കോട്ടയം ∙ സ്കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തിവന്ന 2 യുവാക്കൾ അറസ്റ്റിൽ. പെരുമ്പായിക്കാട് ദയറപ്പള്ളി ഭാഗത്ത് മാലേപ്പറമ്പിൽ ജഫിൻ ജോയൻ (26), ഏറ്റുമാനൂർ കട്ടച്ചിറ കൂടല്ലൂർ കവല ഭാഗത്ത് തേക്കുംകാട്ടിൽ നിഖിൽ കുര്യൻ തോമസ് (29) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
Also read: ഉറങ്ങിക്കിടക്കുമ്പോൾ മുന്നിൽ ഇതാ, കാട്ടാന; വീട് ഇടിച്ചുതകർത്തു
ഏറ്റുമാനൂർ, ഗാന്ധിനഗർ ഭാഗങ്ങളിൽ കഞ്ചാവ് വിൽപന നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം കഞ്ചാവ് വിൽപന നടത്തുന്നവരിൽ പ്രധാനിയായ ലൈബു കെ.സാബു പിടിയിലായി. തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ കൂടി പൊലീസിന്റെ കസ്റ്റഡിയിലായത്.
ജഫിൻ ജോയനെ എസ്എച്ച് മൗണ്ട് ഭാഗത്തുനിന്നും നിഖിൽ കുര്യനെ കൂടല്ലൂർ ഭാഗത്തുനിന്നുമാണ് പിടികൂടിയത്. ജെഫിൻ ജോയനിൽ നിന്നു കഞ്ചാവ് കണ്ടെടുത്തു. ഡിവൈഎസ്പി കെ.ജി.അനീഷ്, സ്റ്റേഷൻ എസ്എച്ച്ഒ കെ.ഷിജി, എസ്ഐ വി.വിദ്യ, സിപിഒമാരായ പി.ആർ.സുനിൽ, ശ്യാം എസ്.നായർ, ബൈജു, കെ.ആർ.ശ്രാവൺ, നിതാന്ത്, ശരത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.