മുണ്ടക്കയം ഇൗസ്റ്റ് ∙ നടൻ തിലകന്റെ സ്മരണാർഥം പെരുവന്താനം പഞ്ചായത്തിന്റെ മണിക്കല്ലിൽ മൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു വിനോദസഞ്ചാര പദ്ധതി തുടങ്ങി–‘ തിലകൻ സ്മാരക ലേക്ക് ആൻഡ് പാർക്ക്’. കേരളത്തിൽ ആദ്യമായി തൊഴിലുറപ്പ് പദ്ധതി കൊണ്ട് ഒരു വിനോദ സഞ്ചാര കേന്ദ്രം ഉണ്ടാക്കുക എന്ന അന്നത്തെ ഭരണസമിതിയുടെ ദൗത്യം ആദ്യ ഘട്ടത്തിൽ കയ്യടി നേടി. ചലച്ചിത്ര നടൻ തിലകൻ കുട്ടിക്കാലത്ത് ജീവിച്ച സ്ഥലം ആയിരുന്നു മണിക്കൽ. അതിനാലാണ് ഇവിടെ തിലകന്റെ സ്മാരകം ഉയർന്നത്. എന്നാൽ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്.
തുടക്കത്തിൽ കിടുക്കി..
ടിആർ ആൻഡ് ടി എസ്റ്റേറ്റിനു സമീപം തെക്കേമല പാഞ്ചാലിമേട് റോഡരികിലെ ചെറിയ തോട്ടിൽ വലിയ തടയണ നിർമിച്ച് വെള്ളം തടാകം പോലെ 400 മീറ്ററോളം കെട്ടിനിർത്തിയാണ് പദ്ധതി നടപ്പാക്കിയത്. ഭൂരിഭാഗം നിർമാണ ജോലികളും തൊഴിലുറപ്പ് പദ്ധതിയിൽ തന്നെ ചെയ്തു.
രണ്ട് പെഡൽ ബോട്ടുകളും, കുട്ടവഞ്ചിയും ഒക്കെ ആയി സഞ്ചാരികളെ ആകർഷിച്ചു. പാഞ്ചാലിമേട്ടിൽ നിന്നു വിനോദ സഞ്ചാരികൾ തിരികെ തെക്കേമല വഴി എത്തി ഇവിടെ കയറുന്നതും പതിവായിരുന്നു. സായാഹ്നം ചെലവഴിക്കാനും ആളുകൾ എത്തിയതോടെ സമീപത്തെ കടകൾ ഉൾപ്പെടെ പച്ചപിടിച്ചു.
ഷട്ടറും മണ്ണും
ഒൻപത് ഷട്ടറുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യണമെങ്കിൽത്തന്നെ 25000 രൂപ ചെലവാണ്. ഇത് തന്നെ പരിപാലന ജോലികളിലെ അധിക ബാധ്യത ആയും മാറുന്നു. ഭൂമിശാസ്ത്ര കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടത്തി സ്ഥാപിക്കാത്തതാണു പ്രശ്നങ്ങൾക്ക് കാരണം എന്നും ആരോപണം ഉയർന്നിരുന്നു. ഡാമിൽ അടിഞ്ഞു കൂടിയ മണ്ണും മണലും നീക്കം ചെയ്യാൻ എട്ട് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. എന്നാൽ ഇത്രയും തുകയ്ക്ക് അനുമതി ലഭിക്കുന്നതിനു തടസ്സങ്ങളുണ്ട്. മണ്ണു നീക്കിയാൽത്തന്നെ അടുത്ത മഴയിൽ വീണ്ടും ഇതേ സ്ഥിതിയിലാകും എന്നതും തടസ്സമാണ്.
നാട്ടുകാർ പറയുന്നത്
∙ ആരും അറിയാതെ കിടന്ന ഞങ്ങളുടെ ഗ്രാമത്തെ പുതുമോടി അണിയിച്ച പദ്ധതിയാണിത്.
