വൈക്കം ∙ നഗര മധ്യത്തിൽ വീടിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറി മോഷണ ശ്രമം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേ നടയിൽ കൃഷ്ണാമ്പാളിന്റെ വീട്ടിലാണ് മോഷണ ശ്രമം നടത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന തുണികളും മറ്റും വീടിനുള്ളിൽ വലിച്ചു വാരിയിട്ട നിലയിലായിരുന്നു. കൃഷ്ണാമ്പാൾ തൃപ്പൂണിത്തുറയിലുള്ള മകന്റെ വീട്ടിൽ പോയിരുന്നതിനാൽ സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
ഇന്നലെ രാവിലെ വീടിന്റെ മുറ്റം തൂത്തുവാരാൻ എത്തിയയാൾ വീടിന്റെ കതക് തുറന്നു കിടക്കുന്നതു കണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് മോഷണ ശ്രമം നടന്നതായി അറിയുന്നത്. തുടർന്ന് വീട്ടുകാരെ ഫോണിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാർ എത്തി പരിശോധന നടത്തിയതിൽ ഒന്നും നഷ്ടപ്പെട്ടതായി ശ്രദ്ധയിൽ പെട്ടില്ലെന്നും കുളിമുറിയിൽ കയറി കുളിച്ചതിന്റെ ലക്ഷണവും, മുടി മുറിച്ചിട്ട നിലയിലും കണ്ടെത്തിയതായി വീട്ടുകാർ പറഞ്ഞു.
വീടിന്റെ മുൻവശത്തെ ഗ്രില്ലിന്റെ താഴ് തകർത്ത ശേഷം കതകിന്റെ പൂട്ട് കുത്തി തുറന്ന് അകത്തുകയറി മുറികളുടെയും കതക് കുത്തി തുറന്ന നിലയിലായിരുന്നു. സമീപത്തു താമസിക്കുന്ന ജല അതോറിറ്റിയിലെ ജീവനക്കാരനായ കൈവീട്ടിൽ രാധാകൃഷ്ണന്റെ വീടിന്റെ അടുക്കള ഭാഗത്ത് ഒരു മമ്മട്ടി കണ്ടെത്തി.
പിന്നീട് നടത്തിയ അന്വേഷണത്തിൽ ശുദ്ധജലം വിവിധ കേന്ദ്രങ്ങളിലേക്കു തിരിച്ചു വിടുന്നതിനായി ഉപയോഗിക്കുന്ന ഇരുമ്പ് ലിവർ നഷ്ടപ്പെട്ടതായി മനസ്സിലായി. ഇത് ഉപയോഗിച്ചാകാം കൃഷ്ണാമ്പാളിന്റെ വീട് കുത്തിത്തുറന്നതെന്ന നിഗമനത്തിലാണ് നാട്ടുകാർ. കഴിഞ്ഞ 27ന് രാത്രി സമീപത്തെ ഹോട്ടലിന്റെ പിറകുവശത്തെ കതക് കുത്തിത്തുറന്ന് മോഷ്ടാവ് അകത്തു കയറി മോഷണം നടത്തിയിരുന്നു.
വൈക്കം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനുള്ളിൽ കയറിയ മോഷ്ടാവിന്റെ ചിത്രം സിസിടിവി ക്യാമറയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ സഹായത്താൽ പ്രതിയെ പിടികൂടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പ്രതിയെ പിടികൂടുന്നതിനായി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.