ADVERTISEMENT

കുമരകം ∙ ജി 20 സമ്മേളനത്തിനു എത്തുന്ന പ്രതിനിധികൾ താമസിക്കുന്ന ഹോട്ടലുകളിലും റിസോർട്ടിലും പൊലീസ്, മെഡിക്കൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി  അഗ്നിരക്ഷാസേന 23ന് മോക്ഡ്രിൽ നടത്തും. സൂരി, ലേക്ക് റിസോർട്ട്, താജ്, കെടിഡിസി, കോക്കനട്ട് ലഗൂൺ എന്നിവിടങ്ങളിലാണു മോക്ഡ്രിൽ നടത്തുന്നത്. പ്രതിനിധികൾ താമസസ്ഥലത്തു നിന്ന് കെടിഡിസി കൺവൻഷൻ സെന്ററിലേക്കു പോകുന്ന ജലപാതയുടെ പരിശോധനയും നടക്കും. 

kottayam-g20
കുമരകത്തേക്കുള്ള റൂട്ടിലെ കൈപ്പുഴമുട്ട് പാലം പെയിന്റ് ചെയ്ത് മനോഹരമാക്കുന്നു .

ജലവാഹനങ്ങളിൽ പോകുന്ന പ്രതിനിധികളുടെ സുരക്ഷയ്ക്കായി അഗ്നിരക്ഷാ സേനയ്ക്കൊപ്പം 14 മത്സ്യത്തൊഴിലാളികളെയും നിയോഗിച്ചിട്ടുണ്ട് . കായലിൽ ആഴത്തിൽ മുങ്ങാനുള്ള കഴിവാണ് ഇവരെ തിരഞ്ഞെടുക്കാൻ കാരണം. മീൻപിടിത്തക്കാരെ കൂടി ഉൾപ്പെടുത്തി ജല പാതയിലും മോക്ഡ്രിൽ നടത്തിയേക്കും. വിദേശ മന്ത്രാലയത്തിൽ നിന്നുള്ള സുരക്ഷ ഉദ്യോഗസ്ഥർ ഇവിടങ്ങളിലെ പരിശോധന പൂർത്തിയാക്കി ഇന്നലെ മടങ്ങി.

അപകടക്കെണി മാറി

ജി 20 ഉച്ചകോടി എത്തിയതിനാൽ റോഡിലെ വളവ് പേടിക്കാതെപോകാം. കോട്ടയം – കുമരകം റോഡിൽ നിന്ന് അമ്മങ്കരി റോഡിലേക്കു തിരിയുന്ന ഭാഗത്ത് കലുങ്കിന്റെ സംരക്ഷണ ഭിത്തി നീക്കുകയും കുഴി നികത്തുകയും ചെയ്തതോടെ അപകടക്കെണി മാറി. ഒട്ടേറെ അപകടങ്ങൾ ഈ വളവിൽ ഉണ്ടായിട്ടുണ്ട്. സംരക്ഷണ ഭിത്തിയോട് ചേർന്നുള്ള കുഴിയിൽ മാലിന്യം ഇടുന്ന സ്ഥലമായിരുന്നു.ടാറിങ് കൂടി ചെയ്താൽ വാഹനങ്ങൾക്കു സുഗമമായി വളവ് തിരിഞ്ഞു പോകാം.

പാലം മോടി കൂട്ടുന്നു

തണ്ണീർമുക്കം മുതൽ കുമരകം വരെ ഉള്ള റോഡ് നവീകരണത്തിനു പിന്നാലെ പാലങ്ങളുടെ മോടി കൂട്ടലും തുടങ്ങി. പാലത്തിന്റെ വശങ്ങളിൽ അടിഞ്ഞ മണ്ണും മറ്റ് മാലിന്യവും നീക്കും. കൈവരികൾ പെയിന്റ് ചെയ്തു മനോഹരമാക്കുകയും ചെയ്യും.കൈപ്പുഴമുട്ട്, ചീപ്പുങ്കൽ, കവണാർ പാലങ്ങളിലാണു പ്രധാനമായി ചായം പൂശുന്നത്. റൂട്ടിലെ കലുങ്കുകൾക്കും ഭംഗി കൂട്ടും. കെടിഡിസി കൺവൻഷൻ സെന്ററിലേക്കു വാഹനത്തിൽ എത്തുന്ന വഴിയുടെ വശത്തും തോട് കരയിലും ചെടികൾ വയ്ക്കുന്ന ജോലികളും തുടങ്ങി. കൺവൻഷൻ സെന്ററിന്റെ മുൻവശം കായലോരം പ്രത്യേക തരം പുല്ലും വിവിധ ഇനം ചെടികളും കൊണ്ടു മനോഹരമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com