ADVERTISEMENT

ചങ്ങനാശേരി ∙ മാർ ജോസഫ് പൗവത്തിലിനെക്കുറിച്ചുള്ള ജ്വലിക്കുന്ന ഓർമകളിലാണ് ചങ്ങനാശേരി. മാർ പൗവത്തിലിന് ആദരാഞ്ജലി അർപ്പിച്ചുള്ള ബോർഡുകളും ദുഃഖസൂചകമായി പേപ്പൽ പതാകയ്ക്കൊപ്പം കെട്ടിയ കറുത്ത കൊടികളുമാണ് നഗരത്തിലുടനീളം കാണാനുള്ളത്. മാർ പൗവത്തിലിന്റെ ജീവിത വിശുദ്ധിയും വിവിധ മേഖലകളിലെ ഇടപെടലുകളും ശൈലിയുമാണ് ആളുകൾക്കിടയിലെ സംസാരവിഷയം. മാർ പൗവത്തിൽ കാലം ചെയ്ത വാർത്ത അറിഞ്ഞതു മുതൽ ഇതാണ് ചങ്ങനാശേരിയിലെ പൊതുചിത്രം.

പതിറ്റാണ്ടുകളോളം സഞ്ചരിച്ച വീഥികളിലൂടെ അന്ത്യയാത്രയ്ക്കായി മാർ പൗവത്തിലിനെ വഹിച്ചുള്ള വാഹനം എത്തുമ്പോൾ ഭക്തിനിർഭരമായ യാത്രയയപ്പ് നൽകാനുള്ള ഒരുക്കങ്ങളിലാണ് നാട്. അതിരൂപത ആസ്ഥാനത്ത് പലതവണ യോഗങ്ങൾ ചേർന്ന് കബറടക്ക ശുശ്രൂഷയുടെ ക്രമീകരണങ്ങൾ വിലയിരുത്തി. 

കബറടക്ക ശുശ്രൂഷ നടക്കുന്ന സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിൽ വന്നു ചേരുന്നവർക്കായി അതിവിശാലമായ പന്തലും മറ്റു സൗകര്യങ്ങളും ഒരുക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. ഇവിടത്തെ മർത്ത്മറിയം കബറിടപ്പള്ളിയിൽ മാർ പൗവത്തിലിന്റെ അന്ത്യവിശ്രമ സ്ഥലം ഒരുക്കുന്ന ജോലികളും പൂർത്തിയായി. ഇന്നലെ ദേവാലയങ്ങളിൽ മാർ പൗവത്തിലിനെ അനുസ്മരിച്ച് പ്രത്യേക ശുശ്രൂഷകൾ നടന്നു.

ഇന്നു രാവിലെ അതിരൂപത ആസ്ഥാനത്ത് നിന്ന് മെത്രാപ്പൊലീത്തൻ പള്ളിയിലേക്ക് നടക്കുന്ന വിലാപയാത്രയിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് കോച്ചേരി, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് രാജേന്ദ്രൻ, മാർ തോമസ് തറയിൽ, മാർ തോമസ് പാടിയത്ത് എന്നിവർ മാർ പൗവത്തിലിന്റെ ഭൗതികശരീരത്തെ അനുഗമിക്കും. സെൻട്രൽ ജംക‌്ഷനിൽ പൗരാവലിയുടെ ആദരം അർപ്പിക്കും. ഇന്ന്  രാത്രിയിലെ ജാഗരണ പ്രാർഥനയ്ക്ക് സന്യസ്തർ നേതൃത്വം നൽകും. 

കട മുടക്കം 

 മാർ ജോസഫ് പൗവത്തിലിനോടുള്ള ആദരസൂചകമായി കബറടക്കം നടക്കുന്ന നാളെ 10 മുതൽ 2 വരെ കുരിശുംമൂട്ടിലെ വ്യാപാരസ്ഥാപനങ്ങൾ മുടക്കമായിരിക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി കുരിശുംമൂട് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

ഒപി വിഭാഗം നാളെ പ്രവർത്തിക്കില്ല

ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ഒപി വിഭാഗം നാളെ പ്രവർത്തിക്കില്ല. അത്യാഹിത വിഭാഗം സേവനം 24 മണിക്കൂറും ലഭ്യമാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജയിംസ് പി.കുന്നത്ത് അറിയിച്ചു.

അനുശോചന പ്രവാഹം

 മാർ ജോസഫ് പൗവത്തിലിന്റെ വേർപാടിൽ അനുശോചന പ്രവാഹം. ചങ്ങനാശേരി നഗരസഭ കൗൺസിൽ യോഗം, അതിരൂപത പ്രിസ്ബിറ്ററി– പാസ്റ്ററൽ കൗൺസിൽ സംയുക്ത യോഗം, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി, ചങ്ങനാശേരി പുതൂർപ്പള്ളി മുസ്‌ലിം ജമാഅത്ത്, വട്ടപ്പള്ളി ഭഗവതി ക്ഷേത്രം ഭരണസമിതി, ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജ്മെന്റ് ഓഫ് സ്കൂൾസ്, ടീച്ചേഴ്സ് ഗിൽഡ്, കുറുമ്പനാടം സെന്റ് ആന്റണീസ് ഇടവക, പാറേൽ ഇടവക എന്നിവ അനുശോചിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com