ADVERTISEMENT

കടുത്തുരുത്തി ∙ തഴപ്പായ നിർമാണവും കള്ളു ചെത്തും മീൻ പിടുത്തവുമൊക്കെയായി ഇസ്രയേലിൽ നിന്നുള്ള 18 അംഗ സംഘം അടിച്ചു പൊളിച്ചു മുണ്ടാറിൽ. വില്ലേജ് ടൂറിസത്തിന്റെ ഭാഗമായാണ് ഇസ്രയേൽ സംഘം എഴുമാന്തുരുത്തും മുണ്ടാറും സന്ദർശിക്കാൻ എത്തിയത്. കാപ്പുന്തല നീരാളത്തിൽ ബേബിയുടെ നേതൃത്വത്തിലായിരുന്നു ഇസ്രയേൽ സംഘം വൈക്കത്തു നിന്നും ബോട്ടിൽ കരിയാറിലൂടെ മുണ്ടാറിൽ എത്തിയത്. നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ മുണ്ടാറിൽ ഒരു ദിവസം ചെലവഴിച്ചാണ് ഇസ്രയേൽ സംഘം ഇനിയും എത്താമെന്ന ഉറപ്പിൽ മടങ്ങിയത്. കുമരകത്തു നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു വിദേശികൾ മുണ്ടാറും എഴുമാന്തുരുത്തും സന്ദർശിച്ചത്. 

Also read: ആറാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി; ചുരത്തിൽ ഗതാഗതതടസ്സം

വിവിധയിനം പക്ഷികളും മീനുകളും വയലുകളും വിവിധ കൃഷി രീതികളുമാണ് മുണ്ടാറിന്റെ പ്രത്യേകത . കയറു പിരിക്കലും ഓലമെടയലും തെങ്ങു കയറ്റവും എല്ലാം വിദേശികൾ കണ്ടറിഞ്ഞു. വീട്ടമ്മമാരുടെ അവിൽ ഇടിക്കലിൽ വിദേശികൾ പങ്കു ചേർന്നു. ചൂണ്ടയിട്ടു കരിയാറിലെ മീൻ പിടിത്തം ഏറെ രസിച്ചാണ് വിദേശികൾ നടത്തിയത്. 

നാടൻ തെങ്ങിൻ കള്ളു രുചിച്ചും നാട്ടുകാർക്കൊപ്പം പാട്ടുപാടിയും നൃത്തം ചെയ്തും വിദേശികൾ യാത്ര രസകരമാക്കി. ഉച്ചയ്ക്ക് തൂശനിലയിൽ പപ്പടം പഴം പായസം സഹിതം കേരളീയ സദ്യയും കഴിച്ചു. മുണ്ടാറുകാരുടെ ജീവിതവും ജോലികളും കൃഷി രീതികളുമെല്ലാ ക്യാമറിലാക്കിയാണ് സംഘം മടങ്ങിയത്. വില്ലേജ് ടൂറിസത്തിന്റെ ഭാഗമായി എഴുമാന്തുരുത്തും , മുണ്ടാറും സന്ദർശിക്കാൻ നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. എഴുമാന്തുരുത്തിൽ നിന്നും മുണ്ടാറിൽ നിന്നും വഞ്ചി വീടുകളും ശിക്കാര വള്ളങ്ങളും ലഭ്യമാണ്. നാടൻ ഭക്ഷണം നൽകി സഞ്ചാരികളെ സ്വീകരിക്കാൻ പ്രദേശ വാസികളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com