കാഞ്ഞിരപ്പള്ളി ∙ കാഞ്ഞിരപ്പള്ളി- വിഴിക്കത്തോട് റോഡിലെ അഞ്ചിലിപ്പ ജംക്‌ഷനു സമീപമുള്ള ഉപയോഗശൂന്യമായ കുഴൽക്കിണർ അപകട ഭീഷണി. വർഷങ്ങൾക്കു മുൻപു റോഡരികിൽ സ്ഥാപിച്ച കുഴൽക്കിണറിന്റെ ഹാൻഡ് പമ്പ് റോഡിനു വീതി വർധിപ്പിച്ചതോടെ റോഡിലായതാണു അപകട ഭീഷണിക്കു കാരണം.
ഇതിനു നേരെ എതിർവശത്തു റോഡരികിൽ മരവും നിൽക്കുന്നതിനാൽ വാഹനങ്ങൾ അരികിലേക്കു മാറുമ്പോൾ കുഴൽക്കിണറിന്റെ ഹാൻഡ് പമ്പിൽ ഇടിച്ച് അപകടമുണ്ടാകാനുള്ള സാധ്യതയേറെയാണ്. രാത്രി വാഹനങ്ങൾ അടുത്തെത്തുമ്പോഴേ പമ്പ് കാണാൻ കഴിയൂ. രാത്രി വാഹനങ്ങളുടെ അമിത വെളിച്ചത്തിൽ എതിരെ വരുന്ന വാഹന ഡ്രൈവർമാർ ഇതു കാണാൻ കഴിയാതെ അപകടത്തിൽപ്പെടാനും സാധ്യതയുള്ളതായി നാട്ടുകാർ പറയുന്നു.
ഇരുചക്രവാഹന യാത്രക്കാർക്കാണു പമ്പ് കൂടുതൽ അപകട ഭീഷണിയായിരിക്കുന്നത്. ഉപയോഗശൂന്യമായ കുഴൽക്കിണർ മൂടി ഹാൻഡ് പമ്പ് റോഡിൽ നിന്നും മാറ്റണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.