കുറവിലങ്ങാട് ∙സംസ്ഥാന ബജറ്റ് ഇത്തവണയും മേഖലയെ നിരാശപ്പെടുത്തി. സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം തിരുവനന്തപുരം ക്യാംപസ്, ചാലക്കുടി, പരപ്പനങ്ങാടി മേഖല സയൻസ് സെന്ററുകൾ, കുറവിലങ്ങാട് കോഴാ സയൻസ് സിറ്റി എന്നിവയുടെ വികസനത്തിനു ബജറ്റിൽ ആകെ അനുവദിച്ചത് 23കോടി രൂപ.
ഇതിൽ കേരള സയൻസ് സിറ്റിയുടെ വികസനത്തിനായി എത്ര രൂപ ലഭിക്കുമെന്ന കാര്യം വ്യക്തമല്ല. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആണ്. ഫണ്ട് ലഭ്യമായ ശേഷം തീരുമാനം ഉണ്ടാകുമെന്നു മ്യൂസിയം അധികൃതർ അറിയിച്ചു.
കുറവിലങ്ങാട് ടൗണിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്ന കെ.ആർ.നാരായണൻ ലിങ്ക് റോഡ് പൂർത്തിയാക്കുന്നതിനു തുക വകയിരുത്തും എന്ന പ്രതീക്ഷയും പൊലിഞ്ഞു. കോഴാ–ഞീഴൂർ റോഡ്, ഉഴവൂർ ബൈപാസ്, കുറവിലങ്ങാട് താലൂക്ക് ആശുപത്രി വികസനം തുടങ്ങിയവയുടെ കാര്യത്തിലും നടപടി ആയില്ല.
എന്നാൽ കെ.ആർ.നാരായണൻ ലിങ്ക് റോഡിനായി ബജറ്റ് നീക്കിയിരിപ്പു ഉണ്ടെന്നും ഫണ്ട് സംബന്ധിച്ച വിശദാംശം പിന്നീട് ലഭിക്കുമെന്നും മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. ബജറ്റ് അവതരണത്തിനു ശേഷം മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.എ.മുഹമ്മദ് റിയാസ് എന്നിവരുമായി ചർച്ച് നടത്തി.അടുത്ത ദിവസങ്ങളിൽ എംഎൽഎമാരുമായി മന്ത്രിതലത്തിൽ നടക്കുന്ന ചർച്ചകളിൽ കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷ.
കെ.ആർ.നാരായണൻ ലിങ്ക് റോഡ് പൂർത്തീകരണം ഈ സാമ്പത്തിക വർഷം യാഥാർഥ്യമാക്കുന്നതിനു 3.03 കോടി രൂപയുടെ പുതുക്കിയ പദ്ധതി സർക്കാരിനു സമർപ്പിച്ചതായി കഴിഞ്ഞ ദിവസം മലയാള മനോരമ വികസന സെമിനാറിൽ എംഎൽഎ പറഞ്ഞിരുന്നു. പുതിയ രൂപരേഖ തയാറാക്കി. ഇതിനു അംഗീകാരം ലഭിച്ചാലുടൻ ഫണ്ട് അനുവദിക്കും എന്നാണ് പ്രതീക്ഷ.
കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ മുൻഗണന പദ്ധതി ആയിട്ടാണ് പുതിയ നിർദേശം സമർപ്പിച്ചത്. കോഴാ–ഞീഴൂർ റോഡ് 8 മീറ്റർ വീതിയിൽ ഉന്നതനിലവാരത്തിൽ നവീകരിക്കുന്നതിനും പുതിയ പദ്ധതി സമർപ്പിച്ചിരുന്നു.
