ADVERTISEMENT

വൈക്കം ∙ നിർമാണം നിലച്ച വെച്ചൂർ അഞ്ചുമന പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലം വിട്ടുനൽകാൻ ഉടമ എത്തിയെങ്കിലും ഉദ്യോഗസ്ഥർ എത്താതിരുന്നതിനെ തുടർന്ന് സ്ഥല ഉടമ മടങ്ങി. പാലത്തിന് സമീപത്തെ വന്നുവേലിൽ പി.പ്രേമയും ഭർത്താവ് ഡോ. എം.ജയ പ്രദീപും സ്ഥലം വിട്ടുനൽകാൻ സമ്മത പത്രവുമായി ഇന്നലെ വെച്ചൂർ പഞ്ചായത്തിൽ എത്തിയത്. പ്രേമയുടെ കുടുംബം സ്ഥലം വിട്ടുനൽകാത്തതാണ് പ്രശ്‌ന കാരമെന്നായിരുന്നു പ്രചാരണം.

വൈക്കം- വെച്ചൂർ റോഡിന്റെ ഭാഗമായുള്ള അഞ്ചുമന പാലം 2020 ഒക്ടോബറിലാണ് പൊളിച്ചു നീക്കിയത്. പുതിയ പാലം ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപടി ഉണ്ടായില്ല. അപ്രോച്ച് റോഡ് നിർമിക്കാൻ സമീപത്തെ പ്രേമയുടെ കുടുംബത്തിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് തടസ്സത്തിന് കാരണമെന്നായിരുന്നു സി.കെ.ആശ എംഎൽഎ ഉൾപ്പെടെ പറഞ്ഞിരുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ആധികാരികത ഉറപ്പുവരുത്തുകയും വീട്ടിലേക്കുള്ള വെള്ളവും റോഡും ഇല്ലാതാക്കരുതെന്നും അതിന്റെ രേഖകൾ നൽകണം എന്നായിരുന്നു കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം ഫ്ലക്സ് ബോർഡും വച്ചിരുന്നു.

തുടർന്ന് ഇവരുമായുള്ള ചർച്ചയ്ക്ക് വൈക്കം തഹസിൽദാർ ടി.എൻ.വിജയനെ സി.കെ.ആശ എംഎൽഎ ചുമതലപ്പെടുത്തി. തഹസിൽദാർ നടത്തിയ ചർച്ചകളിലൂടെ സർവേയിലുണ്ടായ അപാകതകൾ പരിഹരിച്ച് സ്ഥലം വിട്ടുനൽകാൻ ഉടമ സമ്മതം അറിയിച്ചു.തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെയും വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളുടെയും സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ പങ്കെടുത്ത് മിനിട്സ് നൽകിയാൽ സമ്മതപത്രം കൈമാറാനായിരുന്നു പ്രേമയുടെ കുടുംബത്തിന്റെ തീരുമാനം. ഇക്കാര്യം ഇവർ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും അറിയിക്കുകയും ഇവർ സമ്മതിക്കുകയും ചെയ്തിരുന്നു.

തുടർന്ന് വെള്ളിയാഴ്ച 11ന് പഞ്ചായത്തിൽ യോഗം നടത്താൻ തീരുമാനിച്ചു. ഇതിനുള്ള ക്രമീകരണങ്ങൾ പഞ്ചായത്ത് ഒരുക്കി.എന്നാൽ, വ്യാഴാഴ്ച രാത്രിയോടെ വ്യക്തമായ കാരണം പറയാതെ യോഗം മാറ്റി വച്ചതായി ഉദ്യോഗസ്ഥർ കെ.ആർ.ഷൈല കുമാറിനെയും പ്രേമയെയും അറിയിക്കുകയായിരുന്നു.

എന്നാൽ, പ്രേമയും ജയ പ്രദീപും സമയത്ത് പഞ്ചായത്തിൽ എത്തി. തങ്ങൾ എത്താത്തത് കൊണ്ടാണ് യോഗം മാറ്റിയതെന്ന പ്രചാരണം ഉണ്ടാകാതിരിക്കാനാണ് പഞ്ചായത്തിൽ എല്ലാ രേഖകളുമായി എത്തിയതെന്ന് പ്രേമ പറഞ്ഞു. തുടർന്ന് ഉടമയുടെ താൽപര്യപ്രകാരം ഇതുമായി ബന്ധപ്പെട്ട് കെ.ആർ.ഷൈല കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പങ്കെടുത്ത ശേഷമാണ് ഇരുവരും മടങ്ങിയത്.

നടപടി സ്വീകരിക്കും
∙ സാങ്കേതിക കാരങ്ങളാലാണ് യോഗം മാറ്റിവയ്ക്കേണ്ടിവന്നത്. ഏറ്റവും അടുത്ത ദിവസം യോഗം വിളിച്ച് ചേർത്ത് പ്രശ്നം പരിഹരിച്ച് പാലം നിർമാണം ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.
ടി.എൻ. വിജയൻ, തഹസിൽദാർ, വൈക്കം.

അറിയിപ്പു ലഭിക്കാൻ വൈകി
∙ വ്യാഴാഴ്ച വൈകിട്ടാണ് മാറ്റി വയ്ക്കാൻ അറിയിപ്പു ലഭിച്ചത്. പ്രേമയും ഭർത്താവ് ജയ പ്രദീപും പഞ്ചായത്തിൽ എത്തി. ഉദ്യോഗസ്ഥർ എത്താതിരുന്നതിനെ തുടർന്ന് ഈ വിഷയത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ യോഗം ചേർന്നു. പ്രേമയും ഭർത്താവ് ജയ പ്രദീപും യോഗത്തിൽ പങ്കെടുത്തശേഷം മടങ്ങി.
കെ.ആർ.ഷൈലകുമാർ, വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com