ഈരാറ്റുപേട്ട ∙ വില്ലേജ് ഓഫിസുകളെല്ലാം സ്മാർട്ടാകുമ്പോഴും അടിസ്ഥാനസൗകര്യങ്ങൾ പോലും ഇല്ലാതെ വലയുകയാണ് ഈരാറ്റുപേട്ട വില്ലേജ് ഓഫിസ്. ഓഫിസ് പണിയുന്നതിനു 44 ലക്ഷം രൂപ അനുവദിച്ചിട്ടു നാളുകൾ കഴിഞ്ഞു. നിർമാണ ഉദ്ഘാടനം നടത്തിയെങ്കിലും പണികൾ തുടങ്ങിയിട്ടില്ല.
മഞ്ചാടിത്തുരുത്തിൽ കെട്ടിടം പണിയാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. വെള്ളം കയറുന്ന പ്രദേശമായതിനാൽ അതു വേണ്ടെന്നുവച്ചു. പിന്നീട് പൊലീസ് സ്റ്റേഷൻ വക സ്ഥലത്തു പണിയുന്നതിനു തീരുമാനിച്ചു. പൊലീസ് തടസ്സം ഉന്നയിച്ചതോടെ പണി മുടങ്ങി. ഇപ്പോൾ നഗരഹൃദയഭാഗത്ത് അരുവിത്തുറ പള്ളിക്ക് എതിർവശത്തു സ്വന്തം കെട്ടിടത്തിലെ ഒറ്റമുറിയിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.സ്ഥലപരിമിതി മൂലം ജീവനക്കാരും നാട്ടുകാരും ബുദ്ധിമുട്ടുകയാണ്. ജീവനക്കാർക്കു നിന്നുതിരിയാൻ ഇടമില്ല. രേഖകൾ സൂക്ഷിക്കാൻ പോലും സൗകര്യമില്ല.
ഈരാറ്റുപേട്ട നഗരസഭയും തിടനാട്, തലപ്പലം പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് ഓഫിസിന്റെ പരിധി. പന്ത്രണ്ടായിരത്തോളം വീടുകളിലായി അറുപതിനായിരത്തോളം പേർ വസിക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനം സർക്കാരിനു നൽകുന്ന വില്ലേജാണിത്. എന്നിട്ടും വില്ലേജ് ഓഫിസിൽ അടിസ്ഥാനസൗകര്യമൊരുക്കാൻ പോലും അധികൃതർക്കു സാധിക്കുന്നില്ല.
വില്ലേജ് ഓഫിസുകൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി നിർമിക്കുന്ന കെട്ടിടങ്ങളുടെ നിർമാണപ്രവർത്തനങ്ങൾ കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തതാണ്.ഇപ്പോൾ വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത് 13 സെന്റ് സ്ഥലത്താണ്. സ്ഥല സൗകര്യമില്ലാത്ത ഇപ്പോഴത്തെ വില്ലേജ് ഓഫിസ് പൊളിച്ച് ഇവിടെത്തന്നെ കെട്ടിടം പണിയുന്നതിനു നടപടി വേണമെന്ന ആവശ്യം ശക്തമാണ്.