കുമരകം∙ കായലും ഹൗസ്ബോട്ടും ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്കു മുന്നിൽ താമരപ്പൂ വസന്തമൊരുക്കി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം. മുൻപ് ആമകൾ തിന്നു തീർത്ത ആമ്പലുകൾക്കു പകരമായിട്ടാണ് താമര നട്ടു നോക്കിയത്. പ്രാദേശികമായി ശേഖരിച്ച താമരക്കിഴങ്ങുകൾ നട്ടു.
7–ാം ദിവസം വേരുപിടിച്ച കിഴങ്ങുകൾ വളർന്ന് 25–ാം ദിവസം മൊട്ടിട്ടു. ജനുവരിയിൽ ആദ്യം നട്ട കിഴങ്ങുകൾ മൂന്നു മാസം കൊണ്ടാണു ജലാശയത്തിൽ വ്യാപിച്ചത്.കോട്ടയം–കുമരകം പാതയോടു ചേർന്നുള്ള ജലാശയത്തിലാണു താമരക്കൃഷി. മുൻപു പോള നിറഞ്ഞ നിലയിലായിരുന്നു 80 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഈ ജലാശയം. സംയോജിത താമര– മത്സ്യക്കൃഷി എന്ന ലക്ഷ്യത്തോടെയുള്ള പരീക്ഷണമാണിതെന്നു റിസർച് സ്റ്റേഷൻ മേധാവി ഡോ. ഷീബ റബേക്ക പറഞ്ഞു.