ADVERTISEMENT

കുറവിലങ്ങാട് ∙ കാട്ടാനകൾ നാട്ടിലേക്കിറങ്ങുമ്പോൾ നാട്ടിലെ ആഘോഷങ്ങൾക്കു പറ്റിയ ആനകളെത്തേടി ഉത്സവ ഭാരവാഹികൾ യാത്ര തുടങ്ങി. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ഉത്സവം ഉൾപ്പെടെ ആഘോഷങ്ങൾ തിരികെ വന്നപ്പോൾ നാട്ടാനകൾക്കും തിരക്ക്. ഇത്തിത്താനം ഗജമേളയും തിരുനക്കര പകൽപൂരവും ഏറ്റുമാനൂർ, വൈക്കം ക്ഷേത്രങ്ങളിലെ ഉത്സവവും ഉൾപ്പെടെ ആനകൾ അണിനിരക്കുന്ന ചടങ്ങുകൾ ഒട്ടേറെ നടക്കുന്ന കോട്ടയം ജില്ലയിൽ ഇപ്പോൾ ആനകളുടെ എണ്ണം കുറയുകയാണ്. ആന ഉടമകളുടെ സംഘടന നൽകുന്ന കണക്കനുസരിച്ചു ജില്ലയിൽ ഇപ്പോഴുള്ളതു ലക്ഷണമൊത്ത 20 കൊമ്പന്മാർ മാത്രം.

തിരക്കുള്ള സമയങ്ങളിൽ പരിപാടികൾക്ക് ഒരു ആനയെ എങ്കിലും കിട്ടാൻ ഓടിനടക്കണം. താരമൂല്യമുള്ള ആനകൾ ഓട്ടത്തിലാണ്. ഒരു ഉത്സവപ്പറമ്പിൽ നിന്ന് അടുത്ത സ്ഥലത്തേക്ക്. പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നു വമ്പുള്ള കൊമ്പനെ കൊണ്ടുവരാൻ ഒരു ലക്ഷം രൂപയെങ്കിലും ചെലവാകും. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതായപ്പോൾ എഴുന്നള്ളത്തിനുള്ള ആനകളെ ഉടമസ്ഥർ നല്ലനടപ്പു പരിശീലിപ്പിച്ചിരുന്നു.

2 വർഷത്തിനു ശേഷം ആനകൾ തിരക്കുള്ള പുറംലോകത്തേക്ക് ഇറങ്ങുമ്പോൾ സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം.  ആനകളെ പൊതുവഴിയിലൂടെ നടത്താൻ വെറ്ററിനറി ഡോക്ടർമാർ നിർദേശിച്ചിരുന്നു. കോവിഡ് കാലത്ത് പുറത്തിറങ്ങാതായത് ആനകളുടെ ശാരീരികക്ഷമതയ്ക്കും മാനസികാരോഗ്യത്തിനും തിരിച്ചടി ഉണ്ടാക്കിയതായി വിദഗ്ധർ പറയുന്നു. തലയെടുപ്പുള്ള ഒട്ടേറെ ഗജവീരന്മാർ കോവിഡ് കാലത്തു ചരിയുകയും ചെയ്തു. സംസ്ഥാനത്ത് ആനകളുടെ മരണനിരക്ക് ഉയരുകയാണ്. നാനൂറോളം നാട്ടാനകൾ മാത്രമാണ് ഇനിയുള്ളത്.

ആനയെ പരിപാലിക്കാനുള്ള ചെലവു കൂടുകയാണ്. ഒരു പനംപട്ടയുടെ വില 120 രൂപ. ഒരു ആനയ്ക്ക് 15 മുതൽ 20 വരെ പട്ടകൾ ഒരു ദിവസം വേണം. പോതപ്പുല്ല് ഉൾപ്പെടെയുള്ള ആഹാരസാധനങ്ങളും വേണം. കൂലിച്ചെലവ്, ലോറിവാടക തുടങ്ങിയവയും കൂടി. ആന ഉടമയ്ക്കു വരവിനെക്കാൾ ചെലവ് ആണെന്ന യാഥാർഥ്യം പലർക്കും അറിയില്ല.ആനപരിപാലനം ലാഭം ഉണ്ടാക്കാനുള്ള കച്ചവടമായി കാണാറില്ല. ഒരു ഉത്സവം കഴിഞ്ഞാൽ പിറ്റേന്നു തന്നെ കിലോമീറ്ററുകൾക്കപ്പുറം മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുന്ന പതിവില്ല.  ഉത്സവപ്പറമ്പുകളിൽ ആനകൾ സ്വസ്ഥമായി ഉറങ്ങാറില്ല. ആനയ്ക്ക് ആവശ്യത്തിനു വിശ്രമം നൽകുകയാണ് ഉത്തമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com