ADVERTISEMENT

കോട്ടയം∙ വേമ്പനാട്ടുകായലിലെ ജലത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തി കേരള ഫിഷറീസ് സർവകലാശാല (കുഫോസ്). ആലപ്പുഴ മുതൽ തണ്ണീർമുക്കം ബണ്ട് വരെയുള്ള തെക്കൻ കായലിൽ മാത്രം 30 കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്നു കുഫോസിലെ സെന്റർ ഫോർ എക്സലൻസ് ഇൻ അക്വാറ്റിക് റിസോഴ്സസ് മാനേജ്മെന്റ് ആൻഡ് കൺസർവേഷൻ നടത്തിയ പഠനത്തിൽ പറയുന്നു. സംസ്ഥാന സർക്കാർ നിർദേശപ്രകാരം ആരംഭിച്ച പഠനം 5 വർഷം കൊണ്ടാണു പൂർത്തിയാക്കിയത്.

കായലിന്റെ ജലസംഭരണ ശേഷിയിൽ കഴിഞ്ഞ 120 വർഷം കൊണ്ട് 85.3 ശതമാനത്തിന്റെ കുറവുണ്ടായി. ജലം ഉൾക്കൊള്ളാനുള്ള ശേഷി 2617.5 മില്യൻ ക്യുബിക് മീറ്ററിൽ നിന്ന് 387.87 മില്യൻ ക്യുബിക് മീറ്ററായി കുറഞ്ഞു. മൺസൂണിൽ കടലിലേക്കു പുറന്തള്ളുന്ന വെള്ളത്തിന്റെ അളവിനെക്കാൾ വളരെക്കൂടുതലാണു കായലിലേക്കെത്തുന്ന വെള്ളത്തിന്റെ അളവ്. പ്രളയജലത്തിന്റെ 10 ശതമാനം മാത്രമേ കായലിലേക്കു പോകുന്നുള്ളൂ. ശേഷിക്കുന്ന 90 ശതമാനം പ്രളയജലവും സംഭരിക്കുന്നത് നിലങ്ങളും നദികളുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രധാന കണ്ടെത്തലുകൾ   

1930ൽ തെക്കൻ വേമ്പനാട്ടുകായലിന്റെ ആഴം ശരാശരി 8 മീറ്ററായിരുന്നത് ഇപ്പോൾ 1.8 മീറ്റർ. തണ്ണീർമുക്കം ബണ്ട് മുതൽ കൊച്ചി വരെയുള്ള കായലിന്റെ ആഴം 8.5 മീറ്റർ ആയിരുന്നത് ഇപ്പോൾ 2.87 മീറ്റർ മാത്രം. കായലിന്റെ അടിത്തട്ടിൽ ഒരു മീറ്റർ കനത്തിൽ 3005 ടൺ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടി. ഓരോ ചതുരശ്ര കിലോമീറ്ററിലും 55.9 ടൺ പ്ലാസ്റ്റിക് മാലിന്യം എന്ന തോതിലാണിത്. 1980ൽ 150 മത്സ്യ സ്പീഷിസുകൾ ഉണ്ടായിരുന്ന കായലിൽ ഇപ്പോഴുള്ളത് 90 സ്പീഷിസുകൾ മാത്രം. 40 വർഷത്തിനിടെ ഇല്ലാതായത് 40 ശതമാനം മത്സ്യയിനങ്ങൾ. തണ്ണീർമുക്കം ബണ്ട് കക്കകളുടെയും മത്സ്യങ്ങളുടെയും ജല ജീവികളുടെയും ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിച്ചു. വർഷം മുഴുവൻ ബണ്ട് തുറന്നുവയ്ക്കുക എന്നതു മാത്രമാണ് ഏക പോംവഴി.

