ഭിന്നശേഷി വിദ്യാർഥികളുടെ അപേക്ഷ; ദയ കാണിക്കണം, ഇട്ട് ഓടിക്കരുത്

HIGHLIGHTS
  • ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ ആളില്ല; ഭിന്നശേഷി വിദ്യാർഥികൾക്ക് ലേണിങ് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് വൈകുന്നു
disability day
SHARE

കോട്ടയം∙ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ജില്ലയിലെ ഭിന്നശേഷി വിദ്യാർഥികളും മാതാപിതാക്കളും ആശങ്കയിൽ. വിദ്യാർഥികൾക്കു പരീക്ഷ എഴുതാൻ സഹായിയെ വേണമെങ്കിൽ ലേണിങ് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ആവശ്യമാണ്. എന്നാൽ സർട്ടിഫിക്കറ്റ് നൽകേണ്ട ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ എവിടെയുമില്ല. അതോടെ 1500–2000 രൂപ വരെ മുടക്കി സ്വകാര്യ സൈക്കോളജിസ്റ്റുകളെ സമീപിക്കേണ്ട അവസ്ഥയിലാണു ഭിന്നശേഷി വിദ്യാർഥികളുടെ മാതാപിതാക്കൾ.

പഠന വൈകല്യം നേരിടുന്ന 1300 കുട്ടികളുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഇവരെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പരിശോധിക്കുകയും ശേഷം വിദ്യാർഥിയും പരിശോധിച്ച സൈക്കോളജിസ്റ്റും ഒരുമിച്ചു മേഖലയിലെ ജനറൽ ആശുപത്രി സൂപ്രണ്ടിനെ കാണുകയും വേണം. അങ്ങനെ ലഭിക്കുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണു പരീക്ഷ എഴുതുന്നതിൽ കൂടുതൽ സമയം അനുവദിക്കണോ, എഴുതാൻ സഹായിയെ അനുവദിക്കണോ എന്നു വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുക.

കുട്ടികളുടെ ഭിന്നശേഷി വിലയിരുത്താൻ യോഗ്യതയുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഉണ്ടായിരുന്നത് ജില്ലാ ആശുപത്രിയിൽ മാത്രമാണ്. എന്നാൽ 3 മാസമായി അതും ഒഴിഞ്ഞു കിടക്കുന്നു. സ്വകാര്യ മേഖലയിൽ സൈക്കോളജിസ്റ്റുമാർ ലഭ്യമാണെങ്കിലും കുട്ടികൾക്കൊപ്പം സൂപ്രണ്ടിനെ കാണണം എന്നതിനാൽ പലരും ഒഴിഞ്ഞുമാറുന്നു.

പരീക്ഷയ്ക്കു ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു ക്യാംപ് നടത്തിയാൽ വിദ്യാർഥികളുടെ പരിശോധനയും സർട്ടിഫിക്കറ്റ് വിതരണവും പൂർത്തിയാക്കാനാകും. കാഞ്ഞിരപ്പള്ളി, വൈക്കം എന്നിവിടങ്ങളിൽ ഇത്തരം ക്യാംപുകൾ നടക്കുന്നുണ്ടെങ്കിലും സ്വകാര്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരെയാണ് ആശ്രയിക്കുന്നത്.

പ്രതിസന്ധിക്ക് പിന്നിൽ വകുപ്പുകളുടെ ഏറ്റുമുട്ടൽ

ജില്ലയിൽ വർഷങ്ങളായി തുടരുന്ന ഈ പ്രതിസന്ധിക്കു പിന്നിൽ വകുപ്പുകൾക്കിടയിലെ ഏകോപനമില്ലായ്മയാണു പ്രധാന കാരണം. ഭിന്നശേഷി വിദ്യാർഥികൾക്കു ചെറുപ്രായത്തിൽ തന്നെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ആവശ്യമായി വരുന്നതിനാൽ വിദ്യാഭ്യാസ വകുപ്പ് മുൻകയ്യെടുത്തു സ്കൂളുകൾക്കായി തസ്തിക സൃഷ്ടിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ പക്ഷം. പൊതുജനാരോഗ്യത്തിന്റെ പരിധിയിൽ ഭിന്നശേഷിക്കാർ വരുന്നതിനാൽ ആരോഗ്യവകുപ്പാണു വിഷയം പരിഗണിക്കേണ്ടതെന്നു വിദ്യാഭ്യാസ വകുപ്പും പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS