കോട്ടയം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി നിയമിച്ച 800 ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചില്ല. 179 ദിവസം കൂടുമ്പോൾ കരാർ പുതുക്കുന്ന ജീവനക്കാർക്കാണ് 17 ദിവസം കഴിഞ്ഞിട്ടും ശമ്പളം വൈകുന്നത്. ഏതെങ്കിലും ഫണ്ട് ലഭ്യമാകുന്ന മുറയ്ക്കു ശമ്പളം നൽകാമെന്നാണ് ഇവരെ അറിയിച്ചിരിക്കുന്നത്.
6 വർഷത്തിനിടെ നിയമിക്കപ്പെട്ടവരാണ് ഇവരിൽ അധികവും. എല്ലാ വിഭാഗങ്ങളിലുള്ള ജീവനക്കാരും ഇക്കൂട്ടത്തിലുണ്ട്. 6 മാസം കൂടുമ്പോൾ ഇവരുടെ കരാർ പുതുക്കും. ഈ സമയം 200 രൂപ മുദ്രപ്പത്രത്തിൽ, ആനുകൂല്യങ്ങൾ ആവശ്യപ്പെടില്ല എന്നും സമരം ചെയ്യില്ല എന്നും വ്യവസ്ഥ എഴുതി നൽകിയാൽ മാത്രമേ കരാർ പുതുക്കുകയുള്ളൂ. സിപിഎം നേതാക്കളുടെ നിർദേശം പാലിച്ച് അധികൃതർ നിയമിച്ചവരാണ് ഇവരിൽ ഭൂരിഭാഗവും.