ADVERTISEMENT

കുറവിലങ്ങാട് ∙മേഖലയിലെ 2 പഞ്ചായത്ത് വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും ഓരോ വാർഡ് വീതം ജയിച്ചെങ്കിലും കടപ്ലാമറ്റത്തെ യുഡിഎഫ് അട്ടിമറി വിജയം എൽഡിഎഫിനു കനത്ത തിരിച്ചടിയായി. പഞ്ചായത്ത് വാർഡ് 12 വയലാ ടൗൺഎൽ‍‍ഡിഎഫിൽ നിന്നു യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.

മെച്ചപ്പെട്ട വിജയം പ്രതീക്ഷിച്ച യുഡിഎഫ് ക്യാംപിൽ ഇത്തവണ ഇരട്ടി സന്തോഷം.കാരണം എൽഡിഎഫ് സ്ഥാനാർഥിയ്ക്കു കിട്ടിയ ആകെ വോട്ടിനേക്കാൾ കൂടുതലാണ് യുഡിഎഫിന്റെ ഭൂരിപക്ഷം.യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഷിബു പോതംമാക്കിയിൽ വിജയിച്ചത് 282 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ.

കേരള കോൺഗ്രസ് (എം) സ്ഥാനാർഥി സി.വി.ജോർജിനു (ബെന്നി ചേരവേലിൽ) ആകെ ലഭിച്ചത് 209 വോട്ടുകൾ. എൻഡിഎ സ്ഥാനാർഥി മോഹനൻ തേക്കടയിൽ 34 വോട്ട് നേടി. ആകെ പോൾ ചെയ്ത വോട്ടുകൾ–734. യുഡിഎഫ്–491, എൽഡിഎഫ്–209, എൻഡിഎ–34, ഭൂരിപക്ഷം 282 വോട്ടുകൾ.

വയലാ ടൗൺ വാർഡ് എൽഡിഎഫിൽ നിന്നു പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫ് അംഗസംഖ്യ 5 ആയി ഉയർന്നു. ആകെ 13 വാർഡുകൾ ഉള്ള പഞ്ചായത്തിൽ ഒരു സ്വതന്ത്ര അംഗം ഉണ്ട്. എൽഡിഎഫിനു 7 സീറ്റുകളാണ് ഉള്ളത്.കേരള കോൺഗ്രസ് (എം)–4,സിപിഎം–2,സിപിഐ–1.

ഉപതിരഞ്ഞെടുപ്പിനു ശേഷം നഷ്ടം സംഭവിച്ചത് കേരള കോൺഗ്രസ് എമ്മിനാണ്. ഇത്രയും കനത്ത തോൽവി പ്രതീക്ഷിച്ചില്ലെന്നാണ് എൽഡിഎഫ് പ്രാദേശിക നേതൃത്വം പറയുന്നത്. യുഡിഎഫ് അംഗസംഖ്യ ഉയർന്നെങ്കിലും പഞ്ചായത്തിൽ ഭരണമാറ്റത്തിനു സാധ്യതയില്ല. എന്നാൽ കനത്ത പരാജയം വരും ദിവസങ്ങളിൽ എൽഡിഎഫിൽ ചർച്ചയാകും എന്നുറപ്പ്

പരാജയം സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അതൃപ്തിക്കു കാരണമായിട്ടുണ്ടെന്നാണു സൂചന.വെളിയന്നൂർ പഞ്ചായത്ത് വാർഡ് 7 പൂവക്കുളം (പട്ടികജാതി സംവരണം) എൽഡിഎഫ് നിലനിർത്തി.വെളിയന്നൂർ പഞ്ചായത്ത് വാർഡ് 7 പൂവക്കുളത്ത് എൽഡിഎഫ് സ്ഥാനാർഥി കേരള കോൺഗ്രസ് എമ്മിലെ അനുപ്രിയ സോമൻ 126 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ആകെ പോൾ ചെയ്തത് –486.അനുപ്രിയ 306 വോട്ടുകളും യുഡിഎഫ് സ്വതന്ത്രൻ പി.എ.രാജൻ 180 വോട്ടുകളും നേടി. ഭൂരിപക്ഷം 126.അനുപ്രിയയുടെ ജയത്തോടെ പഞ്ചായത്തിൽ എൽ‍‍ഡിഎഫ് ആധിപത്യത്തിനു ഇളക്കമില്ല എന്നു വ്യക്തമായി. പഞ്ചായത്തിലെ 13 വാർഡുകളിൽ 12 എണ്ണത്തിലും എൽഡിഎഫ് ആണ്.വാർ‍ഡ് അംഗമായിരുന്ന ശരണ്യ വിജയൻ വിദേശ ജോലി ലഭിച്ചതിനു ശേഷം രാജി സമർപ്പിച്ചതോടെയാണ് പൂവക്കുളം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടത്തിയത്.

ജനങ്ങൾഎൽഡിഎഫിനൊപ്പം: സ്റ്റീഫൻ ജോർജ് 

 

ഉഴവൂർ ∙ വെളിയന്നൂർ പഞ്ചായത്തിലെ പൂവക്കുളത്ത് എൽഡിഎഫ് സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത് ജനങ്ങൾ എൽഡിഎഫിനോടൊപ്പം എന്നതാണ് കാണിക്കുന്നതെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. ഇവിടെ യുഡിഎഫ് സ്ഥാനാർഥി ബഹുദൂരം പിന്നിൽ പോയി. എൽഡിഎഫ് സർക്കാരിനുള്ള പിന്തുണയായി പൂവക്കുളത്തെ വിജയം കാണുന്നതായും സ്റ്റീഫൻ ജോർജ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com