പോയിലുള്ളത്. പമ്പാ സർവീസിനു വേണ്ടി അനുവദിച്ച 10 ബസുകൾ കൂടാതെ എരുമേലി ഡിപ്പോയിലെ ഒരു ബസും പൊൻകുന്നം ഡിപ്പോയിലെ 2 ബസുകളുമാണു ഉപയോഗിക്കുന്നത്. 

ഇതുപയോഗിച്ചു 45 ട്രിപ്പുകൾ വരെയാണു ദിവസവും നടത്തുന്നത്. തിരക്ക് കൂടുന്ന സാഹചര്യമായതിനാൽ 5 ബസുകൾ കൂടി അധികമായി വേണമെന്ന് എരുമേലി ഡിപ്പോ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ലഭ്യമായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com