∙സയൻസ് സിറ്റി
ഈ വർഷം മധ്യവേനൽ അവധിക്കു മുൻപ് സയൻസ് സിറ്റി ആദ്യഘട്ടം തുറക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെങ്കിലും ഇപ്പോൾ അനുവദിച്ച 23 കോടി പൂർണമായി സയൻസ് സിറ്റി വികസനത്തിനു വിനിയോഗിച്ചാൽ പോലും നിർമാണം വേഗത്തിൽ പൂർത്തിയാകില്ല. റോഡ് ടാറിങ് നടത്തുന്നതിനു പോലും പുതുക്കിയ കണക്കനുസരിച്ചു വൻതുക ആവശ്യമാണ്. കൂടുതൽ ഫണ്ട് അനുവദിച്ചാൽ മാത്രമേ നിർമാണം പൂർത്തിയാക്കാനാവൂ. സയൻസ് സിറ്റി നിർമാണത്തിനു ഇതുവരെ സംസ്ഥാന സർക്കാർ 36.87 കോടി രൂപ മുടക്കി.
പ്രവേശന കവാടം മുതൽ സയൻസ് സെന്റർ വരെയുള്ള റോഡിന്റെ ടാറിങ് ഉൾപ്പെടെ ജോലികൾ നടപ്പാക്കുന്നതിനു പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി. റോഡ് വികസനത്തിനു എംപിമാർ, എംഎൽഎ എന്നിവരുടെ ഫണ്ട് ലഭ്യമാക്കുന്ന കാര്യത്തിലും ചർച്ച നടത്തും. വൈദ്യുതീകരണ സംവിധാനം, ജലവിതരണ സംവിധാനം എന്നിവ വേഗത്തിൽ പൂർത്തിയാക്കും. നിർമാണ പൂർത്തിയായ സയൻസ് ഗാലറികൾ ഉൾപ്പെടെ സ്ഥലങ്ങളിൽ കഴിവതും വേഗത്തിൽ സന്ദർശകരെ എത്തിക്കുകയാണ് ലക്ഷ്യം.
മോൻസ് ജോസഫ് ഫണ്ട് ആവശ്യപ്പെട്ട് നൽകിയ റോഡുകൾ
സംസ്ഥാന ബജറ്റിൽ മോൻസ് ജോസഫ് എംഎൽഎ വികസനത്തിന് ഫണ്ട് ആവശ്യപ്പെട്ട് നൽകിയിട്ടുള്ള റോഡുകൾ: കോഴാ– ഞീഴൂർ റോഡ്, ആപ്പാഞ്ചിറ– ആയാംകുടി –കപിക്കാട് – കല്ലറ റോഡ്, പെരുവ– മരങ്ങോലി– മോനിപ്പള്ളി– മുത്തോലപുരം റോഡ്, വെമ്പള്ളി– വയലാ– കടപ്ലാമറ്റം –കുമ്മണ്ണൂർ റോഡ്, ചേർപ്പുങ്കൽ–പാളയം– കോഴിക്കൊമ്പ് റോഡ്, കിടങ്ങൂർ ക്ഷേത്രം –ചെമ്പിളാവ്– ചേർപ്പുങ്കൽ റോഡ്, ആപ്പാഞ്ചിറ– പൂഴിക്കോൽ – അറുനൂറ്റിമംഗലം –കീഴൂർ റോഡ്, കീഴൂർ – അറുനൂറ്റിമംഗലം ഞീഴൂർ റോഡ്, മങ്ങാട്ട് കാവ്– പുലിക്കൂട്ടുമ്മേൽ– മഠത്തിപ്പറമ്പ് റോഡ്, കിടങ്ങൂർ– കൂടല്ലൂർ– കടപ്ലാമറ്റം റോഡ്, കാണക്കാരി കാഞ്ഞിരത്താനം റോഡ്, മാഞ്ഞൂർ– കുറുപ്പന്തറ –മുട്ടുചിറ– മള്ളിയൂർ ബൈപാസ് റോഡ്, കുറുമുള്ളൂർ – പള്ളിത്താഴം– ഓണം തുരുത്ത് റോഡ്.