അച്ചൻകോവിൽ, മണിമല, പമ്പ എന്നീ നദികളിൽ അടിഞ്ഞുകൂടുന്നതിൽ അധികവും മണലാണ്. നദീതടങ്ങളുടെ സ്വാഭാവിക പുനരുദ്ധാരണ കാലഘട്ടത്തെയാണു ഇതു സൂചിപ്പിക്കുന്നത്. നദികൾ സ്വഭാവികാവസ്ഥ വീണ്ടെടുക്കുന്നതുവരെ ഇവിടെ നിന്നു മണലെടുപ്പ് അനുവദിക്കരുത്. തോട്ടപ്പിള്ളി സ്പിൽവേയിലൂടെയുള്ള വെള്ളത്തിന്റെ പുറന്തള്ളൽ വർധിപ്പിക്കുകയും നദികളിലെ അസ്വാഭാവികമായ കുത്തൊഴുക്കു നിയന്ത്രിക്കുകയും ചെയ്താൽ മിന്നൽപ്രളയം തടയാനാകും. അനിയന്ത്രിതവും നിയമപരവുമല്ലാത്ത മീൻപിടിത്തം കായലിൽ നടക്കുന്നുണ്ട്. ഇത്ര ചെറിയ ആവാസവ്യവസ്ഥയിൽ നടക്കുന്നത് കടുത്ത വിഭവചൂഷണം.

വേമ്പനാട്ടുകായൽ: ആഴംകൂട്ടൽ നടപ്പാക്കുക ജനപങ്കാളിത്തത്തോടെ

ആലപ്പുഴ ∙ വേമ്പനാട്ട് കായലിന്റെ ആഴം കൂട്ടുന്ന പദ്ധതി ജനപങ്കാളിത്തത്തോടെ അടിയന്തരമായി നടപ്പിലാക്കുമെന്നു മന്ത്രി സജി ചെറിയാൻ. തണ്ണീർമുക്കത്ത് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) സംഘടിപ്പിച്ച ‘വേമ്പനാട്ട് കായൽ ധാരണകളും മിഥ്യാധാരണകളും’ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുഫോസ് നടത്തിയ വേമ്പനാട്ട് കായൽ പഠനത്തിന്റെ റിപ്പോർട്ട് മന്ത്രി ഏറ്റുവാങ്ങി. കുട്ടനാട് പാക്കേജ് ഉൾപ്പെടെയുള്ള പദ്ധതികൾ അട്ടിമറിക്കപ്പെട്ടെന്നും സ്ഥാപിത താൽപര്യക്കാർ കുഫോസ് റിപ്പോർട്ട് പ്രകാരമുള്ള നിർദേശങ്ങൾ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും പ്രാദേശിക പ്രതിനിധികൾ വിമർശിച്ചു.

പഠന റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നെങ്കിലും താഴേത്തട്ടിൽ കായലുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരുടെ അഭിപ്രായം കൂടി കണക്കിലെടുത്തു വേണം പരിഹാര നടപടികൾ കൈക്കൊള്ളാനെന്നു ചർച്ചയിൽ ഭൂരിഭാഗം പേരും പറഞ്ഞു. ‌‌‌പഞ്ചായത്തുകളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ കായൽ ആഴംകൂട്ടാനും പ്ലാസ്റ്റിക് മാലിന്യം നി‍ർമാർജനം ചെയ്യാനുമാണു സർക്കാർ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. ഇതിനായുള്ള മാസ്റ്റർ പ്ലാൻ ഏപ്രിൽ 30നകം സമർപ്പിക്കാൻ മന്ത്രി കുഫോസിനു നിർദേശം നൽകി.   

പഠനം വടക്കോട്ടും

വേമ്പനാട്ടു കായലിൽ നടത്തിയ പഠനം കൊച്ചിക്കു വടക്കോട്ട് കായലിന്റെ അറ്റം വരെയും തുടരുമെന്നു കുഫോസ് വ്യക്തമാക്കി. നിലവിൽ കൊച്ചിക്കു തെക്കുള്ള കായൽ ഭാഗത്തെ രണ്ടു സോണുകളായി തിരിച്ചാണു പഠനം നടത്തിയത്. തണ്ണീർമുക്കം ബണ്ടിന്റെ തെക്കുള്ള ഭാഗത്തെ തെക്കൻ വേമ്പനാട്ട് കായലെന്നും ബണ്ട് മുതൽ കൊച്ചി വരെയുള്ള ഭാഗത്തെ മധ്യ വേമ്പനാട്ടു കായലെന്നും തിരിച്ചായിരുന്നു പഠനം. വടക്കോട്ടുള്ള ആവാസ വ്യവസ്ഥയിൽ മാറ്റമുള്ളതിനാലാണു പഠനം രണ്ടാംഘട്ടത്തിലാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com