റിപ്പബ്ലിക് ദിനത്തിൽ പരേഡ് നയിച്ചതിന്റെ ഓർമകളിൽ ഗീതാകുമാരി; ആദ്യത്തെ മലയാളി പെൺകുട്ടിക്ക് 50 സല്യൂട്ട്

kv-geetha-kumari
കെവി ഗീതാകുമാരികേരള സംഘത്തിനുള്ള ട്രോഫി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്ന് ഗീതാകുമാരി ഏറ്റുവാങ്ങിയപ്പോൾ (മനോരമ 1973ൽ പ്രസിദ്ധീകരിച്ച ചിത്രം).
SHARE

കോട്ടയം ∙ ‘ദഹ്നേ സല്യൂട്ട്’ എന്ന കമാൻഡിൽ 90 വനിതാ എൻസിസി കെഡറ്റുകൾ ഒരേ സമയം അന്നത്തെ രാഷ്ട്രപതി വി.വി.ഗിരിയെ സല്യൂട്ട് ചെയ്ത് മുന്നോട്ടു നീങ്ങി. ന്യൂഡൽഹിയിൽ 1973ലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന് അഭിമാനമായി മുഴങ്ങിക്കേട്ട ആ കമാൻഡിനു നാളെ സുവർണജൂബിലി തിളക്കം.

73ലെ പരേഡിൽ സീനിയർ വിങ് ഗേൾസിന്റെ 90 അംഗ പ്ലറ്റൂണിനെ നയിച്ചത് കണ്ടിൻജന്റ് കമാൻഡറായ കോട്ടയം നാഗമ്പടം പുതുപ്പറമ്പിൽ കെ.വി.ഗീതാകുമാരിയാണ്.ആദ്യമായാണ് ഒരു മലയാളി, പരേഡ് കമാൻഡറായതെന്ന് കേരള എൻസിസി ഡയറക്ടർ അക്കാലത്ത് നൽകിയ അഭിനന്ദനക്കത്തിൽ വായിച്ചപ്പോൾ അഭിമാനം തോന്നി’

ഗീതാകുമാരി (69) പറഞ്ഞു. 16 ഡയറക്ടറേറ്റിൽ നിന്നുള്ള മികച്ച കെഡറ്റുമാരിൽ ബെസ്റ്റ് കെഡറ്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണു പരേഡ് നയിക്കാനുള്ള ചുമതല ലഭിച്ചത്. 1973 ജനുവരി 27ന് കേരള സംഘത്തെ പ്രതിനിധീകരിച്ച് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്നു ട്രോഫി വാങ്ങിയതും ഗീതാകുമാരിയാണ്.

അന്നത്തെ ഓർമകളിലേക്ക് ഒരു മാർച്ച് പാസ്റ്റ്: ‘രാഷ്ട്രപതി ഭവന്റെ പുറത്തുള്ള മാന്തോപ്പിൽ മൂന്നു ദിവസം പുലർച്ചെ 5 മുതൽ ഉച്ചയ്ക്കു12 വരെ കഠിനമായ പരിശീലനം. 6 കിലോമീറ്ററാണു പരേഡ്. ഉച്ചത്തിൽ കമാൻഡ് നൽകുമ്പോൾ ശബ്ദം പ്രശ്നമാകാതിരിക്കാനുള്ള പരിശീലനം തിരുവനന്തപുരത്തുനിന്നു ലഭിച്ചിരുന്നു.

വയറിൽ കൈവച്ച് ഉച്ചത്തിൽ കമാൻഡ് ചെയ്താണു ശീലിപ്പിച്ചത്. ബിസിഎം കോളജിൽ നിന്നുള്ള ലീലാമ്മ കുര്യൻ ഉൾപ്പെടെ കേരളത്തിൽ നിന്ന് 20 പേരാണു ഡൽഹിക്കു പോയത്. മേജർ എൻ.സി.നായർ, ക്യാപ്റ്റൻ സുമ എന്നിവർക്കായിരുന്നു നേത‍ൃത്വം.’ ബിസിഎം കോളജിൽ സോഷ്യോളജി ബിരുദ വിദ്യാർഥിയായിരിക്കുമ്പോൾ

1972ലും ഗീതാകുമാരി ബെസ്റ്റ് കെഡറ്റായി റിപ്പബ്ലിക് ദിന പരേഡിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബംഗ്ലദേശ് യുദ്ധം മൂലം ആ വർഷം പരേഡ് നടന്നില്ല.വിജിലൻസ് അഡീഷനൽ സെക്രട്ടറിയായി വിരമിച്ച ഗീതാകുമാരി ഇപ്പോൾ കോട്ടയം നാഗമ്പടത്തെ വീട്ടിൽ ഭർത്താവ് ബിഎസ്എൻഎൽ റിട്ട. ഡപ്യൂട്ടി എൻജിനീയർ ടി.എൻ.രാജപ്പനും മകൻ കൃഷ്ണ ആനന്ദിനുമൊപ്പം കഴിയുന്നു. എൻജിനീയറിങ് കോളജ് അധ്യാപികയായ മകൾ ആര്യ രാജനും എൻസിസി കെഡറ്റായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS