കോട്ടയം ∙ നാഗമ്പടം മഹാദേവ ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. കുമരകം ഗോപാലൻ തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ ആറാട്ടു ചടങ്ങുകൾ നടത്തി. മേൽശാന്തി കുമരകം രജീഷ് ശാന്തി സഹകാർമികത്വം വഹിച്ചു. ആറാട്ടു ദിനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് ഭക്തർക്ക് അന്നദാനം നൽകി.ആറാട്ടു പുറപ്പാടിനും സ്വീകരണത്തിനും താലപ്പൊലിക്കും വൻ ജനപങ്കാളിത്തം അകമ്പടിയായി. ആർഎൽവി വിജയ് കൃഷ്ണൻ മുഹമ്മയും നാൽപതിലേറെ കലാകാരന്മാരും പഞ്ചാരി മേളമൊരുക്കി. മുഹമ്മ രവീന്ദ്രനും സംഘവും സ്പെഷൽ നാഗസ്വര മേളമൊരുക്കി. സന്ധ്യയോടെ ആറാട്ടു വിളക്ക് തൊഴാനും ഭക്തരുടെ നീണ്ട നിരയുണ്ടായിരുന്നു.
മയൂരനൃത്തത്തിന്റെ അകമ്പടിയോടെ ആറാട്ട് എതിരേൽപു നടന്നു. വൈകിട്ട് ആറാട്ടു സദ്യയും കഴിഞ്ഞ് വലിയ കാണിക്കയും അർപ്പിച്ചാണ് ഭക്തർ മടങ്ങിയത്. യൂണിയൻ പ്രസിഡന്റ് എം. മധു, വൈസ് പ്രസിഡന്റ് വി.എം.ശശി, സെക്രട്ടറി ആർ. രാജീവ് എന്നിവർ ഉൾപ്പെട്ട സമിതി നേതൃത്വം നൽകി.