പാലാ ∙ നഗരത്തിലെ ഒരു റസ്റ്ററന്റിൽ നിന്ന് വൻതോതിൽ മാലിന്യം പുറത്തേക്കൊഴുക്കുന്നതായി നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലറുടെ പരാതി. 10 മിനിറ്റിനുള്ളിൽ പരിശോധന നടത്തി അടിയന്തര നടപടി സ്വീകരിക്കാൻ നഗരസഭാധ്യക്ഷ ജോസിൻ ബിനോയും ഉദ്യോഗസ്ഥരും.കിഴതടിയൂർ ജംക്‌ഷനിലെ ഒരു ബേക്കറി കം റസ്റ്ററന്റിനെക്കുറിച്ചാണ് ഇന്നലെ നഗരസഭാ യോഗത്തിൽ കൗൺസിലർ ജിമ്മി ജോസഫ് ആക്ഷേപം ഉന്നയിച്ചത്. റസ്റ്ററന്റിൽ നിന്ന് മലിന ജലം ളാലം തോട്ടിലേക്ക് ഒഴുക്കുന്നതായി ജിമ്മി ആരോപിച്ചു. ഈ ഭാഗത്ത് റോഡിൽക്കൂടി നടക്കാൻപോലും കഴിയാത്തവിധം ദുർഗന്ധം ഉയരുന്നുണ്ടെന്നും ജിമ്മി പറഞ്ഞു.
യോഗം കഴിഞ്ഞയുടൻ റസ്റ്ററന്റിൽ നഗരസഭാധ്യക്ഷ ജോസിൻ ബിനോ, ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം പരിശോധന നടത്തി. ഭരണപക്ഷ കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടം, ഷീബ ജിയോ, സന്ധ്യ വിനുകുമാർ എന്നിവരും ഉണ്ടായിരുന്നു. കടുത്ത ദുർഗന്ധം നേരിട്ട് ബോധ്യപ്പെട്ടതായി നഗരസഭാധ്യക്ഷ പറഞ്ഞു. 5 ദിവസത്തിനുള്ളിൽ പ്രശ്‌നം പരിഹരിച്ച് മാലിന്യം ഒഴുക്കുന്നതു നിർത്തിയില്ലെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാധ്യക്ഷ ജോസിൻ ബിനോ പറഞ്ഞു.
വേണ്ട സർട്ടിഫിക്കറ്റുകൾ പോലും ഇല്ലാതെയാണ് റസ്റ്ററന്റ് പ്രവർത്തിക്കുന്നതെന്ന് കൗൺസിലർ ബിനു പുളിക്കക്കണ്ടം പറഞ്ഞു. ഇതിനെതിരെ നഗരസഭാ അധികാരികളും ആരോഗ്യ വിഭാഗവും കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു. ജോസിൻ ബിനോ നഗരസഭാധ്യക്ഷയായി ചുമതലയേറ്റ ശേഷം ആദ്യം നടത്തിയ കൗൺസിൽ യോഗമായിരുന്നു ഇന്നലത്തേത്.