പെരുവ ∙ ട്രെയിൻ തട്ടി ഇരുകാലുകളും അറ്റു പോയ പൂച്ചക്കുഞ്ഞിന് മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി യുവാവ്. എങ്കിലും പൂച്ച ചത്തത് സങ്കടമായി . പെരുവ മണ്ണൂക്കുന്ന് വല്യാട്ടുകുഴിയിൽ അബിൻ ഷാജിയാണ് വെള്ളൂരിൽ റെയിൽവേ ട്രാക്കിൽ ട്രെയിൻ കയറി ഇരു കാലുകളും അറ്റു പോയ പൂച്ചക്കുഞ്ഞിനെ പെരുവ മൃഗാശുപത്രിയിൽ എത്തിച്ചത്.
ഇരുകാലുകളും ട്രെയിനിന്റെ ചക്രത്തിന് അടിയിൽ പെട്ട് അറ്റു പോയതിനാൽ അബിന് പൂച്ചക്കുഞ്ഞിനെ ട്രാക്കിൽ നിന്നും എടുത്ത് ഒറ്റയ്ക്ക് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. മൃഗസ്നേഹിയായ പെരുവ ടി.എം. സദന്റെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് പൂച്ചയെ ആശുപത്രിയിൽ എത്തിച്ചത്.
അറ്റു പോയ ഇരു കാലുകളുടെയും ഭാഗം പഴുത്ത് അഴുകി തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കത്തി നിന്ന വെയിലിന്റെ ചൂടു മൂലം ട്രാക്കിൽ കിടന്നിരുന്ന പൂച്ച വളരെ അവശനിലയിലായിരുന്നു. അബിൻ പൂച്ച കുഞ്ഞിനും പാലും,ബിസ്ക്കറ്റും നൽകിയാണ് ആശുപത്രിയിൽ എത്തിച്ചത്. വെറ്ററിനറി സർജൻ ഡോ. ജാസ്മിൻ ജോസഫ് നല്ല ചികിത്സ നൽകിയെങ്കിലും പൂച്ച വൈകിട്ടോടെ ചത്തു. അബിന്റെ നല്ല മനസ്സിന് സദൻ ചെറിയ ഒരു തുക സമ്മാനമായി നൽകി.