∙ വിനോദ സഞ്ചാരികൾ കൂടുതലായി എത്തിയാൽ മണിക്കല്ലിന്റെ വികസനവും സാധ്യമാകും.
∙ മണ്ണ് നീക്കി ബോട്ടിങ് ആരംഭിച്ചാൽ അടുത്ത മഴക്കാലത്ത് വീണ്ടും മണ്ണു നിറയില്ലേ ?
∙ എല്ലാ വർഷവും മടങ്ങുന്നതാണെങ്കിൽ പദ്ധതിക്കു വേണ്ടി ഇനി പണം കളയണോ..?
∙ നന്നായി നടപ്പാക്കിയാൽ പദ്ധതി നാടിനു ഗുണം ചെയ്യും.
മുടക്കത്തിന്റെ തുടക്കം
പ്രളയത്തോടെ ചെക്ക് ഡാമിൽ മണ്ണും മണലും നിറഞ്ഞ് ആഴം കുറഞ്ഞു ഇതോടെ ബോട്ടുകൾ കരയ്ക്ക് കയറ്റി പദ്ധതി നിർത്തിവച്ചു. പാർക്കിന്റെ സമീപം സ്വകാര്യ എസ്റ്റേറ്റ് സ്ഥലത്ത് ബോട്ടുകൾ കാടു കയറി നശിക്കാൻ തുടങ്ങിയതോടെ പ്രതിഷേധം വ്യാപകമായി. ഇതോടെ വീണ്ടും പദ്ധതി തുടങ്ങുകയും സ്വകാര്യ വ്യക്തിക്കു കരാർ നൽകുകയും ചെയ്തു. എന്നാൽ വീണ്ടും മഴ എത്തിയതോടെ ആഴം കുറഞ്ഞ തടയണയിൽ ബോട്ടിങ് തടസ്സപ്പെട്ടു. ഇതോടെ എട്ട് മാസം മുൻപ് ബോട്ടുകൾ വീണ്ടും കരകയറി. ദീർഘവീക്ഷണം ഇല്ലാതെ ചെക്ക് ഡാം നിർമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം എന്നും ആരോപണം ഉയർന്നു.
ഇപ്പോൾ എങ്ങനിരിക്കുന്നു
ചെക്ക് ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ വെള്ളം വറ്റിയ നിലയിലായിരുന്നു. കഴിഞ്ഞ മഴയിൽ വീണ്ടും നീരൊഴുക്ക് ആരംഭിച്ചു. മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ തടയണയുടെ വശത്ത് 170 മീറ്റർ സംരക്ഷണ ഭിത്തി നിർമിക്കുന്ന ജോലികൾ ഇപ്പോൾ നടക്കുന്നുണ്ട്. ഇൗ നിർമാണത്തിനു വേണ്ടിയാണ് ഷട്ടർ തുറന്നു നൽകിയത്. പാർക്കിനു സമീപം നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെയും കടയുടെയും വരാന്തയിൽ ബോട്ടുകൾ കയറ്റിവച്ച നിലയിലാണ്.
ഡോമിന സജി (പഞ്ചായത്ത് പ്രസിഡന്റ്): ഇൗ ഭരണ സമിതിയുടെ കാലത്ത് അല്ല പദ്ധതി നടപ്പാക്കിയത്. ഒരുപാട് അപാകതകൾ ഉണ്ടെങ്കിലും അവയെല്ലാം പരിഹരിച്ച് പദ്ധതിക്ക് പുതുജീവൻ നൽകുക എന്നതാണ് ഇപ്പോഴുള്ള ഭരണ സമിതിയുടെ ലക്ഷ്യം. അതിനായി സർക്കാർ തലത്തിൽ പദ്ധതി സമർപ്പിക്കും. മണ്ണു നീക്കം ചെയ്ത ശേഷം ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സഹായം തേടി അനുയോജ്യമായ രീതിയിൽ നവംബർ മാസത്തോടെ പാർക്ക് തുറക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.