കാഞ്ഞിരപ്പള്ളി ∙ മണിമല പഴയിടത്തു ദമ്പതികളായ റിട്ട. പൊതുമരാമത്ത് സൂപ്രണ്ട് തീമ്പനാൽ (ചൂരപ്പാടിയിൽ) എൻ. ഭാസ്കരൻ നായർ (75), ഭാര്യ റിട്ട. കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെ ചുറ്റികയ്ക്കു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്.കേസിൽ തങ്കമ്മയുടെ സഹോദര പുത്രൻ ചൂരപ്പാടിയിൽ അരുൺ ശശി (39) കുറ്റക്കാരനെന്നു കോട്ടയം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജെ.നാസർ കണ്ടെത്തിയിരുന്നു.
സംഭവം നടന്ന് ഒരു പതിറ്റാണ്ടിന് ശേഷമാണു വിധി വരുന്നത്. 2013 ഓഗസ്റ്റ് 28നാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കു പിന്നിൽ ചുറ്റിക കൊണ്ട് അടിച്ചു മുറിവേൽപിച്ച ശേഷം മുഖത്ത് തലയണ അമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.ആഴ്ചകൾക്ക് ശേഷം അരുണിനെ വഴിയാത്രക്കാരിയുടെ മാല മോഷ്ടിച്ചതിനു കോട്ടയത്ത് അറസ്റ്റ് ചെയ്തതോടെയാണു കൊലപാതക കേസും തെളിഞ്ഞത്.