കോട്ടയം∙ ജീവനേക്കാളേറെ സ്നേഹിച്ച മുടി തന്നെ തന്റെ ജീവൻ രക്ഷിച്ചതിന്റെ സന്തോഷത്തിലാണ് കുറിച്ചി സചിവോത്തമപുരം കേശവീയം വീട്ടിൽ അമ്പിളി അജിത്ത് (36). കഴിഞ്ഞ ദിവസം എംസി റോഡിൽ ചിങ്ങവനം പുത്തൻപാലത്തിനടുത്തു കെഎസ്ആർടിസി ബസിനടിയിലേക്കു വീണ് ചക്രത്തിൽ മുടി കുരുങ്ങിയ അമ്പിളിയെ ‘തലനാരിഴ മുറിച്ച്’ രക്ഷപ്പെടുത്തിയത് സമീപത്തായി തട്ടുകട നടത്തുന്ന കൃഷ്ണനാണ്.
ടയറിനടിയിൽ നിന്നു മുടിമുറിച്ചു രക്ഷിക്കുമ്പോഴും ‘മുറിക്കല്ലേ’ എന്നു പറഞ്ഞ് അമ്പിളി വിതുമ്പുകയായിരുന്നുവെന്നു കൃഷ്ണൻ പറഞ്ഞു. ഇളംകാവ് മലകുന്നം സ്കൂൾ ബസിലെ ആയയായി ജോലിചെയ്യുന്ന അമ്പിളി സ്കൂൾ ബസിലുണ്ടായിരുന്ന കുട്ടികളെ റോഡ് കടത്തി വിട്ടതിനു ശേഷം തിരികെ പോകുമ്പോഴായിരുന്നു അപകടം. റോഡ് കടക്കുമ്പോൾ ഇരുവശത്തും നോക്കിയിരുന്നെങ്കിലും ദൂരെനിന്നു വരുന്ന വാഹനങ്ങളാണ് ഉണ്ടായിരുന്നതെന്ന് അമ്പിളി പറഞ്ഞു. ഇതിനിടയിൽ അമിതവേഗത്തിൽ ഓവർടേക്ക് ചെയ്തുവന്ന സൂപ്പർ ഫാസ്റ്റ് ബസ് കണ്ട് വെപ്രാളപ്പെട്ട് കാൽ വഴുതിയാണു വീണത്.
Also read: ബസിനടിയിലേക്ക് വീണ യുവതിയുടെ മുടി ടയറിനിടയിൽ കുടുങ്ങി; മുടി മുറിച്ച് രക്ഷപ്പെടുത്തി
സംഭവത്തെക്കുറിച്ച് അമ്പിളി പറയുന്നത് ഇങ്ങനെ : അന്ന് പതിവില്ലാതെ അമ്മ താമസിച്ചേ വരൂ എന്നു മക്കളോടു പറഞ്ഞിട്ടാണ് ജോലിക്ക് ഇറങ്ങിയത്. സ്കൂൾ ബസിലെ കുട്ടികളെ ആദ്യമേ റോഡ് കടത്തി സുരക്ഷിതരാക്കി. സംഭവം ഓർക്കുമ്പോൾ തന്നെ ശരീരം വിറയ്ക്കുന്നു. ഡ്രൈവറുടെ കൃത്യമായ ഇടപെടലിൽ തലയിലൂടെ ചക്രം കയറിയില്ല.
എന്നാൽ, റോഡിലൂടെ അൽപദൂരം വലിഞ്ഞതിന്റെ ചതവും പോറലും നെറ്റിയിൽ ആഴത്തിലുള്ള മുറിവുമുണ്ട്. രക്ഷിച്ച കൃഷ്ണനോടും മറ്റു നാട്ടുകാരോടും തീർത്താൽ തീരാത്ത നന്ദിയുണ്ട്. ചെറുപ്പം മുതൽ കാത്ത് പരിപാലിച്ച മുടി മുറിച്ചതിന്റെ വേദനയുണ്ടെങ്കിലും ആരുടെയെക്കെയോ പ്രാർഥനയുടെ ഫലമായാണ് ജീവൻ തിരിച്ചു കിട്ടിയതെന്നോർക്കുമ്പോൾ നന്ദിയുണ്ട്.
മുടിയിൽ ടയർ കയറി നിൽക്കുന്നു; കത്രിക വാങ്ങി മുടി മുറിച്ചു
‘ബസ് പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയതിന്റെ വലിയ ശബ്ദം കേട്ടാണ് നോക്കിയത്. ബസിനടിയിൽ യുവതിയുണ്ടെന്നു പിന്നീടാണു കാണുന്നത്. ആദ്യം എന്താ ചെയ്യേണ്ടതെന്ന് മനസ്സിലായില്ല. ചെന്ന് നോക്കിയപ്പോഴാണ് നീളമുള്ള മുടിയിൽ ടയർ കയറി നിൽക്കുന്നത് കണ്ടത്. കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മുടി മുറിക്കാൻ നോക്കിയെങ്കിലും സാധിക്കാത്തതിനാൽ അടുത്തുള്ള കടയിൽ നിന്ന് കത്രിക വാങ്ങി മുടി മുറിച്ച് ആളെ പുറത്തെടുക്കുകയായിരുന്നു– അമ്പിളിയെ രക്ഷിച്ച തട്ടുകട ഉടമ കൃഷ്ണൻ സംഭവം വിവരിച്ചു. തമിഴ്നാട് സ്വദേശിയായ കൃഷ്ണൻ കഴിഞ്ഞ 32 വർഷമായി കോട്ടയത്താണു താമസിക്കുന്നത്. 24 വർഷമായി തട്ടുകട നടത്തുന്നുണ്ട്.