മണർകാട് ∙ സഹപാഠിയുടെ കുടുംബത്തിനു കൈത്താങ്ങാകാൻ വിദ്യാർഥികൾ ആട്ടിൻകൂട് നിർമിച്ച് ആടിനെ വാങ്ങി നൽകി. തിരുവഞ്ചൂർ സ്വദേശി കൂട്ടുകാരനു വേണ്ടിയാണ് ഈ സ്നേഹ സമ്മാനം. സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഈ നല്ല ശ്രമം. അപകടത്തെത്തുടർന്ന് പിതാവും ഗുരുതര രോഗം കാരണം മാതാവും ബുദ്ധിമുട്ടിലായ കുടുംബമാണ് സഹപാഠിയുടേത്. ഇവർക്കു ചെറിയ വരുമാന മാർഗം കൂടി ഒരുക്കി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് എൻഎസ്എസ് പ്രവർത്തകർ മുന്നിട്ടിറങ്ങിയത്.
വിദ്യാർഥികൾ തന്നെ നിർമിച്ച ഡിഷ് വാഷ് വിറ്റാണു തുക ശേഖരിച്ചത്.. വിദ്യാർഥിയുടെ നന്മ പ്രവൃത്തി അറിഞ്ഞ വെള്ളൂർ മേരിഗിരി സോമിൽ ഉടമ ജീമോൻ ആട്ടിൻകൂടിനു വേണ്ടി തടിഉരുപ്പടികൾ സൗജന്യമായി നൽകി.ഇവ സഹപാഠിയുടെ വീട്ടിൽ എത്തിച്ച് വിദ്യാർഥികൾ തന്നെ കൂട് നിർമിച്ചു. ആടിനെയും ആട്ടിൻകുട്ടിയെയും വാങ്ങി നൽകി.എൻഎസ്എസ് ലീഡർ ടി.ആർ.ആദിത്യൻ, ജോയൽ മാത്യു, ആദിത്യൻ ബിനു എന്നിവർ നേതൃത്വം നൽകി. പഴയ പത്രക്കടലാസുകൾ ഉൾപ്പെടെ ശേഖരിച്ചു വിറ്റ് ലഭിച്ച തുക ഉപയോഗിച്ചു വിദ്യാർഥികളുടെ നേതൃത്വത്തിൽ മണർകാട് ഗ്ലോബൽ ലൈഫ് പാലിയേറ്റീവ് കെയർ യൂണിറ്റിനായി വീൽചെയർ കഴിഞ്ഞ ദിവസം വാങ്ങി നൽകിയിരുന്നു.